അപ്പോഴേക്കും എണ്ണ പുരട്ടിയ കൈകളിൽ എണ്ണ കുപ്പിയുമായി അഭിയുടെ അമ്മ പുറത്തേക്ക് വന്നു…
അമ്മയുടെ കൈയിൽ നിന്നും കുപ്പി വാങ്ങി അതിൽ നിന്നും എണ്ണ കൈകളിലേക്ക് ഒഴിച്ച് രണ്ടു കൈയിലും ശ്യാമ നന്നായി പുരട്ടി…അതിനു ശേഷം ശ്യാമ അത് അഭിയുടെ നേരെ നീട്ടി…അഭി എനിക്കെന്തിനാ എന്ന മട്ടിൽ നോക്കി നിൽക്കുന്നത് കണ്ട് “പുരട്ട് ചെറുക്കാ” എന്ന് ശ്യാമ പറഞ്ഞു…
അത് കേട്ട അഭി “എനിക്ക് എന്തിനാ…ഞാൻ പോവാ നിങ്ങള് ഇരുന്ന് ചെയ്തോ” എന്നും പറഞ്ഞ് അകത്തേക്ക് കയറിയതും”നിക്കടാ അവിടെ” എന്ന് അമ്മ ആക്രോശിച്ചതും ഒന്നിച്ചായിരുന്നു…
“അവൻ ഉച്ച ആയപ്പോ എഴുന്നേറ്റു വന്നിട്ട് വീണ്ടും ഓടുന്നു മുകളിലോട്ട്…എന്തേലും മേലനങ്ങി ചെയ്യാൻ പറഞ്ഞാൽ അത് മാത്രം വയ്യ…എൻജിനീയറിങ് കഴിഞ്ഞതിൻ്റെ ക്ഷീണം ആണെന്ന്…മതി നീ ക്ഷീണം മാറ്റിയത്…ഇതൊന്നു ചെയ്യാൻ സഹായിച്ചെ അവിടിരുന്ന്…നീ കൂടെ ഇരുന്നാൽ പെട്ടെന്ന് തീർക്കാം…” ഇത്രയും അമ്മ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തത് കേട്ടതും അഭി കയറിയ പോലെ തന്നെ തിരിച്ചിറങ്ങി ശ്യാമയുടെ കൈയിൽ നിന്നും എണ്ണക്കുപ്പി വാങ്ങി അതിൽ നിന്നും എണ്ണ ഒഴിച്ച് കൈകളിൽ പുരട്ടി അവിടെ ഇരുന്ന് ചക്ക പടലകളായി തിരിക്കാൻ തുടങ്ങി…
ഇത് കണ്ട ശ്യാമ ചിരി അടക്കിപ്പിടിച്ചുകൊണ്ട് അവൻ്റെ ഒപ്പം ഇരുന്ന് അവനെ സഹായിച്ചു…ഇടക്ക് ഒളികണ്ണിട്ടുകൊണ്ട് “സമാധാനമായോ കേട്ടപ്പോ” എന്നും അവനോട് ചോദിച്ചു…അതിനു മുഖം കനപ്പിച്ച് “പോ” എന്നൊരു ആംഗ്യം മാത്രം ആയിരുന്നു അവൻ്റെ മറുപടി…
പെട്ടെന്ന് തന്നെ ചക്ക മുഴുവൻ ഓരോ പടലകളായി തിരിച്ച ശേഷം ഓരോരുത്തരും ഓരോന്ന് എടുത്ത് ചുള അടർത്താൻ തുടങ്ങി…അഭിയുടെ അമ്മ രണ്ടു പടലകളുമായി അടുക്കള വാതിലിനു സൈഡിലായി ഇട്ടിരിക്കുന്ന അരിപ്പെട്ടിയുടെ മുകളിലായി സ്ഥാനം പിടിച്ചു…ശ്യാമ ആകട്ടെ അടുക്കള പടിയിലും, അഭി ശ്യാമക്ക് എതിർവശം ആയി ഒരു പലക എടുത്തിട്ടുകൊണ്ട് അതിലും ആണ് ഇരിക്കുന്നത്…
ശ്യാമ അഭിയെ ഇടക്കിടക്ക് ശ്രദ്ധിക്കുന്നുണ്ടെങ്കിലും അഭി മുഴുവൻ ശ്രദ്ധയും ചെയ്യുന്ന പ്രവർത്തിയിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്…ഒരു നോട്ടം കൊണ്ടുപോലും ഇനി അവൻ്റെ ശ്യാമേച്ചിയെ വേദനിപ്പിക്കരുത് എന്ന് അവൻ മനസ്സിൽ ഉറപ്പിച്ചിട്ടുണ്ട്…എന്നാൽ ഒന്നു ശ്രദ്ധിക്കടാ എന്നെ എന്നും മനസ്സിൽ പറഞ്ഞുകൊണ്ടാണ് അവൻ്റെ ശ്യാമേച്ചി ഇരിക്കുന്നതെന്നുണ്ടോ അവൻ അറിയുന്നൂ…