മുതലാളിയെ നമ്മുക്ക് ‘പീറ്റർ’ എന്നു വിളിക്കാം.
പീറ്ററിന് നഗരത്തിൽ ചില സ്ഥാപനങ്ങൾ ഉണ്ടായിരുന്നു, അവയിൽ ഒരെണ്ണം പൊളിച്ച് പണിയുന്നതിനാൽ അവിടുള്ള സ്റ്റാഫുകളെല്ലാം പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റി.
എന്നാൽ അവിടെ അവശേഷിച്ച വസ്തു വകകളിൽ ആക്രിക്ക് കൊടുക്കാനുള്ളതും വീട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ളതും, പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റാനുള്ളതുമായ നിരവധി സാധനങ്ങൾ ഉണ്ടായിരുന്നു.
ഇതെല്ലാം പായ്ക്ക് ചെയ്യുക, തരം തിരിക്കുക, രണ്ടാം നിലയിൽ നിന്നും താഴെ എത്തിക്കുക, പുതിയ സ്ഥലത്ത് പലതും പിടിപ്പിക്കുക എന്നിങ്ങനെ നൂറുകൂട്ടം പണികളാണ് ശ്യാമിനെ കാത്തിരുന്നത്.
കരിങ്കല്ല് മുതൽ കമ്പ്യൂട്ടർ വരെയുള്ള ഏത് പണിയും ശ്യാം ചെയ്യും എന്ന് അറിഞ്ഞു തന്നെയാണ് പീറ്റർ ശ്യാമിനെ തിരഞ്ഞെടുത്തത്.
ആദ്യത്തെ ദിവസം ചെല്ലുമ്പോൾ ഇടിച്ചു പൊടിച്ചുകൊണ്ടിരിക്കുന്ന ഒരു വലിയ കെട്ടിടം മാത്രമാണ് ശ്യാമിന് കാണാനായത്.
അന്ന് സന്ധ്യ ആയതിനാൽ അവർ ശ്യാമിനോട് അടുത്ത ദിവസം ഒരു സ്റ്റാഫ് കൂടി വന്നിട്ട് ചെയ്താൽ മതി എന്ന് പറഞ്ഞ് പീറ്റർ പിരിഞ്ഞു.
പഴയ 2210 നോക്കിയ ഫോൺ ഒരെണ്ണം കൊടുത്തു, ചില നമ്പരുകളും കൊടുത്തു, പീറ്റർ പോയി. പിന്നെ ആ മഹാനെ കാണുന്നത് ദിവസങ്ങൾക്ക് ശേഷമാണ്. ഒരു തല്ലിപ്പൊളി പഴയ ബൈക്കും കൊടുത്തിരുന്നു ഓടുന്നതിനായി.
പിറ്റേദിവസം ശ്യാം ജോലിക്കായി ചെല്ലുമ്പൊൾ ഒരു പെൺകുട്ടിയാണ് അവിടെ ഉണ്ടായിരുന്നത്. ഇതാണ് ‘അത്’ എന്ന് ശ്യാമിന് പിടികിട്ടിയില്ല.
പൊളിക്കാത്ത വലിയ ഒരു കോറീഡോറും, 2 മുറികളും ആണ് ആ ഭാഗത്തുള്ളത്. അവിടെ വലിയ ഗമയ്ക്കാണ് പാർട്ടിയുടെ ഇരുപ്പ്.
ചുറ്റുപാടും വെട്ടുകല്ലുകളും, നിരവധി ലൊട്ടുലൊടുക്ക് മരസാമാനങ്ങളും, കടലാസ്, ഗ്ലാസ് എന്നുവേണ്ട സർവ്വ ചപ്പുചവറുകളും കുന്നുകൂടി കിടക്കുന്നു.
ആ മുറികളിൽ നിന്ന് അഴിക്കാനും എടുക്കാനും തന്നെ പല ദിവസങ്ങൾ വേണ്ടിവരും എന്ന് ശ്യാമിന് മനസിലായി. അതിന് സഹായിക്കാൻ ഈ പെൺകുട്ടിയാണെങ്കിൽ കാര്യങ്ങൾ കുഴഞ്ഞതു തന്നെ.
ആദ്യം ശ്യാമിനെ കണ്ടതെ ‘ആരാ എന്തു വേണം’ എന്ന ഭാവത്തിൽ കനപ്പിച്ച് ഒരു നോട്ടമായിരുന്നു.
“സാറ് വിളിച്ചില്ലായിരുന്നോ? ഞാൻ ഇവിടെല്ലാം അഴിക്കാനും കൊണ്ടുപോകാനും ആയി വന്നതാണ്.”
“സാറ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു, പക്ഷേ ഇന്നു വരും എന്ന് പറഞ്ഞില്ല, നിൽക്ക് ഞാനൊന്ന് വിളിച്ച് നോക്കട്ടെ.”