അപ്പു എല്ലാം കേട്ടു
“നാളെ ടൗണിൽ ചെന്ന് ഞാൻ പറയുന്ന ആളിനെക്കണ്ട് കണ്ട് എല്ലാരുടെയും പ്രശ്നങ്ങൾ തീർക്കാനുള്ള പണം വാങ്ങിച്ചോ… ഞാൻ വിളിച്ചു പറഞ്ഞോളാം അഡ്രെസ്സ് ഞാൻ പറഞ്ഞു തരാം…”
എല്ലാവർക്കും സന്തോഷമായി, കുറച്ചു കഴിഞ്ഞപ്പൊത്തന്നെ അപ്പു കൊണ്ട് വന്നതിന്റെ പങ്ക് കവറുകളിലാക്കി എല്ലാവരും സ്ഥലം കാലിയാക്കി.
കുറച്ചു കഴിഞ്ഞ് നിളയും വീട്ടിലേക്ക് പോയി
വൈകുന്നേരം ശോഭയും അപ്പുവും ഒരുങ്ങി പുറത്തേക്ക് പോകാനായി ഇറങ്ങി
ഷെഡിൽ പുതുക്കി പണിയിച്ച മെറൂൺ കോണ്ടസ്സ സർവീസ് ചെയ്തിട്ടിരുന്നു, അപ്പു ആ കാറിൽ ഒന്ന് തൊട്ടുഴിഞ്ഞു നോക്കി
“കാർ കൊണ്ട് വന്നിട്ട് ഇടക്ക് ചന്തു എടുത്തോണ്ട് പോകും അല്ലാതെ ഇതനങ്ങത്തില്ല… അവൻ തന്നെയാ മിനിഞ്ഞാന്ന് കൊണ്ടുപോയി വൃത്തിയാക്കി കൊണ്ടൊന്നത്…”
ശോഭ അവനോട് പറഞ്ഞു,
അപ്പു പതിയെ ചിരിച്ചു
“ഇതും ഒരു സ്വപ്നമായിരുന്നമ്മേ… അച്ഛൻ വളരെ ഇഷ്ടപ്പെട്ടു വങ്ങിയതാ ഇവനെ… ഒരു ആപത്തുകാലത്ത് കൈവിട്ടു പോയെങ്കിലും ഇവനെ ഇങ്ങോട്ട് തിരികെ കൊണ്ടോരാൻ പറ്റീലോ… ഈ വണ്ടിയിൽ അമ്മേനേം കൊണ്ട് ഈ നട്ടാരുടെ മുന്നിക്കൂടി പോണോന്ന് വലിയ ആഗ്രഹമായിരുന്നു…”
അപ്പു പറഞ്ഞു,
ശോഭ അവനെ വാത്സല്യത്തോടെ തലോടി…
അവർ നേരെ ടൗണിലെത്തി വലിയ ഒരു ടെസ്റ്റൈൽസിൽ കയറി ആവശ്യമുള്ളേതെല്ലാം വാങ്ങി നേരെ അശോകൻ മാഷിന്റെ വീട്ടിലേക്ക് തിരിച്ചു
പോകുന്ന വഴി ചന്തുവിന്റെ വീട്ടിൽ കയറി
ചന്തുവിന്റെ വീട്ടിൽ ചന്തുവും അമ്മയും പെങ്ങളും അവളുടെ മൂന്ന് വയസ്സുള്ള മോളുമായിരുന്നു താമസം, ചെല്ലുമ്പോൾ ചന്തു വീട്ടിലുണ്ടായിരുന്നു
“ആഹാ പേർഷ്യെക്കാരൻ എത്തിയോ…? വാ… വാ… കേറിവാ…”
ഉമ്മറത്ത് നിന്ന ചന്തു അവരെ സന്തോഷത്തോടെ അകത്തേക്ക് ക്ഷണിച്ചു.
അപ്പു ചന്തുവിനെ കെട്ടിപ്പിടിച്ചു
“മ്… കൊള്ളാം പേർഷ്യൻ മണമൊക്കെ ഉണ്ട്…”
അപ്പുവിനെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു
“നീ കൂടുതൽ പറയണ്ട… എന്നെ എയർപോർട്ടിൽ വന്നു വിളിക്കാൻ പറഞ്ഞപ്പോ എന്തായിരുന്നു പോസ്…”
അപ്പു അവനോട് പറഞ്ഞു
“വരാൻ തന്നെയാടാ ഇരുന്നത്… ഒരത്യാവശ്യ പണി വിചാരിച്ച സമയത്തിന് തീർന്നില്ല… അതോണ്ടാ നിന്നോട് ടാക്സി വിളിച്ചു വരാൻ പറഞ്ഞത്… നീ ക്ഷമി…”
ചന്തു അവനോട് പറഞ്ഞു