7 ഒക്ടോബർ 2025. ഞായർ. ഞാൻ ഉറങ്ങാതെ സൂര്യോദയം നോക്കി കിടന്നു. ആ കാലത്ത് ഓരോ കേസും എനിക്കു ആവേശം ആയിരുന്നു. രാവിലെ 2 വണ്ടി പോലീസിന്റെ അകംപടിയോടെ ഞങ്ങൾ നല്ലരിയിലേക്ക് തിരിച്ചു. രാവിലെ 8 മണിയോടെ ആദ്യത്തെ ക്രൈം നടന്ന വീട്ടിൽ എത്തി. ശക്തമായ മാരിയും മഞ്ഞും അവിടേക്കുള്ള യാത്ര ദുസ്സഹമാക്കിയിരുന്നു. ഞങ്ങൾ അവിടെ ചെന്നപ്പോൾ കുറേ ഏറെ ആളുകൾ അവിടെ ചുറ്റും നിന്നിരുന്നു. ഈ കേസ് കേരളാ പോലീസിൽ നിന്നും ക്രൈം ബ്രാഞ്ചിനു കൈ മാറുന്നതിന്റെ സൂചനയാണോ താങ്കളുടെ ഈ വരവ്, അത് ചോദിച്ച പത്രപ്രവർത്തകനെ പോലീസുകാർ എന്റെ അടുത്ത് നിന്നും പിടിച്ചു മാറ്റി. എനിക്കു കുട ചൂടി കൂടെ നടന്ന ചെറിയാൻ ചേട്ടന്റെ തോളിൽ കൈ ഇട്ട് ഞാൻ ആദ്യത്തെ ക്രൈം നടന്ന വീട്ടിൽ പ്രവേശിച്ചു.
രക്തത്തിന്റെയും, മണ്ണിന്റെയും, ഏതോ ഒരു രാസപദാര്‍ത്ഥത്തിന്റെയും വാസന എന്റെ നാസിക തുളച്ചു കേറി. ഞാൻ ആ രാസപദാര്‍ത്വം ഏതാണ് എന്നു ആലോചിച്ചു നോക്കിയെങ്കിലും മനസ്സിൽ പേര് ഓടി വരുന്നില്ല. ഞാൻ ചുറ്റും കണ്ണുകൾ ചലിപ്പിച്ചു. 800 സ്‌ക്വർ ഫീറ്റ് വരുന്ന ഒരു കോൺക്രീറ്റ് വീട്, ഈ അടുത്ത നാളുകളിൽ എന്നോ വീടിന് പുതിയ പെയിന്റ് അടിച്ചിരിക്കുന്നു. വീടിന്റെ വെളിയിലോട്ടു ഇറങ്ങാൻ 2 വാതിലുകൾ, ഒന്ന് ഹാളിലും രണ്ടാമത്തേത് അടുക്കളയിലും ആണ്. രണ്ട് ഡോറിലെയും കുറ്റി സ്ഥാനത്തു തന്നെ ഉണ്ട്, അതുകൊണ്ട് വിക്ടിം ഡോർ തുറന്നു കൊടുത്തിട്ടു തന്നെയാണ് കൊലപാതകി അകത്തു കേറിയത്.
ഭർത്താവ് മരിച്ചിട്ട് അനേകം നാളുകൾ ആയിട്ടില്ലാ എന്നത് ഭിത്തിയിൽ കിടന്ന പുതിയ ഫോട്ടോയും, അതിൽ തൂക്കി ഇട്ട വാടി തീർന്ന മുല്ല മാലയും സൂചിപ്പിച്ചു. സാർ വിക്ടിമിനു 56 വയസ്സ് ഉണ്ട്, പേര് മെറിൻ. ഒറ്റക്കു ആയിരുന്നു താമസം, ഭർത്താവ് ബിജോ മൂന്നു മാസം മുൻപാണ് മരിച്ചത് എന്ന് ഒരു സ്.ഐ റാങ്കിൽ ഉള്ള പോലീസുകാരൻ വന്ന് പറഞ്ഞു. ആ പോലീസുകാരന്റെ പേര് ഗിരി എന്നാണെന്നു ഷർട്ടിലെ നെയിം ടാഗിൽ നിന്നും ഞാൻ മനസ്സിലാക്കി. ഇവരുടെ മകളുടെ കല്യാണം കഴിഞ്ഞ് ഉടനെ ആയിരുന്നല്ലേ ബിജോയുടെ മരണം, ഞാൻ ഷെൽഫിൽ ഇരുന്ന ഒരു ആൽബം മറിച്ചു നോക്കുന്നതിന് ഇടയിൽ ചോദിച്ചു. അത് സാറിനോട് ആരു പറഞ്ഞു, അയാൾ ആശ്ചര്യം മറച്ചു വെക്കാതെ ചോദിച്ചു. മകളുടെ കല്യാണ ആൽബത്തിൽ ഈ ബിജോയും ഉണ്ടെല്ലോ, ഞാൻ കൈയിൽ ഇരുന്ന ആൽബം ഗിരിയെ കാണിച്ചു. മകളുടെ കല്യാണത്തിന് ആയിരിക്കണം വീട് പെയിന്റ് അടിച്ചത്.