“നീ എവിടെയായിരുന്നു?”
“മുറിയിൽ ഉറങ്ങുകയിരുന്നു വല്യഛാ” എന്നെ പറയാൻ വിടാതെ അവൻ കേറി പറഞ്ഞു.. ചെക്കൻ എന്തോ വല്യ കാര്യം പോലെ എന്നെ നോക്കി. ഈ കുരിപ്പ് എന്റെ അന്തകനാണ്.. ഷീബേച്ചിയെ വിചാരിച്ചു ഞാൻ അടങ്ങി നില്ക്കുന്നതാ.
“എടാ നീ പോയി ഇല മുറിച്ചു വാ”
ഞാൻ പോകുമ്പോ ചെക്കനെ നോക്കി ഒന്ന് കൊഞ്ഞനം കുത്തി..
“മോൻ വാ ഓനെ നോക്കേണ്ട..” അച്ഛൻ അവനെയും കൂട്ടി പോയി..
കത്തി എടുക്കാൻ അടുക്കളയില് പോയപ്പോഴാ എത്ര ഇല സുമാറ് വേണമെന്ന് ചോദിച്ചില്ലന്ന് ഓർത്തത്.. അച്ഛനോട് ചോദിക്കാൻ പോയാല് ആട്ട് കിട്ടും..
“അമ്മേ ആ കത്തി താ ഇല മുറിക്കണം.. എത്ര ഇല വേണ്ടി വരും?”
“നീ ഒരു 20-22 ഇല മുറിച്ചോ.. ഇത്ര ആൾക്കാരുണ്ടോ?”
“പിന്നെ..”
ഞാൻ പറമ്പില് പോയി ഒരു 25 ഇല മുറിച്ചു കൊണ്ടുവന്നു, അപ്പോഴേക്കും അത് കഴുകി തുടച്ചു വെക്കാൻ, അങ്ങിനെ ഓരോ പണി കിട്ടിക്കൊണ്ടിരുന്നു..
ഒരുവിധം അതെല്ലാം ഒതുക്കി ഇന്നലെ വാങ്ങിയ ബലൂൺ വീർപ്പിക്കാൻ തുടങ്ങി.. വിചാരിച്ച പോലെ എളുപ്പമല്ല.. എന്നാലും കുറച്ചധികം വീർപ്പിച്ചു.. സ്റ്റയർ കേസിന്റെ അവിടെ നിറച്ചു വച്ചു..
ഒന്നെടുത്ത് ഷീബേച്ചിയുടെ ചെക്കന് കൊടുത്തു അവൻ അതും കൊണ്ട് പുറത്തു നിന്നു കളിച്ചു.. ടീ പൊയ് നീക്കി, അമ്മയുടെ അടുത്ത് നിന്നു വിരിപ്പ് വാങ്ങി വിരിച്ചു.. എല്ലാം സെറ്റ് ആക്കി..
അല്പസമയം കൊണ്ട് ചാരുവേട്ടനും, ഭാര്യയും, കുട്ടിയും, ഷർമ്മിയേച്ചിയും ഭർത്താവും, രമ ടീച്ചറും വന്നു.. അവർക്ക് തണുത്തത് ഒക്കെ കുടിക്കാന് കൊടുത്തു ഇരുത്തി.
അപ്പോഴേക്കും ചെറിയമ്മയും ചേട്ടനും ഭാര്യയും മോളും വന്നു.. അവർ വരുന്നത് കണ്ടപ്പോൾ തന്നെ ഞാൻ മുറിയുടെ വാതിൽ ചാരി.. പെണ്ണുങ്ങളെ എല്ലാവരയും വിളിച്ചു നിർത്തി. ബലൂണൊക്കെ നിരത്തി ലൈറ്റും ഓഫാക്കി.
ആണുങ്ങൾ പുറത്തു നിന്നു സംസാരിക്കുമ്പോ ചെറിയമ്മ വാതിൽ തുറന്നു അകത്തു കേറി.. അപ്പോ തന്നെ ഞാൻ ലൈറ്റും ഇട്ട് എല്ലാവരും കൂടെ ഹാപ്പി ബർത്ഡേ പറഞ്ഞു ..
സത്യം.. ചെറിയമ്മ ആകെ അന്ധാളിച്ചു നിന്നു പോയി.. പിന്നെ അമ്മയെ കെട്ടി പിടിച്ചു ..