“ഇവൻ പറഞ്ഞത് പ്രകാരം ദിവ്യ ചേച്ചിയെ നേരത്തെ അറിയും. അങ്ങനെ എന്തെങ്കിലും ഓർമ്മ കിട്ടുന്നുണ്ടോ ചേച്ചിക്ക്?” കമാൽ ചോദിച്ചു.
“ഇല്ല” എന്ന് രുദ്ര മറുപടിയും കൊടുത്തു.
“എന്നാൽ ആ സാധ്യത തള്ളിക്കള യരുത്.ചേച്ചിക്കറിയില്ല എങ്കിൽ അവൾക്ക് ചേച്ചിയെ അറിയാം, നേരിട്ടോ അല്ലാതെയോ.അതിന്റെ വേര് കണ്ടെത്തണമെങ്കിൽ ജയിലിൽ അവളുടെ സഹായി ആരെന്നറിയണം.അതിലൂടെ നമുക്ക് ദിവ്യയെന്ന പ്രശ്നത്തിന് പരിഹാരം കാണാം.” കമാൽ പറഞ്ഞു.
അത് എല്ലാവർക്കും സ്വീകാര്യവുമായിരുന്നു.അക്കാര്യം കമാൽ ഏറ്റെടുത്തു.ഉടൻ തന്നെ കമാൽ ശിങ്കിടിയെ വിളിച്ചു പഴയ ഒരു കുത്ത് കേസിൽ പിടി കൊടുക്കാൻ ഏൽപ്പിക്കുകയും ചെയ്തു.
കമാലിന്റെ ആ നീക്കം രുദ്രയിൽ മതിപ്പുള്ളവാക്കി.പിടി കൊടുക്കുന്നവന് റിമാൻഡ് ഉറപ്പ്. പിന്നെ കാര്യങ്ങൾ എളുപ്പമാകും എന്നവൾ കണക്ക് കൂട്ടി.
“തന്റെയീ ശിങ്കിടി ആളെങ്ങനെ?” രുദ്ര ചോദിച്ചു.
“വിശ്വസ്ഥനാണ്.ജയിലിന്റെ മുക്കും മൂലയും അവനറിയാം. അകത്തുള്ളവർക്ക് പുറത്ത് എന്ത് കാര്യത്തിനും തൊരപ്പൻ വേണമെന്നത് നിർബന്ധമാണ്. ഞങ്ങൾ ജ്യൂവനയിൽ ഹോം തൊട്ടുള്ള ബന്ധവാ.ഇതവൻ വെടിപ്പായി ചെയ്യും.അവനൊന്ന് അകത്തെത്തിക്കോട്ടേ,മിനിറ്റ് വച്ച് കാര്യം നടന്നുകിട്ടും.”കമാൽ പറഞ്ഞു.
മുന്നോട്ടുള്ള കാര്യങ്ങളിൽ ഒരു ധാരണ വരുത്തിയശേഷം കമാൽ പുറത്തേക്കിറങ്ങി.
“സൂക്ഷിക്കണം”എന്ന് കമാൽ മുന്നറിയിപ്പ് നൽകുകയും ചെയ്തു.കമാലിനാണ് അവരെ ശ്രദ്ധിക്കാനുള്ള ചുമതല ഇരുമ്പ് നൽകിയത്.അപ്പപ്പോൾ തന്നെ കമാൽ സുരയെ കാര്യങ്ങൾ അറിയിക്കുന്നുണ്ട്.എന്തിനും ഇരുമ്പിന്റെ മേൽനോട്ടവുമുണ്ട്.
ഇരുമ്പ് ബെഞ്ചമിൻ എന്ന മീനിന് പിന്നാലെയാണ്.അയാളെ കളിക്കാൻ വിട്ടാൽ തുലഞ്ഞു പോകും എന്ന് നന്നായിട്ടറിയുന്ന സുര ബെഞ്ചമിനെ വിടാതെ പിന്തുടർന്നു.പക്ഷെ ഇരുമ്പിന്റെ വഴിതടയാൻ പിന്നാലെ അയാളും ഉണ്ടായിരുന്നു.’വിക്രമൻ’.അത് വിക്രമൻ വൃത്തിക്ക് ചെയ്യുകയും ചെയ്തു.
