ഞാൻ പഴയ സ്ഥലത്ത് തിരികേ എത്തിയപ്പോൾ ആണ് എന്നെ കാണാതെ
ടെൻഷൻ അടിക്കുന്ന കേശവൻ മാമനെ കാണുന്നത്. എന്നെ കണ്ടപ്പോൾ നെഞ്ചില് കൈ വെച്ച് ഏതോ ദൈവങ്ങളെ വിളിക്കുന്നു.
നേരം ഒരുപാട് വൈകിയത് കൊണ്ട് എന്നെ കൂട്ടി വീട്ടിലേക്ക് തിരിച്ചു.
” നീ എന്ത് ധൈര്യത്തിലാ നന്ദുട്ടാ ആ വീട്ടിലേക്ക് പോയത് ? ”
പ്രതീക്ഷിച്ച ചോദ്യം വന്നു.. ഞാൻ മാമനെ നോക്കി ചിരിച്ചു.
” അതിനു ഞാൻ ചെറിയ കുട്ടി അല്ല കേശവ മാമ.. ഞാൻ പല സ്ഥലങ്ങളിൽ ട്രെക്കിങ്ങിന്
പോയിട്ടുണ്ട്.. എന്ന് വെച്ചാൽ കാട് കയറിയിട്ടുണ്ട്.. സാഹസികമായ പല സ്ഥലങ്ങളിലും പോയുള്ള അനുഭവം ഉണ്ട്.. പിന്നെ ഇത് നമ്മുടെ സ്ഥലം അല്ലേ.. പിന്നെ എന്തിനാ പേടിക്കുന്നത്..”
” എത്ര സാഹസിക യാത്ര നടത്തി എന്ന് പറഞ്ഞാലും ഭൂമിയിലെ നിസ്സാരം എന്ന് തോന്നുന്ന ചില ജീവികൾ , ചില കാഴ്ചകൾ നമ്മുടെ തോൽവിക്ക് കാരണം ആയെന്ന് വരാം.. ഇപ്പോ മഴയുള്ള മാസമാണ്. പാമ്പുകൾ ഇറങ്ങുന്ന സമയവും ആണ്. അത് കൊണ്ട് ഇനി ഇവിടേയ്ക്ക് വന്നാൽ സൂക്ഷിക്കുക.. ആ കുടുംബത്തിലെ ഏക ആൺ തരി നീയാണ്.. ”
” മനസിലായി… മാമ… ഞാൻ സൂക്ഷിച്ചു കൊള്ളാം..”
” നല്ലത്..”
” കേശവൻ മാമ.. ആ വീടിനു ഏകദേശം അമ്പത് വർഷം പഴക്കം ഉണ്ടല്ലേ..”
” അതെ… മോൻ്റെ മുത്തശ്ശൻ നിശബ്ദമായി
ചില ദിവസങ്ങൾ സമയം ചിലവഴിക്കാൻ കണ്ടെത്തിയ ഒരിടം ആണിത്.. ഇപ്പോ ഇതിൻ്റെ അവകാശം നമ്മുടെ മായ മോളുടെ പേരിലാണ്.. ആ വീടും പുൽമേടും ഒക്കെ അതിൽ വരും…”
അതൊരു പുതിയ അറിവായിരുന്നു. ഞങ്ങൾ തിരികെ വീട്ടിൽ എത്തി. എന്നെ കാത്ത് എൻ്റെ മായേച്ചിയും മുത്തശ്ശിയും ഉമ്മറ പടിയിൽ ഉണ്ടായിരുന്നു..
ഞാൻ അവരെ നോക്കി ചിരിച്ചു.. പുഴയിൽ പോയി മീൻ പിടിക്കാൻ പോയത് ഞാൻ പറഞ്ഞിരുന്നു. ഒന്നും കിട്ടാതെ ഇരുന്നത് കേട്ട് മായേച്ചിയുടെ ചുണ്ടിൽ ചിരി ഉണ്ടെങ്കിലും മുഖത്ത് ചെറിയ പരിഭവം ഞാൻ കണ്ടൂ.