“അച്ഛാ, എനിക്ക് ഒരു ആഗ്രഹമുണ്ട്. വഴക്ക് പറയോ” മകളുടെ ചോദ്യം കേട്ട് ഹരിപ്രസാദ് അവളെ നോക്കി. “എന്താ. നീ പറ” “ഞാൻ
കിച്ചേട്ടന്റെ കൂടെ ഒരു ചെറിയ റൈഡ് പോട്ടേ, വേഗം വരാം” ലച്ചുവിന്റെ ചോദ്യം സത്യത്തിൽ ഞെട്ടിച്ചത് കിച്ചുവിനെയാണ്. അവൻ ലച്ചുവിന്റെ മുഖത്തേക്ക് നോക്കി. അവൾ കൂൾ ആയി തന്നെ നിൽക്കുകയാണ്. അച്ഛൻ എന്ത് പറയും എന്ന ചിന്തയിലായിരുന്നു അവൾ.
“ഉം. പോയിട്ട് വാ” കുറച്ച് നേരം എന്തോ ആലോചിച്ചിട്ട് അയാൾ അനുവാദം കൊടുത്തു. “അല്ല, സമയം പത്താകാറായില്ലേ” “അത് സാരമില്ല. നിങ്ങള് പൊക്കോ” മായ പറഞ്ഞപ്പോൾ ഹരിപ്രസാദ് അങ്ങനെയാണ് പറഞ്ഞത്. എല്ലാം കേട്ട് അമ്പരന്ന നവി അമ്മയെ നോക്കി. അനിതയും ചിരിച്ചുകൊണ്ട് അവന് പെർമിഷൻ കൊടുത്തു. അത് കൂടി കണ്ടതോടെ അവൻ പുറത്തേക്ക് ഇറങ്ങി, പിന്നാലെ ലച്ചുവും.
നവി ബൈക്ക് സ്റ്റാർട്ട് ചെയ്ത് ശ്രീലക്ഷ്മിയെ നോക്കി “കിച്ചൂ, ശ്രദ്ധിക്കണേ” “ഓഹ്, എന്താ അമ്മാ. ഞങ്ങള് വേഗം വരാം” മായയോട് ചിരിച്ചുകൊണ്ട് അതും പറഞ്ഞ് ലച്ചു ബൈക്കിന് പിറകിൽ കയറി. അവൾ കേറിയതും നവി എല്ലാരേയും ഒന്ന് നോക്കിയിട്ട് ബൈക്ക് റോഡിലേക്ക് ഇറക്കി.
= = =
രാത്രി വൈകിയത് കൊണ്ട് ചെറുതല്ലാത്ത തണുപ്പ് ഉണ്ടായിരുന്നു. നവി പതുക്കെ വണ്ടി ഓടിച്ചു. “എങ്ങോട്ട് പോവാനാ പ്ളാൻ” “എങ്ങോട്ടുമില്ല. വെറുതെ ഇങ്ങനെ പോവാം” ലച്ചു പറഞ്ഞത് മുഴുവൻ നവി കേട്ടില്ല , ചിലത് കാറ്റ് കൊണ്ടുപോയിരുന്നു. കുറച്ച് ദൂരം പോയപ്പോൾ റോഡ് സൈഡിൽ ഒരു തട്ടുകട കണ്ടു. ലച്ചുവിന് ദോശ ഇഷ്ടമുള്ള കാര്യം അവൻ ഓർത്തു.
“ഡോ, ഒരു ചായ ആയാലോ” “ആവാലോ” അവൾ ചിരിച്ചു. നവി ബൈക്ക് കടയുടെ അടുത്തായി നിർത്തി. ഒരുപാട് തിരക്കൊന്നുമില്ല. മൂന്ന് നാല് പേർ ഫുഡ് കഴിക്കുന്നുണ്ട്. പുറത്ത് ദോശക്കല്ലിൽ മാവ് ഒഴിക്കുന്നു. നല്ല ഇളം ദോശയുടെ മണമാണ് അവിടെയാകെ. ലച്ചുവിന്റെ കണ്ണുകൾ വിടർന്നു. അവൾ നവിയെ നോക്കി.
“ചേട്ടാ രണ്ട് സെറ്റ് ദോശ” നവി കടക്കാരനോടായി പറഞ്ഞു. “ഇപ്പൊ തരാം. ഇരിക്ക്” അവർ വണ്ടിയിൽ നിന്നിറങ്ങി അകത്തെ ബെഞ്ചിൽ ചെന്ന് ഇരുന്നു. “കറി എന്താ വേണ്ടേ?” ദോശ പ്ളേറ്റിലേക്ക് വെച്ചുകൊണ്ട് അയാൾ ചോദിച്ചു. നവി ലച്ചുവിനെ ചോദ്യരൂപത്തിൽ നോക്കി. “ബീഫ് മതി” “ബീഫ് മതി ചേട്ടാ.”