ദിവ്യയെങ്ങനെ……..?അവൾക്ക് ബെഞ്ചമിനെ എങ്ങനെയറിയാം. മുതലായ ഒരുപാട് ചോദ്യങ്ങൾ അവർക്കിടയിൽ ഉയർന്നു.വീണ ആകെ അസ്വസ്ഥയാണ്.മാസം ഏഴായി,അതിനിടയിൽ തീരാതെ ഓരോ പ്രശ്നങ്ങളും.ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരാളിൽ നിന്ന് ഇങ്ങനെയൊരു ചതിയവൾ പ്രതീക്ഷിച്ചിരുന്നില്ല.പ്രത്യേകിച്ച് ദിവ്യയിൽ നിന്ന്.അത്രക്ക് ഇഷ്ട്ടം ആയിരുന്നു,വിശ്വാസമായിരുന്നു വീണക്ക് അവളെ.
ദിവ്യയുടെ പിന്നിലെ ദുരൂഹതകൾ എങ്ങനെ കണ്ടെത്തുമെന്ന് അവർ തല പുകഞ്ഞാലോചിച്ചു. ദിവ്യയെ പുറത്തിറക്കുന്നതിനും മറ്റുമായി ഭ്രാന്ത് പിടിച്ചു നടക്കുന്ന വിനോദിനോട് കാര്യങ്ങളെങ്ങനെ അവതരിപ്പിക്കും എന്നുള്ളത് വേറേ.
മുന്നിലെ സമസ്യകളുടെ ഉത്തരം രുദ്രയുടെ നാവിലുണ്ടെന്നവർക്ക് തോന്നി.കാരണം രുദ്രയുമായി ഭൂതകാലത്തിൽ എന്തോ ബന്ധം ഉണ്ടെന്നവർക്ക് ഉറപ്പായിരുന്നു. അതിലുണ്ട് ദിവ്യയിലെ ഈ മാറ്റത്തിന് കാരണം എന്നവർക്ക് മനസ്സിലായി.രുദ്രയിൽ നിന്ന് ഒരു തുമ്പെങ്കിലും കിട്ടിയാൽ ഇരുമ്പ് അതിൽ പിടിച്ചു കയറിക്കോളും എന്ന വിശ്വാസം ശംഭുവിനുണ്ട്.
മയക്കം വിട്ടെണീറ്റ രുദ്രയെ എണീറ്റിരിക്കാൻ ശംഭു സഹായിച്ചു.അവളുടെ ഒരത്തായി വീണയും ഇരുന്നു. സ്വല്പം ഒന്ന് ആയാസപ്പെടേണ്ടി വന്നു രുദ്രക്ക് ഒന്ന് എണീറ്റിരിക്കാൻ.ശരീരം തളർന്നിരുന്നു.ശിരസ്സിൽ നല്ല വേദനയുമുണ്ട്.എങ്കിലും ഒരു സന്തോഷം അവളുടെ മുഖത്തുണ്ട്.കൂടെപ്പിറന്നത് ഒപ്പമുള്ളപ്പോൾ സുരക്ഷിതയാണ് എന്നുള്ള ആശ്വാസമവൾക്കുണ്ട്.
“നിന്റെ ഓട്ടം നിർത്തിക്കോ പെണ്ണെ.മാസം ഇപ്പൊ ഏഴായി.”രുദ്ര വീണയെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു
“ഒന്ന് സ്വസ്ഥമാകാൻ മറ്റുള്ളവര് സമ്മതിക്കണ്ടേ ചേച്ചി.”അവൾ പറഞ്ഞു.
“നമ്മൾ കരുതിയതുപോലെയല്ല, ആരാണ് ശത്രുവെന്ന് പോലും തിരിച്ചറിയാൻ കഴിയുന്നില്ല.ഒന്ന് തീരുമ്പോൾ പുതിയ ഓരോ പ്രശ്നങ്ങൾ വന്നുകേറിവാ.അത് ഇപ്പൊ ദിവ്യയുടെ രൂപത്തിലാണ് എന്ന് മാത്രം.”ശംഭു അവന്റെ ഭാഗം പറഞ്ഞു.
“ദിവ്യ……അവളെ ഞാൻ അവിടെ പ്രതീക്ഷിച്ചതല്ല.അവളെങ്ങനെ അവിടെ……?അവളുമായി നമുക്ക് പ്രശ്നം ഒന്നുമില്ലല്ലോ.നിന്റെ നാത്തൂൻ അല്ലെ,ഒരു മനസോടെ കഴിഞ്ഞവരല്ലേ നിങ്ങൾ?”രുദ്രക്ക് ഒരു പിടിയുമുണ്ടായിരുന്നില്ല. മുന്നോട്ട് എങ്ങനെ എന്നതിൽ അവളുടെ മനസ്സ് ശൂന്യമായിരുന്നു വീണയുടെ കയ്യിൽ അതിനുള്ള മറുപടിയുമില്ലായിരുന്നു.
“ചേച്ചി……”ശംഭു വിളിച്ചു.
“പറയെടാ ചെക്കാ.”അവൾ അനുവാദം കൊടുത്തു.
“ഒരു സംശയം,ദിവ്യ ചേച്ചിയെ അക്രമിച്ചശേഷം ചിലരുടെ കയ്യിൽ ഏൽപ്പിച്ചു എന്നതല്ലേ സത്യം.”
“അതെ.” അവൾ പറഞ്ഞു.
അവൻ സംസാരിച്ചുതുടങ്ങിയ നേരത്താണ് കമാൽ അങ്ങോട്ട് വരുന്നത്.കയ്യിൽ ചായയും പലഹാരങ്ങളുമുണ്ട്.വീണ അവരുടെ സംസാരം പുരോഗമിക്കേ എല്ലാവർക്കും ചായ വിളമ്പി.പകുതി മുതലാണ് എങ്കിലും അവരുടെ സംസാരം കേട്ട കമാലിനും തോന്നി ചില സംശയങ്ങൾ. അതയാൾ അവിടെവച്ച് പറയുകയും ചെയ്തു.