അഭിയേക്കൊണ്ട് തന്നെ എങ്ങനേയും മുൻകൈ എടുപ്പിക്കാൻ ശ്രമിക്കണം എന്ന് ആലോചിച്ച് ഉറങ്ങാനായി കിടക്കുമ്പോൾ അവൾ എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ചിരുന്നു…
പിറ്റേ ദിവസം ഏകദേശം 11 മണിയോടെ ആണ് അഭി എഴുന്നേൽക്കുന്നത്…അവൻ മറ്റു കാര്യങ്ങൾ എല്ലാം കഴിഞ്ഞ് താഴേക്ക് കഴിക്കാൻ ചെന്നു…
അഭിയുടെ വരവു കണ്ട അമ്മ അവനോട് “കഴിക്കാൻ ഉള്ളത് മേശപ്പുറത്ത് എടുത്ത് വെച്ചിട്ടുണ്ട് എടുത്ത് കഴിച്ചോ” എന്നും പറഞ്ഞുകൊണ്ട് അടുക്കള ഭാഗത്തേക്ക് പോയി…
അഭി കഴിച്ച് കഴിഞ്ഞ് പാത്രവും എടുത്ത് കഴുകാനായി അടുക്കളയിലേക്ക് ചെന്നു…പാത്രം കഴുകി അവിടെ വെച്ച ശേഷം വെള്ളം എടുത്ത് വായ കുളുക്കുഴിഞ്ഞുകൊണ്ട് തുപ്പാനായി അടുക്കള വാതിലിലൂടെ വെളിയിൽ ഇറങ്ങിയപ്പോഴാണ് അവൻ ആ കാഴ്ച കാണുന്നത്…
പറമ്പിലെ പ്ലാവിൽ നിന്നും ചക്ക ഇടാൻ ഉള്ള പരിശ്രമത്തിൽ ആണ് അമ്മ…കൂടെ ശ്യാമേച്ചിയും…
വെള്ളം കുളുക്കുഴിഞ്ഞ് തുപ്പുന്ന ശബ്ദം കേട്ട് അവർ തിരിഞ്ഞു…അഭി പെട്ടെന്ന് അകത്തേക്ക് ഓടാൻ തുടങ്ങിയെങ്കിലും “ടാ ടാ ഇങ്ങ് വന്നേ” എന്നും പറഞ്ഞുകൊണ്ട് അവൻ്റെ അമ്മ അവനെ പുറത്ത് നിന്നും വിളിച്ചു…
അഭി മടിച്ച് മടിച്ച് പറമ്പിലേക്ക് ഇറങ്ങി ചെന്നു…
“നേരത്തെ ആണല്ലോ കഴിപ്പ്” എന്ന ശ്യാമേച്ചിയുടെ പരിഹാസത്തിന് മറുപടി എന്നോണം ഒരു പുഞ്ചിരി മാത്രം ആണ് അഭി തിരിച്ച് നൽകിയത്…
“ടാ ഇതൊന്നു ഇട്ടു തന്നെ ഞങ്ങൾ നോക്കിയിട്ട് പറ്റുന്നില്ല” എന്നും പറഞ്ഞുകൊണ്ട് അവൻ്റെ അമ്മ കയ്യിലിരുന്ന തോട്ടി അവനു നേരെ നീട്ടി… അഭി അത് വാങ്ങി രണ്ട് വെട്ടിന് വലിയൊരു ചക്ക താഴേക്കിട്ടു…
“എടാ മിടുക്കാ” എന്ന് പറഞ്ഞ് ശ്യാമ അവൻ്റെ തോളിൽ തട്ടിയെങ്കിലും അതിനും ഒരു പുഞ്ചിരി മാത്രം നൽകിയതല്ലാതെ അഭി ഒന്നും പറഞ്ഞില്ലാ…
അവൻ കൈയിൽ ഉണ്ടായിരുന്ന തോട്ടി വീണ്ടും അമ്മയുടെ നേരെ നീട്ടിയിട്ട് തറയിൽ വീണ ചക്കയും എടുത്ത് അടുക്കള ഭാഗത്തേക്ക് നടന്നു…അവൻ്റെ പുറകേ തോട്ടി പിടിച്ചുകൊണ്ട് അമ്മയും അഭി തന്നെ മൈൻഡ് ചെയ്യാത്തതും ആലോചിച്ച് സങ്കടപ്പെട്ടുകൊണ്ട് ശ്യാമയും നടന്നു…