“അല്ലാ പിന്നെ…. വേണ്ടാ വേണ്ടാന്ന് വക്കുമ്പൊ. കളിക്കാ നിയ്യ്… സിസ്സാരക്കാരനല്ലയീ അരവിന്ദൻ, ടെററാ, ടെറർ…”
അവള് ചിരിക്കുമ്പോൾ കണ്ണിൽ നിന്നും കണ്ണീര് പൊടിയുന്നുണ്ടായിരുന്നു.
നല്ല പ്രായമുള്ള ആ വയസ്സൻ ബസ്സ് മൂളിമുരണ്ട് ഇളകിപുളഞ്ഞ് ചുമച്ച് തുപ്പി, ഞങ്ങളുടെ എളിയ ജീവിതത്തിന്റെ ചുരം കയറിതുടങ്ങി….
*******
അച്ചെ……. അച്ചെ …… ( മായ ഉറക്കെ വിളിച്ചു)
കഴിച്ചില്ലെ ഇത് വരെ നിയ്യ്…
അരവിന്ദൻ അവളുടെ കുഞ്ഞുബാഗിൽ ടിഫിൻബോക്സ് വക്കുന്നതിനിടയിൽ അവളെ നോക്കാതെ തന്നെ ചോദിച്ചു.
നോക്കുമ്പോ മായ അവളുടെ വലിയ കുഞ്ഞികണ്ണുകളും തുറന്നടച്ച്, അവനെ നോക്കി കുഞ്ഞ്നുണകുഴികൾ കാണിച്ച് ചിരിച്ചു. മീനാക്ഷിയുടെ അതേ നുണക്കുഴികൾ അവൾക്കും കിട്ടിയിട്ടുണ്ട്. പക്ഷെ അവളുടെ അമ്മയെപ്പോലെ സങ്കടം വരുമ്പോൾ അതില്ലാന്ന് നുണപറഞ്ഞാ എനിക്ക് ദേഷ്യംവരും. കാരണം രണ്ടുപേരുടെയും കണ്ണിൽ നോക്കിയാൽ എനിക്കതറിയാം.
മായ അവൾക്ക് ഞാൻ ചപ്പാത്തി വച്ച് ഉണ്ടാക്കി കൊടുത്ത സാൻഡ്‌വിച്ച് രണ്ടും മുഴുവനായും കഴിച്ചിട്ടുണ്ട്. തേനും, നറുനീണ്ടിയും, ബദാമും പാലിൽ ചേർത്ത് കൊടുത്തതും കുടിച്ചിട്ടുണ്ട്. അവൾക്കും അവളുടെ അമ്മയുടെ പോലെതന്നെ, ഞാൻ ഉണ്ടാക്കുന്നതെല്ലാം ജീവനാണ്.
കസാരയിൽ നിന്നും ശ്രദ്ധിച്ച് ഇറങ്ങി, കുട്ടിയുടുപ്പ് ഒതുക്കി, പതുക്കെ പതുക്കെ ഇടക്ക് ഒരു ചാട്ടമൊക്കെ ചാടി, നടന്ന് വന്ന് അവൾ എന്റെ അടുത്ത് നിന്ന് വിരലിൽ പിടിച്ച് കുലുക്കി. ഞാൻ താഴേക്ക് നോക്കി.
“എന്താണ് ൻ്റെ പാവകുട്ടിക്ക് പറയാൻ ഉള്ളത്”
“ അച്ചെ… അയില്ലെ,.. കാസില് പുതീയൊരു, കുട്ടി വന്നേ. ചിത്താര… ഞങ്ങള് കൂട്ടാണെ….”