റോഷൻ തന്റെ ബെഡ്‌റൂമിൽ കുളിച്ച് ഫ്രെഷായി എക്സിക്യൂട്ടീവ് സ്റ്റൈലിൽ തന്റെ ഷർട്ടും പാന്റ്സും എടുത്തണിഞ്ഞ് ഒരുങ്ങി നിൽക്കുകയായിരിന്നു. അവരുടെ പോന്നോമനയായ ടിന്റുമോനും കുളിച്ച് റെഡിയായി സ്കൂൾ യൂണിഫോമുമിട്ട് ടൈ ഒക്കെ കെട്ടി ഒരുങ്ങി നിൽപ്പുണ്ട്. രണ്ടു പേരും കൂടി അടുക്കളയിൽ എല്ലാം റെഡി ആക്കി വെച്ചു കൊണ്ട് അവരെ കാത്തിരിക്കുന്ന ആനിയുടെ അടുത്തേക്ക് ചെന്നു.
ടിന്റു: “അമ്മാ, ചോറെടുത്തു വെച്ചോ? എന്റെ ബസ് വരാറായി.”
ആനി: “ആ ടിന്റുമോനെ, അമ്മ എല്ലാം റെഡി ആക്കി വെച്ചിട്ടുണ്ട്. മോന്റെ ബാഗിങ്ങെടുക്ക്, അമ്മ ടിഫിൻ ബോക്സ് വെച്ചു തരാം.”
അങ്ങനെ ഭർത്താവിന്റെയും മോന്റെയും കാര്യങ്ങൾ റെഡിയാക്കി അവരെ പറഞ്ഞു വിട്ട ശേഷം ആനി തന്റെ കാര്യങ്ങളിലേക്ക് തിരിഞ്ഞു. അവൾക്ക് 10:30നു എത്തിയാൽ മതി ഓഫീസിൽ. അതാണ് റോഷനൊപ്പം നേരത്തെ റെഡി ആയി പോകാത്തത്. അതുമല്ല, അവൾക്ക് അവരുടെ രണ്ടു പേരുടെയും കാര്യത്തിലാണ് എന്നും ആദ്യം പ്രാധാന്യം.
അങ്ങനെ നമ്മുടെ കഥാനായിക മുറിയിൽ കയറി വേഗം കുളിച്ച് റെഡിയായി. പതിവായി ധരിക്കുന്ന രീതിയിൽ തന്റെ സാരിയും ബ്ലൗസും എടുത്തണിഞ്ഞു. ഇന്നവൾ ഒരു പച്ച ബ്ലൗസും അതിനൊത്ത ഇളംപച്ച ഷിഫോൺ സാരിയുമാണ് തിരഞ്ഞെടുത്തത്. അതവളുടെ സൗന്ദര്യം ഒന്നുകൂടി കൂട്ടിയെന്നു വേണമെങ്കിൽ പറയാം.
അങ്ങനെയവൾ വീടും പൂട്ടിയെടുത്ത് ഒരു ടാക്സി വിളിച്ച് തന്റെ ഓഫീസിലേക്ക് തിരിച്ചു..
വൈകിട്ട് 3 മണി..
“ഹ്.. ഹലോ?.. റോഷേട്ടാ..” ആനിയായിരുന്നു ഫോണിൽ. റോഷൻ ആ സമയം തന്റെ ബാങ്കിലായിരുന്നു.
“ഏയ് ഹലോ ആനി? എന്ത് പറ്റി.. ഏഹ്, നീ കരയുകയാണോ?” റോഷൻ ആശങ്കയോടെ തന്റെ പ്രിയപത്നിയോടു ചോദിച്ചു.
“അത്.. റോഷേട്ടാ.. എന്നെ പിരിച്ചുവിട്ടു.. ഓഫീസിൽ നിന്ന്.. അവർ ഇപ്പോൾ വിവരം അറിയിച്ചതേയുള്ളൂ എന്നോട്.. ഒരു നോട്ടീസ് പിരീഡ് പോലും ഇല്ലാതെ..”
റോഷൻ ചോദിച്ചു, “കാരണം എന്താണെന്ന് പറഞ്ഞോ അവർ?”
“അവരുടെ പുതിയ പ്രൊജക്റ്റിന് ചില ബഡ്ജറ്റ് കട്ട്‌സ് ഉണ്ടെന്നോ മറ്റോ പറഞ്ഞു..” ആനി തുടർന്നു, “അവർ പറഞ്ഞതിൽ പകുതിയും എനിക്ക് മനസ്സിലായില്ല ഏട്ടാ.. ആ ഓഫീസിൽ രാത്രി ഇരുന്നു പോലും കഠിനാധ്വാനം ചെയ്ത ആളാണ് ഞാൻ.. എന്നിട്ടിപ്പോ ആ എന്നെയാ അവർ ആദ്യമേ പുറത്താക്കിയത്..” ആനി കരച്ചിലിന്റെ ഇടയിലൂടെ പറഞ്ഞൊപ്പിച്ചു.