‘ശ്ശെ അത് ശരിയാകില്ല, ഒന്നാമത് നമ്മുടെ കൈയ്യിൽ ഡ്രെസ് ഒന്നുമില്ല, പിന്നെ ഡെന്റിസ്റ്റും ഡ്രെസുമായി എന്താണ് ബന്ധം? ഒന്നുമില്ല.. മറ്റെന്തെങ്കിലും കണ്ടുപിടിക്കണം’ രണ്ടുപേരും ഒന്നും പറഞ്ഞില്ലെങ്കിലും എന്തിനാണ് റൂം, അവിടെ സന്ധിക്കുന്നതെന്തിന് എന്നതെല്ലാം അന്യോന്യം അവർ പറയാതെ തന്നെ മനസിലാക്കി.
രണ്ടുപേരും പിന്നെയും അലോചന തുടങ്ങി.
പെട്ടെന്ന് അനീറ്റ പറഞ്ഞു, ‘ചേച്ചി എന്റെ വീടിന് അടുത്തുള്ളതാണ്, ചേച്ചിക്ക് ടൗൺ പരിചയമില്ല, പോരാത്തതിന് ഡെന്റിസ്റ്റിന്റെ അടുത്ത് പല്ല് പറിക്കേണ്ടി ചിലപ്പോൾ വരാം, അത് പേടിയാണ്, കൂട്ടിന് ഞാൻ വരുന്നു. അതു കഴിഞ്ഞ് നിങ്ങൾ വരുന്നതു വരെ ഞങ്ങൾ ഗോപികയുടെ റൂമിൽ ഇരുന്നു കൊള്ളാം’ എന്ന് പറയാം.
‘ഗോപിക എന്നാണ് കൂട്ടുകാരിയുടെ പേര് അല്ലേ?’
‘ഗോപിക, അപർണ്ണ, നിരുപമ ഇവരാണ് കൂട്ടുകാരികൾ.’
‘ഡെന്റിസ്റ്റിന്റെ അടുത്ത് പോയിട്ട് ഞാൻ തിരിച്ച് നേരെ വീട്ടിലേയ്ക്ക് പോയാൽ പോരെ എന്ന് അവർ ചിന്തിക്കില്ലേ?’
മീരയ്ക്ക് സംശയമായി.
‘അത് നേരാണ്, അതിന് വേറൊരു കള്ളം കണ്ടുപിടിക്കണം.’
പെട്ടെന്ന് മീര പറഞ്ഞു ‘നമ്മുക്ക് ഡെന്റിസ്റ്റിനെ കാണുന്ന സമയം മാറ്റിമറിക്കാം, അതായത് ഇപ്പോൾ ഡെന്റിസ്റ്റിനെ കാണുന്ന സമയമല്ല, പറഞ്ഞിരിക്കുന്ന സമയം ആകാൻ ഇനിയും ഒന്നര മണിക്കൂർ ഉണ്ട് അത്രയും സമയം വിശ്രമിക്കാൻ വേണ്ടിയാണ് എന്ന് പറഞ്ഞാലോ?’
അനീറ്റ ആലോചിച്ചു. ‘ഹും.. ഒന്നര മണിക്കൂർ ഡെന്റൽ ക്ലിനിക്കിൽ വെയ്റ്റ് ചെയ്യാൻ വയ്യേ എന്ന് അപർണ്ണ ചിന്തിക്കും.’ അവൾ അത് മന്ത്രിക്കുന്നതു പോലെ പറഞ്ഞു.
‘ക്ലിനിക്ക് ഉച്ചയ്ക്ക് ചോറൂണിന് ശേഷം തുറക്കുന്നത് 4 മണിക്ക് ആണ് എന്നു പറയാം, ഇപ്പോൾ ഒന്നരയായി. സിനിമ തുടങ്ങുന്നത് 2.30 ന് തീരുമ്പോൾ 5.30 ആകും. അതായത് നമ്മൾ ടൗണിൽ എത്തിക്കഴിഞ്ഞ് പിന്നെയും മണിക്കൂറുകൾ ഉണ്ട്.’
അനീറ്റ വാച്ചിലേയ്ക്ക് നോക്കി. ഏതാണ്ട് 2.15 ആകുമ്പോൾ ടൗണിൽ എത്തും. കാര്യങ്ങൾ അവതരിപ്പിച്ച്, സിനിമയ്ക്ക് വരാത്തതിന്റെ കാരണവും, പരിഭവവും കേട്ട്, ആരെങ്കിലും ഒരാൾ ‘ഗോപികയുടെ റൂമിൽ പോയിരുന്നോ’ എന്ന് പറഞ്ഞ്, അത് സമ്മതമാണോ എന്ന് ഗോപികയോട് ചോദിച്ച് ഓട്ടോപിടിച്ച് ആ വീട്ടിൽ എത്തുമ്പോൾ 3 മണിയാകും. പിന്നെ തങ്ങൾക്ക് 6 മണി വരെ സമയം ഉണ്ട്.