ഞാൻ വെറുതെ അവളുടെ ആർത്തിനോക്കി. പ്രത്യേകിച്ച് നന്ദിയൊന്നും ഇല്ലെങ്കിലും, തളർത്താൻ പറ്റിയാലതും ചെയ്യുമെങ്കിലും അവക്ക് ഞാൻ ഉണ്ടാക്കണതെല്ലാം ജീവനാണ്. എന്നെക്കാളും ഒരു വയസ്സ് താഴെയാണ്. അതുകൊണ്ട് തന്നെ ഇവളായിരുന്നു അച്ഛൻ്റെ എനിക്കെതിരെയുള്ള പ്രധാന ആയുധം. അവളതിനൊത്ത് ഉണ്ടകയ്യിനെ പുച്ഛിക്കുകയും ചെയ്യും. ഞാൻ ഉണ്ടാക്കണ ഭക്ഷണം കുത്തിക്കേറ്റി എനിക്ക് തന്നെ പണിതരുന്ന ഒരു പ്രത്യേക സാധനം. അവളു മരംപൊടിക്കണ മെഷീനിൽ പൂളത്തടിയിറക്കുന്ന പോലെ പപ്പടം വലിയ ശബ്ദത്തിൽ വായിലേക്ക് കുത്തികയറ്റി, അതിനു പിന്നലെ ഒട്ടും സമയം കൊടുക്കാതെ ഒരുരുളയും തിരുകി. ശവം..!!, പിള്ളേരെ പറ്റിയൊക്കെ അവളു മറന്നൂന്ന് തോന്നണു. ഞാൻ പോകുമ്പോ കുറച്ച്കൂടി ചെറിയ പിള്ളേരായിരുന്നു. ഇപ്പോൾ ആരെയും ശല്യം ചെയ്യാൻ പാകത്തിൽ വളർന്ന് വലുതായി മുറ്റിനിൽക്കുന്നു രണ്ടും.
ഇതിനിടേല് അവരുടെ ആർത്തി തലക്ക്പിടിച്ച് പ്രാന്തായ തള്ള, ചേടത്തി, അവള് എന്നെ നോക്കുന്നുണ്ട്, ഒരു ചെറിയ ആശ്വാസത്തിൻ്റെ ചിരി അവളുടെ ചുണ്ടിലെവിടെയോ ഉണ്ട്. അതവൾ പുറത്ത് വരാതെ പിടിച്ച് നിറുത്തിയിട്ടുണ്ട്. കണ്ണില് ചെറിയ നനവ് പടരുന്നത് പോലെ. ഞാൻ വെറുതേ ചിരിച്ചുകൊണ്ട്, അവളോട് നിറുത്തണ്ട, പണിതുടരട്ടേന്ന് മുഖമിളക്കി ആക്ഷൻ കാണിച്ചു.
“പോടാ പട്ടി, നീ പോയി നിൻ്റെ പണിനോക്ക്. പാതിരാത്രി എറങ്ങി പോയിട്ട് കയറി വന്നിരിക്കാ കൊല്ലങ്ങൾ കഴിഞ്ഞ്, തെണ്ടി”
“ഒരു എക്സിക്യൂട്ടീവ്, സിവിൽ സർവൻ്റിൻ്റെ വായിൽനിന്ന് വരുന്ന ഡിപ്ലോമാറ്റിക്ക് ഭാഷയാണ് കേൾക്കുന്നത്, നാടിൻ്റെ ഒരു അവസ്ഥ.”
അവള് അത് മൈൻഡ് ആക്കാതെ അവളുടെ ആർത്തിപിടിച്ച തീറ്റതുടർന്നു.അവളുടെ സ്നേഹം ഇങ്ങനെയാണ്. പക്ഷെ അവക്ക് സങ്കടം വന്നാൽ കൂടുതൽ തിന്നും. ഇന്ന് വൈകുന്നേരത്തേക്ക് വേറെ അരിയിടണ്ടി വരും ന്നാ തോന്നണത്.
*******
പിള്ളേരുടെ ശല്ല്യം സഹിക്കാൻ പറ്റാണ്ട് ഞാൻ മച്ചിലേക്കും നോക്കിയിരിക്കുമ്പോൾ ആണ് അജുവിന്റെ കോള് വരുന്നത്. വിളിക്കാൻ വിട്ട്പോയി. പക്ഷെ അറിഞ്ഞ് കാണും. നാട്ടിലെ ട്രെൻ്റഡിംങ് ന്യൂസിപ്പോൾ ഇതാവും. ‘നാട്ടിലെ തലതെറിച്ച പയ്യൻ്റെയൊപ്പം ഓടിപോയ രാഘവേട്ടൻ്റെ സുന്ദരിയായ മോള്, പട്ടി ചന്തക്ക് പോയത് പോലെ തിരിച്ച് വന്നു, കൂടെ ഒരുഗതിക്ക് മറുഗതിയില്ലാതെ അവനുമുണ്ട്.’ സുഭാഷ് ….!!