മീനാക്ഷി ഒന്നും മിണ്ടാതെ തിരികെ, സീറ്റിൽ പോയിരുന്നു. അവളുടെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു. ഉണ്ണിയേട്ടൻ ചാടുമോ, ഇല്ല.. ഒരിക്കലുമില്ല എല്ലാം തൻ്റെ ഭാവനയാകും, താൻ അത്രക്കും അമൂല്യമായ ഒന്നുമല്ലല്ലോ, ജീവനെക്കാൾ ഏറെ അത്രയും തന്നെ സ്നേഹിക്കാൻ. തന്നെ കുറിച്ചറിഞ്ഞാൽ ഒരിക്കലും ആർക്കും മനസ്സറിഞ്ഞ് സ്നേഹിക്കാൻ കഴിയില്ല.
ഉണ്ണിയേട്ടൻ ഒരുപക്ഷെ അന്വേഷിച്ച് വീട്ടിൽ പോയിട്ടുണ്ടാവും, എല്ലാം അറിഞ്ഞിട്ടുണ്ടാവും. ഇനി പഴയ ഇഷ്ടം ഒന്നും ഉണ്ടാവില്ല. എല്ലാരും കാണുന്ന പോലെ അറപ്പോടെന്നെയാവും ന്നെ കാണാ.
അപ്പോഴത്തെ കലുഷിതമായ മാനസ്സികാവസ്ഥയിൽ അവൾക്കു താൻ എന്തൊക്കെയാണ് ചിന്തിക്കുന്നതെന്നും, അതിൻ്റെ സാമാന്യബോധമെന്താണെന്നുമുള്ള വേർത്തിരിവ് നഷ്ടപ്പെട്ടിരുന്നു. സങ്കടം ഒരു മഞ്ഞെന്ന പോലെ, അവളുടെ നിഷ്കളങ്കമനസ്സിനെ മൂടിയിരുന്നു.
എൻ്റെ കൂടെ കിടന്നതിൽ പേടിയിണ്ടാവും, പകർന്നിട്ടുണ്ടാവുവോന്ന്. അത് ഒരിക്കലും ഉണ്ടാവില്ല. മീനാക്ഷിക്ക് ജീവനാ അരവിന്ദേട്ടൻ. കുറേനാളായി ആർട്ട് ചെയ്ത്, മെഡിസിൻസ് ഒരിക്കൽപോലും മുടക്കാതെ കഴിച്ച്. തീരെ ഡിറ്റക്ഷൻ ഇല്ലാത്തപോലെ ആയേനു ശേഷമല്ലെ എല്ലാം ഉണ്ടായത്. പ്രൊട്ടക്ഷനും നിർബന്ധിച്ച് ഇട്ടിരുന്നു. ഒരാഗ്രഹവും ഞാൻ സാധിപ്പിക്കാതെ വിട്ടിട്ടില്ലാ. ആഗ്രഹിക്കുന്നതെല്ലാം നൽകിയിട്ടുണ്ട്. അത് മാത്രമേ ഉള്ളു എന്റെ കയ്യിൽ അവസാനമായി ഉണ്ണിയേട്ടന് കൊടുക്കാൻ, എന്നെ തന്നെ…
‘കുറച്ച് കഴിഞ്ഞാ വിചാരിക്കേരിക്കും നാശം, പോയത് നന്നായെന്ന്.’ മീനാക്ഷിയുടെ മനസ്സ് പറഞ്ഞു. കണ്ണ്നിറഞ്ഞ് തുളുമ്പി. നെഞ്ചിൽ അടങ്ങാത്ത ഒരു നീറ്റൽ. ‘അതിനും മുന്ന്, ഈ ലോകത്ത് നിന്ന് തന്നെ എനിക്ക് പോണം’ അവള് ഉറച്ച തീരുമാനമെടുത്തിരുന്നു.
*******
നീന്തിചെന്ന് കയറിയത് ദൂരെയൊരു കരയിലാണ്, അത്രക്ക് ഒഴുക്കുണ്ടായിരുന്നു. കുഴപ്പമില്ല ഒരു തരത്തിൽ നന്നായി, ഇവിടെ നിന്ന് മുന്നിൽ കാണുന്ന കുന്നുകയറി, ചെറിയ കാട് താണ്ടി, ചരിവിറങ്ങിയിൽ ബസ്സ് എത്തുന്നതിനു മുന്നെ വളവിലെ റേഡിലെത്താം.
റിസർവ്ഡ് ഫോറസ്റ്റ് ആണ്, എന്തൊക്കെ ജീവികളുണ്ടാവുമെന്ന് ദൈവത്തിനറിയാം. പക്ഷെ അതൊന്നും അപ്പോൾ എന്റെ തലയിൽ ഓടില്ലായിരുന്നു.