“ഇതിന് പ്രായശ്ചിത്തമായി ഞാൻ തിരികെ പോകുന്ന വരെ എന്റോടെ കാണണം…”
“അത് ഡബിൾ ഓക്കേ… വർക്ഷോപ് ഞാൻ ഒരു മാസത്തേക്ക് പിള്ളേരെ ഏൽപ്പിച്ചിട്ടുണ്ട്…”
ചന്തുവും അപ്പുവും ജോലിചെയ്ത വർക്ഷോപ് ചന്തു സ്വന്തമായി വാങ്ങി… ഇപ്പൊ അവനാണ് അത് നോക്കുന്നത്.
കുറെ നേരം അവിടെ വിശേഷങ്ങളും പറഞ്ഞിരുന്നു, അവർക്കെല്ലാം വാങ്ങിയ വസ്ത്രങ്ങളും സമ്മാനങ്ങളുമെല്ലാം കൊടുത്ത് സന്ധ്യയോടെ അവർ മാഷിന്റെ വീട്ടിലേക്ക് തിരിച്ചു കൂടെ ചന്തുവിനെയും കൂട്ടി…
🍂🍂🍂🍂🍂🍂🍁🍂🍂🍂🍂🍂🍂
“♪….കുടിലകുന്തളം പാറും കുളുര്‍നെറ്റി തൊഴുന്നേന്‍
കരുണതന്‍ കടലായ കടമിഴി തൊഴുന്നേന്‍
അരുണകിരണമണി മുഖപദ്‌മം തൊഴുന്നേന്‍
കേശാദിപാദം തൊഴുന്നേന്‍….. കേശവ കേശാദിപാദം തൊഴുന്നേൻ….
കളവേണുവണിയുന്ന കരതലം തൊഴുന്നേന്‍
കൌസ്‌തുഭം തിളങ്ങുന്ന കളകണ്ഠം തൊഴുന്നേന്‍
വനമാല മയങ്ങുന്ന മണിമാറ് തൊഴുന്നേന്‍
കനക കങ്കണമിട്ട കൈത്തണ്ട തൊഴുന്നേന്‍
കേശാദിപാദം തൊഴുന്നേന്‍….. ♪”
മുറ്റത്ത് കാർ നിർത്തിയിറങ്ങുമ്പോൾ നിളയുടെ മധുര ശബ്ദത്തിലുള്ള ആലാപനം കേട്ട് എല്ലാവരും കാത് കൂർപ്പിച്ചു നിന്നുപോയി…
അവർ നോക്കുമ്പോൾ തുളസിതറയിൽ വിളക്ക് വയ്ക്കുകയാണ് നിള , മാഷ് കൈകൂപ്പി കണ്ണടച്ചു പ്രാത്ഥിച്ചുകൊണ്ട് ഉമ്മറത്തു നിൽക്കുന്നു
ചുവന്ന ഹാഫ് സാരിയും കരിനീല ബ്ലൗസും പാവാടയും അണിഞ്ഞു നിതംബം മറക്കുന്ന സമൃദ്ധമായ മുടി വിടർത്തിയിട്ട് നെറ്റിയിലൊരു ഭസ്മക്കുറിയുമായി ആരും നോക്കിനിന്നുപോകുന്ന സൗന്ദര്യ ശില്പം പോലെ ഭക്തിഗാനം മൂളിക്കൊണ്ട് വിളക്ക് വയ്ക്കുകയാണ് നിള , അവളുടെ വെള്ളക്കല്ല് പതിപ്പിച്ച മൂക്കുത്തി വിളക്കിലെ പ്രകാശത്തിൽ തിളങ്ങി,
മുന്നിലേക്ക് വരുന്നവരെക്കണ്ട് ഒരു നിമിഷം നിർത്തി പിന്നീട് അവരുടെ അടുത്തേക്ക് ഓടി
ഓടി വരുന്ന നിളയെ ശോഭ പുഞ്ചിരിയോടെ ചേർത്തുപിടിച്ചു, അപ്പുവും ചന്തുവും പുഞ്ചിരിയോടെ അവരെ നോക്കി,
“എന്ത് ഷോയാടി ചേച്ചിപ്പെണ്ണേ… രണ്ട് മൂന്ന് മണിക്കൂർ മുൻപേ നിങ്ങൾ കണ്ടല്ലേയുള്ളു… അതിനിടക്ക് വീണ്ടും സ്നേഹം കാണിക്കണോ….?”
കിട്ടിയ തക്കത്തിന് അപ്പു നിളയ്ക്കിട്ട് ഒന്ന് കൊട്ടി
“നീ പോടാ…”
നിള അവനെ കൂർപ്പിച്ചു നോക്കികൊണ്ട് പറഞ്ഞിട്ട് ശോഭയോട് ഒന്നൂടെ ചേർന്ന് നിന്നു ചുണ്ട് കൊണ്ട് ഗോഷ്ടി കാണിച്ചു
“അവന് കുശുമ്പാ മോളെ… നമ്മടെ സ്നേഹം കണ്ടിട്ട്…”
ശോഭ അവനെ നോക്കികൊണ്ട് പറഞ്ഞു