ഒന്ന് ആലോചിച്ച ശേഷം..
“എനിക്കിനിയും ജോലി ചെയ്യണം..” ആനി പതിയെ പറഞ്ഞു.
“എന്താ ആനി? നീ എന്തെങ്കിലും പറഞ്ഞോ?”
ആനി അവന്റെ നേരെ തിരിഞ്ഞുകൊണ്ട്, “റോഷേട്ടാ, നമ്മുടെ ദൈനംദിന ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഒരാളുടെ ജോലി കൊണ്ടു മാത്രം കഴിയില്ല.. ടിന്റുമോനും ഇനി വളർന്നു വരുവാ. അതുകൊണ്ട് ഞാൻ തീരുമാനിച്ചു, എനിക്കിനിയും ജോലിക്ക് പോണം..”
റോഷൻ അവളെ തെല്ലൊരാശ്ചര്യത്തോടെ നോക്കി ഇരുന്നു.
“ഞാൻ വേറെ ഒരു നല്ല കമ്പനിയിൽ ജോലി കണ്ടെത്തും, കൂടുതൽ കഠിനാധ്വാനവും ചെയ്യും.” ആനി ദൃഢനിശ്ചയത്തോടെ അവളുടെ കണ്ണിൽ നിന്നും കിനിഞ്ഞിറങ്ങിയ ഒരു തുള്ളിയെ മറച്ചുകൊണ്ട് തന്റെ ഭർത്താവിനെ നോക്കി ഒരു ചെറു പുഞ്ചിരി തൂകിയിട്ട് പറഞ്ഞു.
അതു കേട്ടതും റോഷനും സന്തോഷമായി. അവളുടെ എല്ലാ കാര്യങ്ങളിലും റോഷൻ അവളുടെ choice മാത്രമേ ആദ്യം പരിഗണിക്കാറുള്ളു. ഈ തീരുമാനം അവൾ നല്ല പോലെ ആലോചിച്ച് എടുത്തതാണെന്നവന് മനസ്സിലായി. അവനും തന്റെ പ്രിയ പത്നിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട്,
“എന്റെ ഗൗരവക്കാരി ആനിക്കുട്ടി..” റോഷൻ പുഞ്ചിരിച്ചുകൊണ്ട് അവളുടെ സാരിയിൽ പിടിച്ചൊന്ന് വലിച്ചുകൊണ്ട് അവളെ തന്റെ ദേഹത്തേക്ക് വലിച്ചിട്ടു.. അവളും ചിരിച്ചുകൊണ്ട് അവനോടൊപ്പം സോഫയിൽ ഇരുന്നു.
ആനി അവളുടെ സാരി പിടിച്ചു നേരെ ഇടുന്നതിനു മുമ്പ്, റോഷൻ അവളുടെ നെറ്റിയിൽ ഒരു മുത്തം നൽകി അവളെ തന്നോട് ചേർത്ത് കെട്ടിപ്പിടിച്ചു. ആനി അവനെയും തിരികെ ചുംബിച്ചു അവന്റെ കൈകളിൽ അലിഞ്ഞുചേർന്നു..
അതുവരെയുള്ള വിഷമം മുഴുവൻ അതോടെ അലിഞ്ഞു തീരുന്നതായി അവൾക്കനുഭവപ്പെട്ടു.. ആനി ഒന്നു കൂടി അവന്റെ കവിളിൽ ചുംബിച്ചുകൊണ്ട്,
“നമുക്ക് ഉറങ്ങണ്ടേ?”
“മ്മ്.. എനിക്കൽപ്പം കൂടി പണിയുണ്ട്. നാളത്തേക്കുള്ള റിപ്പോർട്ട് കൊടുക്കണം. നീ ചെന്ന് കിടന്നോ. ഞാനിത് വേഗം തീർത്തിട്ട് വരാം.” റോഷൻ അവളുടെ സാരിയുടെ ഞൊറി നേരെയിട്ടു കൊടുത്തുകൊണ്ട് പറഞ്ഞു.
ആനിയ്ക്ക് അൽപനേരം കൂടി അവന്റെ കൂടെ ഇരുന്ന് ആ കരലാളനകൾ ഏറ്റുവാങ്ങണമെന്നുണ്ടായിരുന്നു. എങ്കിലും അതുള്ളിലൊതുക്കിക്കൊണ്ട് അവൾ പിന്നെ എഴുന്നേറ്റ് എല്ലാം വൃത്തിയാക്കിയാ ശേഷം തങ്ങളുടെ കിടപ്പുമുറിയിലേക്ക് പോയി.