“അപ്പ ശരി ഭായി കാണാ, കൊറച്ച് തിരക്കിണ്ട്” ഞങ്ങൾ വേഗം കുളകടവിൽ പോകാതെ തിരിച്ചു നടന്നു.
കുറച്ച് ദൂരം നടന്നപോൾ ജോൺ “ പ്രാന്തല്ല, പ്രാന്താണങ്കി ഇത്ര വ്യക്തമായിട്ട് കാര്യം പറയില്ല.”
“നമ്മളത് കണ്ടിട്ടില്ല, അറിഞ്ഞിട്ടും ഇല്ല, ഞാൻ കഴുകിട്ട് വരാ” അജു ഒരു സോഡ വാങ്ങി കൈയ്യൊക്കെ കഴുകി ഞങ്ങൾ ഒന്നും രണ്ടും പറഞ്ഞ് നിക്കുമ്പൊ ഒരു പോലീസ് ജീപ്പ് അങ്ങോട്ട് പോയി, കുറച്ച് കഴിഞ്ഞ് തിരിച്ച് പോകുമ്പോൾ അതിൽ ഭായും പിളേളരും ഉണ്ട്. ഭായി ഞങ്ങളെ നോക്കി കൈകാണിച്ചു. അജു റിഫ്ലെക്സ് എന്ന പോലെ തിരിച്ച് കാണിച്ചു. പിന്നെയാണ് അബദ്ധം തോന്നിയത്. തിരിച്ച് നോക്കുമ്പോൾ ജോൺ കലിച്ച് നിക്കുന്നുണ്ടായിരുന്നു.
ഭായിക്കിതൊരു പുതുമ അല്ലാത്തോണ്ട് ഞങ്ങളത് വിട്ടു. പിന്നെയും ഒരോന്നൊക്കെ പറഞ്ഞിരിക്കെ, ഇരുട്ട് വീണുതുടങ്ങി. ചേട്ടൻ എറണാകുളത്തുന്ന് ജോലികഴിഞ്ഞ് എത്തിക്കാണും. ഒരു മിസ്സ്കോൾ കിടപ്പുണ്ട്. അവനെ ഒന്നു കാണാം എന്ന് വച്ച് ഞാൻ തിരിച്ചു നടന്നു. ധാവണിയിൽ മീനാക്ഷിയെ ഒന്നുകൂടി കാണാം എന്നതാണ് ശരിക്കും ഉള്ളിലുള്ള മോഹം.
********** ചമ്മന്തി വച്ച പാത്രം കഴുകാൻ എടുത്തപ്പോൾ, അൽപ്പനേരം വാസനിച്ച്, ഒന്നുകൂടി രുചിച്ച് നോക്കുന്ന ചേച്ചിയോട് മീനാക്ഷി ചോദിച്ചു.
“അത്രക്ക് ഇഷ്ടായോ ഇത്. അച്ഛനും ഒരുപാട് ഇഷ്ടമായി കണ്ടു. ഇത് വെറുമൊരു ഉപദംശം മാത്രമല്ലെ.” മീനാക്ഷി ഒന്ന് നിറുത്തി, ചേടത്തിയവളെ ഒന്നു ചുഴിഞ്ഞു നോക്കി.
“അങ്ങനെന്നല്ലെ പറയാ, സൈഡ്ഡിഷിന്. ഉണ്ണിയേട്ടൻ പറഞ്ഞ് കേട്ടതാ.” മീനാക്ഷിക്ക് നല്ലപോലെ അതിൻ്റെ ഉത്തരമറിയാം, കാരണം അവൾക്കും അറിയാം അവന്റെ കൈ കൊണ്ട് എന്തുണ്ടാക്കിയാലും അതിന് അവൻ്റെ അമ്മയുടെ കയ്യുടെ അതേ രുചിയാണെന്ന്, ഇവർക്കെല്ലാം അത് ജീവനാണെന്ന്. എങ്കിലും ഒരാഗ്രഹം, ഒരിക്കലും അവനെ പുകഴ്തികാണാത്ത ചേച്ചിയിൽ നിന്ന് അത് കേൾക്കാൻ.
“അവനോട് പറയാൻ നിക്കണ്ട, അഹങ്കാരാവും. അവൻ മുഴുവനായും അമ്മേട പോലെയ. അവൻ ഇല്ലാതിരുന്ന ഇത്രകാലം എത്ര ഞങ്ങൾ അവനെ മിസ്സ് ചെയ്തുന്നു അറിയോ. ഈ കൈപുണ്യം മിസ്സ് ചെയ്തുന്ന് അറിയോ. എല്ലാരുടെ ഭാഗത്തും തെറ്റുണ്ട്. അവൻ നല്ലനിലയിൽ ആയി കാണണം, ഒരു വാശി വരണംന്ന് ഒക്കെ വച്ച് ചെയ്തതാണ്. പക്ഷെ എല്ലാം എപ്പോഴൊക്കെയോ പരിധി വിട്ട്പോയി. ഒരുപാട് വെറുപ്പിച്ചു. അമ്മയൊഴികെ ആരും അവനെ സ്നേഹത്തോടെ നോക്കീട്ട് പോലുമില്ല ഒരുപാട് നാളായിട്ട്. എങ്കിലും ആരോടും ഇതുവരെ അവൻ ദേഷ്യം കാണിച്ചിട്ടില്ല. ഒതുങ്ങി മാറേ ചെയ്തിട്ടുള്ളോ. സ്നേഹിച്ചിട്ടേ ഉള്ളു.” അവള് കണ്ണൊന്ന് തുടച്ചു. കണ്ണീര് നാണക്കേടുള്ള ഒരു കാര്യമല്ല. അത് സ്നേഹമാണ്.