ശോഭ നിളയെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു
നിള ഒന്നുകൂടി ശോഭയെ ചേർന്ന് നിന്നു
“ഓ… നിങ്ങള് അമ്മേം മോളും അതിനിടയിൽ ഞാനില്ലേ…”
ഒരു ഈണത്തിൽ അപ്പു പറഞ്ഞു
അപ്പുവിന്റെ കുശുമ്പ് കണ്ട് രണ്ടുപേർക്കും ചിരി വന്നു
“പിന്നെ എല്ലാത്തിനേം ഇന്ന് തന്നെ പറഞ്ഞു വിട്ടോണം…”
ഒരു താക്കീതെന്നവണ്ണം ശോഭ പറഞ്ഞു.
“ഓ മ്പ്രാ…”
അപ്പു പഞ്ചപുച്ഛമടക്കി കാണിച്ചുകൊണ്ട് പറഞ്ഞു
അത് കണ്ട് നിള ചിരിച്ചുപോയി…
“മതി… വാ ഊണ് കഴിക്കാറായി… നിന്റെ നിളേച്ചി നിനക്കിഷ്ടപ്പെട്ട എല്ലാം ഉണ്ടാക്കി വച്ചിട്ടുണ്ട്…”
അതുകേട്ട് അപ്പു തലയാട്ടി
ഭക്ഷണം കഴിക്കാനായിട്ട് എല്ലാവരും ഡൈനിങ് ചെയർ വലിച്ചിട്ടിരുന്നു
മാമന്മാരുടെയും ചെറിയച്ചന്മാരുടെയുമൊക്കെ നാക്ക് കുഴയുന്നുണ്ടായിരുന്നു
“മോനെ അഫൂ…”
ബാലൻ ചെറിയച്ഛൻ നാക്ക് കുഴഞ്ഞുകൊണ്ട് വിളിച്ചു
അപ്പു മുഖം പൊക്കി അയാളെ നോക്കി
“അന്ന്… നീവന്നെന്നോട് വിസയ്ക്ക് ഫൈസ ജോയിച്ചില്ലേ… അന്നുമുയൽ ചെറിയച്ഛൻ ശരിക്കൊറങ്ങിയിട്ടില്ലടാ… എന്റെ മോന്… എന്റെ കൃഷ്ണണ്ണന്റെ മോന് പൈസ കൊടുക്കാൻ പറ്റിയില്ലല്ലോ എന്നോർത്ത്….”
അയാൾ കണ്ണ് തുടച്ചു
“സത്യാട്ടും ചെറീച്ഛന്റെ കാശില്ലായിരുന്നെടാ… ഉണ്ടേൽ നെനക്ക് ഞാം തരത്തില്ലേ…?”
അയാൾ വീണ്ടും പറഞ്ഞു
“അത് സാരോല്ല ചെറിയച്ഛ.. അന്ന് ചെറിയമ്മേടെ ഭാഗം വിറ്റിട്ട് രണ്ട് ദിവസമേ ആയിരുന്നുള്ളു… അതോണ്ട് ഞാൻ കരുതി ചെറിയച്ഛൻ സഹായിക്കൂന്ന്… അതാ അന്ന് വന്ന് ചെറിയച്ഛനോട് ചോയിച്ചത്..”
“അതന്നേ ഫിക്സഡ് ഡെപ്പോസിറ് ഇട്ടു മോനെ… അതാ പറ്റിയത്…”
പെട്ടെന്ന് ഗിരിജ ചെറിയമ്മ പറഞ്ഞു
“അച്ഛൻ മരിക്കും മുന്നേ അമ്മയോട് പറഞ്ഞിരുന്നു, നീ പേടിക്കണ്ട ഞാൻ ഇല്ലാതായാലും നിനക്ക് സഹായത്തിന് ബാലനും രവിയുമൊക്കെ ഉണ്ടാവൂന്ന്… ഒന്നുമില്ലേലും അച്ഛനും നിങ്ങളെയൊക്കെ കൊറേ സഹായിച്ചതല്ലേ… അതുകൊണ്ടാ ഞാൻ നിങ്ങളുടെ എല്ലാവരുടെയും അടുത്തേക്ക് വന്നത്… അപ്പൊ എല്ലാർക്കും എന്നേക്കാൾ അത്യാവശ്യം പണത്തിന്…”
അപ്പു ചിരിച്ചുകൊണ്ട് പറഞ്ഞു
എല്ലാരുടെയും മുഖം വാടി, അതുകണ്ട അപ്പു ഒന്ന് ചിരിച്ചു
“അതൊന്നും കൊഴപ്പമില്ലന്നേ… ഞാനെന്തായാലും ഗൾഫിലേക്ക് പോയല്ലോ… അക്കാര്യത്തിൽ എനിക്കാരോടും ഒരു വിരോധവുമില്ല…”
അവനാ വിഷയത്തെ ലഘുകരിച്ചു…
പിന്നീടാരും യാതൊന്നും മിണ്ടാതെ ഭക്ഷണം കഴിച്ചെഴുന്നേറ്റു
അതിനുശേഷം എല്ലാവരും ഉമ്മറത്തു സമ്മേളിച്ചു പ്രാരാബ്ദത്തിന്റെ കേട്ടഴിച്ചു അപ്പുവിന്റെ മുന്നിൽ വെച്ചു.