പിന്നീട് ഭക്ഷണം കഴിച്ച് അവരിറങ്ങാൻ നിന്നപ്പോൾ, മാഷും നിളയും നിർബന്ധിച്ച് അവരെ അന്ന് അവിടെ നിർത്തി
ചന്തു, അമ്മയും പെങ്ങളും മാത്രമേ വീട്ടിലുള്ളൂ എന്ന് പറഞ്ഞ് അപ്പുവിന്റെ കാറിൽ രാവിലെയെത്തിക്കാം എന്ന് പറഞ്ഞ് പോയി,
ശോഭ നിളയുടെ ഒപ്പവും തൊട്ടടുത്ത മുറിയിൽ അപ്പുവും കിടന്നു
രാത്രി വളരെ വൈകിയിട്ടും നിളയ്ക്ക് ഉറങ്ങാൻ പറ്റിയില്ല, പഴയകാര്യങ്ങൾ ആലോചിച്ചു കിടന്നു
അവൾ ജനാലക്കരികിൽ ചെന്നു പുറത്തേക്ക് നിലാവ് നോക്കി നിന്നു…
‘എന്തേ… ചന്തു ഇന്നങ്ങനെ പറഞ്ഞിട്ടും തനിക്ക് മറുപടിയില്ലാതായത്…?? ഈ അമ്മയെയും മോനെയും പണ്ടേ ഈ നെഞ്ചിലെടുത്തു വച്ചതാണ്… അപ്പൂട്ടനോട് തനിക്കങ്ങനൊരു വികാരമുണ്ടോ…?? ഉണ്ട്… ഇന്നുവരെ ഒരു പുരുഷനോടും തോന്നാത്ത വികാരം, ഇന്നോ ഇന്നലയോ തുടങ്ങിയതല്ല, അവൻ എന്റെയാണെന്ന് മനസ്സുറപ്പിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു
പണ്ട് സ്കൂൾ വിട്ട് വരുമ്പോ അടുത്തുള്ള പറമ്പിലെ ചാമ്പക്ക കൈ നിറയെ വച്ചുകൊണ്ട് അവൻ തന്നെ കാത്തു നിൽക്കും… പിന്നീട് ചന്തുവിന്റെ വീടിനടുത്തുള്ള ബോംബെകാരന്റെ വീടിന്റെ മതിലിൽ കയറിയാൽ ദൂരെയെങ്ങോ കാണുന്ന ടവറിൽ മിന്നിതെളിയുന്ന ചുവന്ന വെട്ടം കാണാം, തനിക്ക് മതിലിൽ കയറാൻ പറ്റാതെ നിൽക്കുമ്പോൾ തന്നെ ചുമലിലേറ്റി അവൻ നിൽക്കുമായിരുന്നു, താനാദ്യമായ് ഋതുമതിയായപ്പോൾ തന്റെ വസ്ത്രത്തിലെ രക്തം കണ്ടുപേടിച്ച് തന്നെക്കെട്ടിപിടിച്ചു നിന്ന അപ്പുവിനെ ഇപ്പോഴും ഓർമയുണ്ട്… തനിക്കൊരാസുഖം വന്നാൽ എന്നേക്കാൾ വേവലാതിപ്പെടുമായിരുന്നു അവൻ… തന്നെ ശല്യപ്പെടുത്തിയവരെ ഭ്രാന്ത് പിടിച്ചവനെപ്പോലെ തല്ലി ചതച്ചിട്ട്
“ഇവളെന്റെ നിളേച്ചിയാടാ…”
എന്നലറിവിളിച്ചപ്പോൾ തന്റെ മനസ്സിൽ അവൻ കൂടുതൽ വളരുകയായിരുന്നു…
കോളേജിന്ന് തിരികെ ബസ്സിറങ്ങുമ്പോ ആദ്യം തിരയുന്നത് അവന്റെ മുഖമാണ്… തനിക്കായ് പലഹാരപ്പൊതിയുമായി അവിടെത്തന്നെ അവനുണ്ടാകും… ശോഭമ്മയുടെ അടുത്ത് ചെല്ലുമ്പോൾ… എപ്പോഴും ചെവിയോർക്കും എന്റെ അപ്പൂട്ടന്റെ ശബ്ദത്തിനായി… കണ്ണുകൾ പരതും അവനെയൊന്ന് കാണാൻ… അവനടുത്ത് വന്നാൽ നെഞ്ചിലൊരു കുളിരാണ്, അവൻ ഗൾഫിലേക്ക് പോയി ആദ്യത്തെ ഒരാഴ്ച താനനുഭവിച്ച തിക്കുമുട്ടൽ… താനീ ഭൂമിയിൽ ഒറ്റപ്പെട്ടതുപോലെ തോന്നി… അന്ന് താൻ മനസ്സിലാക്കി അപ്പൂട്ടൻ തനിക്ക് ഏറ്റവും പ്രീയപ്പെട്ടവനാണെന്ന്… പിന്നീട് അവന്റെ ഓരോ ഫോൺകാളിനും താൻ കൊതിച്ചിരുന്നിട്ടുണ്ട്… അവന്റെ ശബ്ദം തന്റെ ആത്മാവിലാണ് താൻ തൊട്ടറിഞ്ഞിട്ടുള്ളത്… ഇന്ന് അവനെ ഒരുനോക്ക് കാണാൻ താൻ ഓടിച്ചെന്നത്… കാറിൽനിന്നിറങ്ങി തന്റെ മുഖം പരതി അവസാനം തന്റെ മുഖം കണ്ടപ്പോൾ ആ മുഖം വിടർന്നതും ഒക്കെ ഒരുൾപുളകത്തോടെയാണ് താൻ നോക്കിയത്…