ബൈപാസിൽ നിന്ന് ഇടറോട്ടിലേക്ക് തിരിഞ്ഞതാണ് സുര.കുറച്ചുനേരമായി ഏതോ ഒരുവൻ തനിക്ക് പിന്നാലെയുണ്ട്. സൈഡ് കൊടുത്തിട്ടും കയറി പോകാത്തയാ സ്കോർപിയോ ആദ്യം ഗൗനിച്ചില്ലെങ്കിലും അത് വിടാതെ പിന്തുടരുന്നത് ശ്രദ്ധിച്ച ഇരുമ്പിന് അപകടം മണത്തു. “പേടിച്ചോടുന്നതിനെക്കാൾ നല്ലത് അതിന് വരുന്നവനെ പഞ്ഞിക്കിട്ട് വിടുക”എന്ന പോളിസിയുമായി ജീവിച്ചുപോകുന്ന സുരയുടെ ലിസ്റ്റിൽ പല പ്രമുഖരുമുണ്ട്.ആ പട്ടികയിലേക്ക് ഇടം പിടിക്കുമോ അതൊ സുരയെ തന്റെ വഴിക്ക് കിട്ടുമോ എന്നറിയാതെയാണ് വിക്രമൻ സുരയുടെ പിന്നാലെ ഈ കിടന്ന് പറയുന്നത്.
എന്തായാലും ഇടറോഡിലൂടെ നല്ലൊരു ദൂരം മുന്നോട്ട് പോയ സുര മുന്നിൽ കണ്ട ടി ജങ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞു. അയാൾ പോകുന്നത് കാണുന്ന ദൂരത്തിൽ പിന്നാലെ വിക്രമനും. കുറച്ചു സമയത്തിന് ശേഷം ഒട്ടും തന്നെ ആൾപ്പാർപ്പില്ലാതെ ഒറ്റപ്പെട്ട പ്രാദേശത്തുകൂടെയായി ഇരുമ്പിന്റെ യാത്ര.അതൊരു റിസർവ്ഡ് ഏരിയയായിരുന്നു. കുറച്ചു കാലത്തിന് മുൻപ് മാത്രം പ്രഖ്യാപിക്കപ്പെട്ടത്.പുഴയോട് ചേർന്നുള്ള കണ്ടൽക്കാടുകളും, ചതുപ്പ് നിലങ്ങളും ഏറെയുള്ള പ്രദേശം ഒറ്റപ്പെട്ട ഇടമായതിനാൽ സാമൂഹിക ദ്രോഹികളുടെ വിഹാര കേന്ദ്രമായിരുന്നു അവിടം കുറച്ചുകാലം മുന്നേയാണ് സർക്കാർ മുൻകൈ എടുത്ത് അവിടം വെടിപ്പാക്കിയെടുത്തതും ടുറിസം ഡെവലപ്പ്മെന്റിന്റെ പേരു പറഞ്ഞ് അതൊരു റിസർവ്ഡ് പ്രാദേശമായി പ്രഖ്യാപിച്ചതും. അവിടെയൊരു കൃത്യമ വനം നിർമിച്ച് വന്യജീവിസംരക്ഷണകേന്ദ്രം തുടങ്ങുകയാണ് ലക്ഷ്യം.ഒപ്പം കണ്ടൽ കാടുകളെ മുൻനിർത്തി അക്വാ ടുറിസവും വിഭാവനം ചെയ്യുന്നുണ്ട്.അങ്ങനെയൊരു പദ്ധതിക്ക് പ്രകൃതിപരമായും സാമൂഹികപരമായും ഇണങ്ങുന്ന മറ്റൊരു പ്രദേശം കണ്ടെത്തുന്നത് തന്നെ ചിന്തകൾക്കപ്പുറമാണ്.