മറ്റു ബന്ധുക്കളുടെയെല്ലാം മുഖം കടന്നൽ കുത്തിയപോലെ വീർത്തു, അവർ പരസ്പരം നോക്കി,
അത് ശ്രദ്ധിച്ച നിള അത് തിരികെ ശോഭയ്ക്ക് തന്നെ കൊടുത്തു
“എനിക്കെന്തിനാണമ്മേ ഇത്രേം വിലകൂടിയതൊക്കെ…”
അവൾ പതിയെ പറഞ്ഞുകൊണ്ട് തല താഴ്ത്തി
“മേടിച്ചോ മേടിച്ചോ… അവനിഷ്ടപ്പെട്ട് വാങ്ങിക്കൊണ്ട് വന്നതല്ലേ, വേണ്ടന്ന് വയ്ക്കണ്ട…”
അപ്പുവിന്റെ മറ്റൊരു ചെറിയമ്മ ഗിരിജ തെല്ലു പരിഹാസത്തോടെ പറഞ്ഞു
അതിലെ പരിഹാസം തിരിച്ചറിഞ്ഞ ശോഭ, നിളയെ ചേർത്ത് പിടിച്ച് ഗിരിജയോടായി പറഞ്ഞു
“അത് നേരാ ഗിരീജേ… അവനീ കഷ്ടപ്പെട്ട് എന്തെങ്കിലും കൊണ്ട് വന്നിട്ടുണ്ടെങ്കിൽ അത് മേടിക്കാൻ ഇവിടെ ഏറ്റവും കൂടുതൽ അവകാശം ഇവൾക്ക് തന്നെയാ… എന്റെ മോൾക്ക് എന്ത് കൊടുത്താലും കൂടുതൽ ആവില്ല ഇവന്, കുട്ടിക്കാലം മുതൽക്കേ ഞാൻ കാണുന്നതാ ഇവൾക്കിവനോടുള്ള കരുതലും സ്നേഹോം… പിന്നെ ഇവന് വിസയ്ക്ക് പണം ഇല്ലാതിരുന്നപ്പോ ഇവൻ എല്ലാരോടും ചോദിച്ചതാ വെറുതെയല്ല കടമായിട്ട്, അപ്പൊ കൃഷ്ണന്റെ മോനെ ആർക്കും വിശ്വാസമില്ലായിരുന്നു… അന്ന് എന്റെ നിള മോളെ ഉണ്ടായിരുന്നുള്ളു ഇവന്… ഇവന്റെ ദേഹത്ത് ഒരു മുള്ളുകൊണ്ടാൽ ഉരുകുന്നത് എന്റെ മോളാ…”
പറഞ്ഞുകൊണ്ട് തിരിഞ്ഞ് നിളയെ നോക്കി
“നീ വാങ്ങിച്ചോ മോളെ ഇത് നിന്റവകാശം തന്നാ… എന്റെ വയറ്റിൽ ജനിച്ചില്ലന്നേയുള്ളു നീയെനിക്കെന്റെ മോളാ… ഈ വീട്ടിലും എന്റെയുള്ളിലും ഇവനൊപ്പം തന്നാ നിന്റെയും സ്ഥാനം”
ആ ബോക്സ് ശോഭ അവളുടെ കയ്യിലേക്ക് വച്ചുകൊടുത്തു
നിള കണ്ണുനിറച്ചു തല താഴ്ത്തി നിന്നു
“അയ്യോ… ചേച്ചി ഞാനങ്ങനൊന്നും ഉദ്ദേശിച്ച് പറഞ്ഞതല്ല…”
ഗിരിജ പെട്ടെന്ന് ചമ്മൽ മറച്ചുകൊണ്ട് പറഞ്ഞു
“മതി… ഇനിയിതിലൊരു സംസാരം വേണ്ട… എല്ലാരും അവരോരുടെ ജോലികൾ നോക്ക്…”
അപ്പു ആ പ്രശ്നം ലഘുകരിച്ചു എല്ലാരേം പറഞ്ഞുവിട്ടു,
ശോഭയും നിളയും ഒഴിച്ച് എല്ലാവരും പോയപ്പോൾ ശോഭ അവനരികിലേക്ക് വന്നു
“ഇന്ന് രാവിലെ വന്നപ്പോ മുതൽ തുടങ്ങിയതാടാ ന്റെ മോളെ കുറ്റം പറയാൻ നാലും കൂടി… അതോണ്ടാ ഞാനിതിപ്പോ പറഞ്ഞത്…”
ശോഭ പതിയെ അവനോട് പറഞ്ഞു
“നീ പറഞ്ഞോണ്ടാ… അല്ലേ ഒറ്റണ്ണത്തിനെ ഞാനീ പടിക്കകത്തു കേറ്റില്ല… ദേ എന്റെ കൊച്ചിനെ വിഷമിപ്പിക്കാൻ നിന്നാ എല്ലാത്തിനേം ഞാൻ കുറ്റിച്ചൂലുകൊണ്ടടിച്ചൊടിക്കും പറഞ്ഞേക്കാം… ഒരാപത്തുകാലത്തില്ലാത്ത സ്നേഹമൊന്നും എനിക്കിപ്പോ വേണ്ട…”