“അയ്യോ സോറി ഒന്നും പറയേണ്ട, ഇതുപോലുള്ള തമാശൊക്കെ കൈയ്യിലുണ്ടെങ്കിൽ മുൻപേ പറഞ്ഞേക്കണം, കേട്ടല്ലോ”
വേണ്ടാതീനം കാണിക്കാൻ തോന്നിയ നിമിഷത്തെ ഞാൻ ശപിച്ചു.
“അങ്കിളേ ഈ കാപ്പി തണത്തു പോയല്ലോ?” അവൾ വിഷയം മാറ്റാനായി അത് ചോദിച്ചെങ്കിലും പെട്ടെന്ന് നെർവസ് ആകുന്ന എനിക്ക് വിശദമായ മറുപടി പറയാനുള്ള ത്രാണിയില്ലാത്തതു പോലായിക്കഴിഞ്ഞിരുന്നു.
ഒരു നിമിഷം മുരടനക്കി സ്വരം ശരിയാക്കിയ ശേഷം ഞാൻ പറഞ്ഞു..
“വേറെ കോഫി ഓർഡർ ചെയ്യാം”
“ഓ വേണ്ടങ്കിളേ ഇതു തന്നെ കുടിക്കാം”
കാപ്പി കുടിക്കുന്നതിനിടയിൽ പെട്ടെന്ന് അവൾ ഉറക്കെ ഒരു ചിരി.!!!
ഞാൻ അന്തം വിട്ട് അവളെ നോക്കി; എന്താ ഇപ്പോൾ ഇവിടിത്ര ചിരിക്കാൻ എന്ന അർത്ഥത്തിൽ.
അവൾ കാപ്പി കപ്പ് വിഷമിച്ച് തുളുമ്പാതെ മേശയിൽ കൊണ്ടു പോയി വച്ചിട്ട് വയറിൽ അമർത്തി പിടിച്ച് വീണ്ടും ചിരിക്കുകയാണ്!!
“ഉം?”
“ഒന്നുമില്ല, ഓരോന്ന് ആലോചിച്ച് ചിരിച്ചു പോയതാണ്.”
ഒന്ന് നോർമ്മലായി വന്ന ഞാൻ പിന്നേയും വിഷണനായി
“ങാ പോട്ടെ… അങ്കിളേ ഞാൻ പല്ലു തേച്ചില്ല, ബ്രെഷ് ഉണ്ടോ?”
“ഞാൻ എന്തിനാ എക്സട്രാ ബ്രഷും കൊണ്ട് നടക്കുന്നത്, അല്ല കാപ്പി കുടിച്ചത് പല്ലു തേക്കാതെയാണോ?”
“ഇത് ബെഡ് കോഫി അതിന് പല്ലു തേക്കേണ്ട”
“എന്റെ കൈയ്യിൽ എന്റെ ബ്രെഷ് മാത്രമേയുള്ളൂ”
അവൾ എഴുന്നേറ്റ് പോയി എന്റെ സ്യൂട്ട്കേസിൽ നിന്നും ബ്രെഷും പേസ്റ്റും ലാഘവത്തോടെ എടുത്തു. എന്റെ ബ്രെഷിൽ പേസ്റ്റ് തേച്ച് പല്ലു തേയ്ക്കാൻ തുടങ്ങി.!!
കവിളിനിട്ട് അടികിട്ടിയിടത്ത് ചുംബിച്ച് സുഖപ്പെടുത്തുന്നതു പോലെയായിരുന്നു ആ പ്രവൃത്തി, എങ്കിലും ഞാൻ പറഞ്ഞു.
“ഇനി ഞാൻ പുതിയ ബ്രെഷ് വാങ്ങേണ്ടെ?”
“ഹും എന്നെപ്പോലെ സുന്ദരിയായ ഒരു പെണ്ണിന്റെ കോമളദന്തനിരകളെ തഴുകാൻ ഭാഗ്യം ലഭിച്ച ഈ അമൂല്യ വസ്തു ഭവാൻ എക്കാലവും ഉപയോഗിക്കുകയാണ് വേണ്ടത്”