മാഷിന്റെ കണ്ണുകൾ നിറഞ്ഞു
“പിന്നീട് അവന്റെ കാലശേഷം അവന്റെ കുടുംബം ഒരു നേരത്തെ ആഹാരത്തിന് കഷ്ടപെടുന്നു എന്നറിഞ്ഞു ഓടിപ്പാഞ്ഞെത്തിയ ഞാൻ നിങ്ങളുടെ അവസ്ഥകണ്ട് തളർന്നുപോയി… എങ്ങനെയൊക്കെ സഹായിച്ചാലും എന്റെ കടമ തീരില്ല… അവന് നല്ല സമയത്ത് എല്ലാരും കൂടെയുണ്ടായിരുന്നു സഹോദരങ്ങളും അളിയന്മാരും എല്ലാരും… അവൻ വീണപ്പോ അവന്റെ കുടുംബത്തിന് ആരുമില്ലാതായി…”
മാഷ് ദൂരേക്ക് നോക്കികൊണ്ട് പറഞ്ഞു
അപ്പു ഒന്ന് നിശ്വസിച്ചു
“അറിയാം മാഷേ… എല്ലാമറിയാം… അന്നൊക്കെ സ്കൂൾ വിട്ട് വരുമ്പോ ആദ്യം വന്നു നോക്കുന്നത് അടുക്കളയിൽ അടുപ്പിന് മുകളിൽ കഞ്ഞിക്കലം ഉണ്ടോന്നാ… ഇല്ലെങ്കിൽ അന്ന് പട്ടിണിയാ… ഇല്ലാന്ന് കണ്ടാൽ ഒരു ഗ്ലാസ്സ് വെള്ളോം കുടിച്ച് കമിഴ്ന്നു കിടക്കും… സ്കൂളിൽ ഉച്ചയ്ക്ക് കിണറുവെള്ളം കുടിച്ച് വിശപ്പടക്കിയിട്ടുണ്ട് ഞാനും എന്റെ അതേ അവസ്ഥയിലുള്ള ദേ ഇവനും… അല്ലേടാ…?”
ചന്തു അതിനു മറുപടിയായി ഒന്ന് പുഞ്ചിരിച്ചു
“ഒരിക്കൽ കണ്ടു… എന്നെ നോക്കി കണ്ണ് നിറച്ചു നിക്കുന്ന എന്റെ നിളേച്ചിയെ… അന്ന് മുതൽ എന്റെ നിളേച്ചി… അവൾ കൊണ്ടുവരുന്ന ഉച്ച ഭക്ഷണം സ്കൂൾ വരാന്തയിൽവച്ചു ഞങ്ങളെയൂട്ടുമ്പോ… ഇതെന്റെ അപ്പൂട്ടനാണ് എന്ന് പറഞ്ഞ് ഓരോ ഉരുളയും എന്റെ വായിൽ വച്ചു തരുമ്പോ…”
അപ്പു ഷർട്ട് കൊണ്ട് കണ്ണുതുടച്ചു
“അന്നത്തെ ആ ഭക്ഷണത്തിന്റെ രുചി… എനിക്കെവിടുന്നും കിട്ടിയിട്ടില്ല മാഷേ…
ഞാനമ്മയെ വിട്ട് ഒരുപാട് ദൂരെ നിക്കുമ്പോഴും എന്റെ ആശ്വാസം എന്റമ്മയോടൊപ്പം എന്റെ നിളേച്ചി ഉണ്ടല്ലോ എന്നാ…. അവളെന്റെ അമ്മയെ പൊന്നുപോലെ നോക്കുമെന്ന് എനിക്ക് അറിയാം… എന്റെ നിളേച്ചിക്ക് വേണ്ടി ഈ അപ്പു ജീവൻ പോലും കൊടുക്കും…”
അവൻ കണ്ണ് തുടച്ചു
മാഷിന്റെയും ചന്തുവിന്റെയും കണ്ണുകൾ നിറഞ്ഞു,
അപ്പോഴാണ് സ്റ്റയെറിന് മുകളിൽ അവരെനോക്കിനിന്ന് കണ്ണീർപൊഴിക്കുന്ന നിളയെ കാണുന്നത്, അവളെക്കേണ്ട അപ്പു ചാടിഴുന്നേറ്റു അവൾക്കരികിലേക്ക് നടന്നു
“നിളേച്ചി… നീ പറ നിനക്ക് ലോകത്ത് എന്നെക്കൊണ്ട് സാധിക്കുന്നതെന്തും ഞാൻ നേടിത്തരും… ഇതപ്പൂട്ടന്റെ വാക്കാണ്… എന്റെ ജീവിതത്തിൽ ഞാൻ മനസ്സുതുറന്ന് സ്നേഹിച്ചിട്ടുള്ളവരിൽ ഒരാളാണ് നീയും…”
അപ്പു അവളെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു, അവൾ അവന്റെ നെഞ്ചിലേക്ക് ചേർന്ന് നിന്ന് കണ്ണീർ പൊഴിച്ചു,