ഋതം
Ritham | Author : Komban
“അജിത്….അജിത്!”
“ഹാ…സ്‌മൃതി…”
naആ ഇരുട്ടിൽ പയ്യെ കണ്ണ് തുറന്നു, ബസ്സപ്പോൾ ഒരു ഗ്രാമത്തിലൂടെ പതിയെ കുലുങ്ങി സഞ്ചരിക്കുക ആയിരുന്നു. സമയം ഏതാണ്ട് 8:30 മണി ആയി.
“അജിത്.. വല്ലാതെ തണുക്കുന്നുണ്ട്….ആ ബ്ലൂ ബാഗിൽ നിന്നും ഒരു പുതപ്പു എടുക്കാമോ..” സ്‌മൃതി അവളുടെ വരിയായി അടുക്കിവെച്ച പല്ലുകൾ തമ്മിൽ തണുപ്പിനാൽ കൂട്ടിയിടിച്ചുകൊണ്ട് എന്റെ ചെവിയിൽ മന്ത്രിച്ചു.
“ഹാ സ്‌മൃതി”
ചെറിയ മയക്കത്തിൽ ഞാൻ പയ്യെ എണീറ്റുകൊണ്ട് ബസിന്റെ മുന്നിലേക്ക് ചെന്നു. ബാഗ് എല്ലാം അവിടെയാണ് വെച്ചിരിക്കുന്നത്, ഞങ്ങൾ ഇരിക്കുന്ന ഏകദേശം സീറ്റ് ഏതാണ്ട് ബസിന്റെ പിറകിൽ ആണ്, അതിന്റെ മുകളിൽ ബാഗ് വെക്കാനുള്ള സംവിധാനം ഒന്നുമില്ല. ഇതുപോലെ ഒരു പഴഞ്ചൻ ബസിൽ ഞാൻ ഇതുവരെ യാത്ര ചെയ്തിട്ടും ഇല്ല. കോളേജിൽ നിന്നും ഫ്രെണ്ട്സ് ന്റെ കൂടെ എപ്പോഴൊക്കെയോ സഞ്ചരിച്ചിട്ടുണ്ട് എന്നല്ലാതെ. സ്‌മൃതിയുമൊത്തു ആദ്യമാണ്. മൊത്തത്തിൽ പറഞ്ഞാൽ ഈ ബസ് തീരെ പഴഞ്ചൻ ആണ്, ലോങ്ങ് ട്രിപ്പിനൊക്കെ ഇത് ഇപ്പോഴും പ്രാപ്തമാണോ ആവൊ?. പിന്നെ കൂടെയുള്ള യാത്രികരും ഞങ്ങളെ പോലെ അവസാനത്തെ സ്റ്റോപ്പിൽ ഇറങ്ങുന്നവരൊന്നും അല്ല. ആ ഇരുട്ടിൽ കുറച്ചു നേരം ഡ്രസ്സ് എല്ലാം പുറത്തെടുത്തു നോക്കിയാണ് അവൾക്കിഷ്ടമുള്ള ആ ബ്ലാങ്കറ്റ് ഞാൻ കണ്ടെത്തിയത്. ഒന്ന് രണ്ടു യാത്രക്കാർ ഇരുട്ടിലും എന്നെ നോക്കുന്നുണ്ടായിരുന്നു. അവരുടെ ചാക്കുകളും മറ്റും അതിന്റെ അടുത്ത് ഉള്ളത് കൊണ്ടാവാം.
പുതപ്പും കയ്യിലെടുത്തുകൊണ്ട് പിറകിലെ സീറ്റിലേക്ക് നടക്കുമ്പോൾ എവിടെയാണ് ഇരുന്നത് എന്ന് പോലും ഞാൻ മറന്നുപോയി. കാരണം ബസിന്റെ അകത്തു വെളിച്ചം ഒന്നുമില്ല, മുൻപിൽ ഒരു മഞ്ഞ ബൾബ് ഇട്ടിട്ടുണ്ട് അത്രതന്നെ. പിന്നെ ദൂരെ ബസിന്റെ അവസാനത്തെ സീറ്റിനു രണ്ടു സീറ്റ് മുൻപിൽ വലതു വശത്തായിട്ടാണ് ഞങ്ങൾ ഇരുന്നത് എന്ന് ഞാൻ ഓർത്തെടുത്തു. പക്ഷെ ആ ഇരുട്ടിൽ ഒന്നുടെ നോക്കിയപ്പോൾ അവിടെയിപ്പോ മറ്റേതോ ദമ്പതിമാരാണല്ലോ എന്ന് തോന്നിപോയി. ഞാൻ സീറ്റിനു അടുത്തെത്തിതും ദേഷ്യവും അന്ധാളിപ്പും കൊണ്ട് തരിച്ചു അങ്ങനെ നിന്നു.