“അവര് അമ്മേം മോളുംകൂടി സ്നേഹിക്കട്ടെ നീ വാടാ…”
അപ്പു കള്ള പിണക്കത്തോടെ പറഞ്ഞുകൊണ്ട് കാറിൽനിന്നും കവറുകൾ എടുത്ത് ചന്തുവിനെയും കൊണ്ട് ഉമ്മറത്തേക്ക് നടന്നു…
അവന്റെ സംസാരവും പെരുമാറ്റവും കണ്ട് അവർ വാ പൊത്തി ചിരിച്ചു,
“മാഷേ…”
അപ്പു ഉറക്കെ വിളിച്ചുകൊണ്ടു ദൃതിയിൽ ഉമ്മറത്തേക്ക് കയറി
“ആഹാ… എന്റെ അപ്പുക്കുട്ടൻ വന്നോ…”
മാഷ് സന്തോഷത്തോടെ അവനെ കെട്ടിപ്പിടിച്ചു, അപ്പു മാഷിനെ വയറിൽ ചുറ്റി ഒന്ന് പൊക്കി നിലത്തു നിർത്തി,
അശോകൻമാഷ് ഒരു രസികനാണ് എന്തുപറഞ്ഞാലും നർമം കൂട്ടിയെ സംസാരിക്കൂ… എപ്പോഴും നല്ല ചുറുചുറുക്ക്, റം പുള്ളിക്കൊരു വീക്നെസ് ആണ്… എന്നുവച്ച് മുഴുകുടിയനൊന്നുമല്ല, എന്നും രാത്രി ഭക്ഷണത്തിനു മുൻപ് രണ്ട് പെഗ്ഗ് നിര്‍ബന്ധമാണ്… അപ്പു പോകുന്നതിന് മുൻപ് അവനായിരുന്നു മാഷിന്റെ ക്രൈം പാർട്ണർ, ഇപ്പൊ ചന്തുവും…
“സുഖാണോ മാഷേ…?”
അവൻ പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു
“സുഖം…”
“ആഹാ… എല്ലാരുമൊണ്ടോ…”
ഉമ്മറത്തേക്ക് കയറിവരുന്ന ശോഭയെ നോക്കി മാഷ് ചോദിച്ചു
“ഞങ്ങക്ക് വേണ്ടപ്പെട്ടവര് നമ്മളെ തേടി വന്നില്ലെങ്കിലും നമ്മൾ തേടി ചെല്ലണ്ടേ അശോകേട്ടാ…”
ശോഭ ചിരിച്ചുകൊണ്ട് പറഞ്ഞു
“ഏയ്… ഞാനിപ്പോ അങ്ങനെ പുറത്തോട്ടങ്ങും പോകാറില്ല, മാസത്തിലൊരിക്കൽ പെൻഷൻ വാങ്ങാൻ പോകും അത്രന്നെ…”
അശോകൻ മാഷ് ചിരിച്ചുകൊണ്ട് പറഞ്ഞു,
“പിന്നെ വേണ്ടത് ഒരുത്തൻ കൃത്യമായി എത്തിച്ചു കൊടുക്കുന്നുണ്ടല്ലോ…”
നിള ചന്തുവിനെ നോക്കികൊണ്ട് പറഞ്ഞു
“എന്ത്… എന്ത് എത്തിക്കുന്നുണ്ടെന്ന്…? നിളേച്ചി ചുമ്മാ…”
ചന്തു പതറിക്കൊണ്ട് പറഞ്ഞു
“അല്ല… എല്ലാ ആഴ്ചയിലും ഒരു കുപ്പി റം കൊണ്ട് കൊടുക്കുന്നുണ്ടല്ലോ…”
നിള ചിരിയോളിപ്പിച്ചുകൊണ്ട് പറഞ്ഞു
“ഞാനോ…? എപ്പോ…?”
അവൻ നിഷ്കളങ്കനായി
“ദേ… ചന്തു വേണ്ടാ… ഞാനാ മാഷിന്റെ മുറി വൃത്തിയാക്കുന്നത്… ആ എന്നോട് വേണ്ടാ…”
നിള നെറ്റി ചുളിച്ചു
“അത്, ഒരു ഗുരുനാഥന്റെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കേണ്ടത് ഒരു ശിഷ്യന്റെ കടമയല്ലേ… അല്ലെ മാഷേ…?”
ചന്തു മാഷിനെ കൂട്ടുപിടിച്ചു
“പിന്നേ… അങ്ങനെയുള്ളവരാണ് യഥാർത്ഥ ശിഷ്യൻമാർ… മാത്രോല്ല… എന്നും മൂന്ന് പെഗ്ഗ് അടിച്ചോളാൻ ഡോക്ടർ പറഞ്ഞിട്ടുണ്ട്… കേട്ടോടാ അപ്പു, അത് ആരോഗ്യത്തിന് നല്ലതാണത്രെ…”
മാഷ് അവനെ പിൻതാങ്ങി
“അതേത് ഡോക്ടർ…? ഞാൻ കേട്ടില്ലല്ലോ…”