ആ ഒരു പുഞ്ചിരിക്കായി എത്ര തിരക്കുണ്ടേലും എന്നും വൈകിട്ട് നാലേകാലിന് ബസ്സ് വരുമ്പോ ഞാൻ വർക്ഷോപ്പിന്റെ മുന്നിലുണ്ടാകും,
വേറൊന്നുമല്ല നമ്മുടെ നാട്ടിലെ ഏറ്റവും സുന്ദരി, നിള അശോകിന്റെ ഒരു കാടാക്ഷത്തിനായി കവലയിലും ചായക്കടയിലും ഇരിക്കുന്ന സ്ഥിരം കോഴികൾ… അവൾ എനിക്ക് നൽകുന്ന പുഞ്ചിരിയും കരുതലും കണ്ട് അസൂയപ്പെടും അത് കാണുമ്പോ ഒരു സുഖം… ഒരു മനഃസുഖം…
അച്ഛന്റെ മരണശേഷം പട്ടിണി കിടന്നിട്ടുണ്ട്… അപ്പോഴും സഹായമായി അശോകൻ മാഷും നിളേച്ചിയുമേ ഉണ്ടായിരുന്നുള്ളു, ആ സ്നേഹം ഇന്നും എനിക്കും അമ്മയ്ക്കും ആ കുടുംബത്തോടുണ്ട്…
അന്നും ബന്ധുക്കളെല്ലാം കുറ്റപ്പെടുത്തിയിട്ടേയുള്ളു… അമ്മ ജോലിക്ക് പോകുന്നത് തറവാടിന് അപമാനമാണെന്ന്…
അന്ന് അമ്മയെന്നോട് ചോദിച്ചു
“എന്റെ മോന് അപമാനമാണോ അമ്മ ജോലിക്ക് പോകുന്നത്…”
അപ്പോൾ പറയാനൊരു മറുപടിയില്ലായിരുന്നു…
പിന്നീട് മാഷ് പറഞ്ഞുതന്നു
ജോലിയെടുത്ത് ജീവിക്കുന്നത് അപമാനമല്ല, മറിച്ചു അഭിമാനമാണെന്ന്…
അമ്മയുടെ അവസ്ഥകണ്ടിട്ട് പഠിക്കാൻ മിടുക്കനായിരുന്നിട്ടും പത്തിൽ പഠനം നിർത്തി, പുസ്തകങ്ങളെല്ലാം ഒരിറ്റുകണ്ണീരിൽ നനച്ച്, തട്ടിൻപുറത്തു കയറ്റി അധ്വാനിക്കാൻ ഇറങ്ങി…
അന്ന് അമ്മയും മാഷും നിളേച്ചിയും എതിർത്തു, താനത് കാര്യമാക്കിയില്ല… അന്നും വാശിയായിരുന്നു സ്വന്തം കാലിൽ നിൽക്കാൻ,
ചന്തുവിനോപ്പം സ്പാനറും സ്ക്രൂ ഡ്രൈവറും പിടിച്ചു… മിനിസമാർന്ന കൈകൾ തഴമ്പിച്ചു… എന്നിട്ടും വാശി കുറഞ്ഞില്ല, സമ്പാദിക്കുന്ന ഓരോ രൂപയും ഉമിനീര്തൊട്ട് എണ്ണിപ്പിടിച്ചു ചിലവാക്കി, തനിക്കെന്ന് പറഞ്ഞു ഒരു രൂപ ചിലവാക്കിയില്ല…
അമ്മയെ എല്ലാരുടെയും മുന്നിൽ അഭിമാനത്തോടെ തലയുയർത്തി നിർത്തി, അതിൽപ്പരം ഒരു ആനന്ദം താൻ കണ്ടില്ല,
ഇങ്ങനെ പോരാ എന്ന് തോന്നി, അമ്മയെ ഒരു റാണിയെപ്പോലെ വാഴിക്കണമെന്ന് തോന്നി, പണം സമ്പാദിക്കണം….
പിന്നീട് അതിനുള്ള പരക്കംപാച്ചിലായിരുന്നു,
ഒരു പരിചയക്കാരൻ വഴി ഒരു വിസ സംഘടിപ്പിച്ചു…
പണം വലിയൊരു വിഷയമായിരുന്നു, ചെറിയച്ഛന്മാരോടും മാമന്മാരോടും എല്ലാരോടും ചോദിച്ചു, കിട്ടിയില്ല, ചിലപ്പോൾ തിരികെ കിട്ടിയില്ലെങ്കിലോ… പണം തികയാതെ വന്നപ്പോൾ ഗൾഫ് ഒരു സ്വപ്നമായി
എന്റെ അവസ്ഥയും വിഷമവും നിളേച്ചിക്ക് മനസ്സിലായി അവൾ അവളുടെ സ്വർണ്ണമെല്ലാം എനിക്ക് വച്ചു നീട്ടി… എതിർത്തെങ്കിലും അവൾ സമ്മതിച്ചില്ല, അവസാനം മാഷും കൂടി നിർബന്ധിച്ചപ്പോൾ കണ്ണീരോടെ വാങ്ങി,