മീനാക്ഷിക്ക് വേണ്ടായിരുന്നു എന്ന് തോന്നി. ഇത്രയും ദുഃഖം സഹിച്ച് ജീവിച്ച ഒരാൾ, അപമാനങ്ങൾ നേരിട്ട ഒരാൾ. അയാളെ ഇനിയും താനെങ്ങനെ പുതിയൊരപമാനത്തിലേക്ക് തള്ളിവിടും. ഇടക്ക് അവൻ്റെ പ്രണയത്തിൽ ലയിച് പോകുമെങ്കിലും, പോകാനുള്ള തന്റെ തീരുമാനം തന്നെയാണ് ശരിയെന്ന് നിമിത്തങ്ങൾ അവളെ പിന്നെയും പിന്നെയും കാണിച്ചു കൊടുത്തു. അവൾ വിഷയം മാറ്റി.
“ചേച്ചിക്ക് എന്താണ് ഇഷ്ടം ഉണ്ണിയേട്ടൻ ഉണ്ടാക്കുന്നതിൽ, എനിക്ക് നല്ലോണം ശർക്കരയിട്ട കൊഴുക്കട്ട.” പെട്ടന്ന് കൊഴുക്കട്ടയുടെ രുചിക്കൊപ്പം മനസ്സിൽ തെളിഞ്ഞു വന്ന ചുംബനത്തിൻ്റെ രുചി അവളെ തെല്ലൊന്ന് നാണിപ്പിച്ചു. ചേച്ചി പക്ഷെ ഇതു ശ്രദ്ധിക്കാതെ, നാക്കിൻ്റെ മസ്തിഷ്കത്തിൽ ഓർമ്മയുടെ നുറുങ്ങുകൾ തപ്പുകയായിരുന്നു.
“എനിക്ക് ഉപ്പ്മാവ്, ക്യാരറ്റും അണ്ടിപരിപ്പും നെയ്യും ചേർത്ത അവന്റെ സ്പെഷ്യൽ ഉപ്പ്മാവ്.” അവളുടെ വായിൽ വന്ന അൽപ്പം കൊതിവെള്ളം ഇറക്കി, കൊതിച്ചിപ്പാറുവായ ആ സിവിൽ സർവ്വൻ്റ് മറ്റുള്ളവരുടെ പ്രിയപ്പെട്ട രുചികളും ഓർത്തു.
“ പിന്നെ അവൻ്റെ വക അമ്മക്ക് ഏലക്കിയിട്ട സ്പെഷ്യൽചായ നല്ല കടുപ്പത്തിൽ, ചേട്ടന് നല്ല കുറുകിയ ക്രീംകളറുള്ള സേമിയപായസം അതിൽ മുന്തിരി നെയ്യിൽ വറുത്തിടും, അഭിക്ക് ഉള്ളിയും കടലമാവും ചേർത്ത എരിവുള്ള മുരുമുരാന്നുള്ള പക്കവട, അച്ഛന് കുഞ്ഞുമീനിൽ നാളികേരപീര വറ്റിച്ച് പച്ചവെളിച്ചെണ്ണയും ഒഴിച്ച് ഉണ്ടാക്കുന്ന മീൻഅവിയൽ, ശാന്തേച്ചിക്ക് നല്ല നെയ്യുള്ള താടാവ് തോല് പൊളിക്കാതെ കായയിട്ടു വച്ചത്. അവൻ്റെ കൂട്ടുകാര് വന്ന അവരു നിർബന്ധിച്ച് അരിവറുത്ത്, ചുവന്ന ശർക്കരയും അണ്ടിപ്പരിപ്പും ചേർത്ത് ഉണ്ടയിടിപ്പിച്ച് തിന്നും. പിന്നെ ഇതൊക്കെ ഒരോരുത്തരുടെ സ്പെഷ്യൽ ആണെങ്കിലും…..”
“ഇതെല്ലാം ചേച്ചി ആദ്യം തന്നെ കഴിക്കും ന്നല്ലെ?” മീനാക്ഷി പൂരിപ്പിച്ചു.
“ എങ്ങനെ മനസ്സിലായി, ആവി പറഞ്ഞുണ്ടോ?!!”
“ഇല്ല ഞാൻ ഊഹിച്ചു.” മീനാക്ഷി ചിരിതുടങ്ങി , ചേച്ചിയും.
“ ഉണ്ണിയേട്ടന് എന്താ ഇഷ്ടം? അത് മാത്രം എനിക്കറിയില്ല.”
മീനാക്ഷിയുടെ ആ ചോദ്യത്തിന് മാത്രം ചേച്ചി ഒരുപാട് നേരം ആലോചിച്ചു.