വീട്ടിൽ ചെന്ന് കാര്യങ്ങൾ പറഞ്ഞപ്പോൾ മുതൽ അമ്മയുടെ മുഖത്ത് കടന്നൽ കുത്തിയത് പോലെ ആയി. അച്ഛൻ മരിച്ചതിന്റെ ആണ്ട് പോലും കഴിഞ്ഞിട്ടില്ലാ, അതിന് ഇടക്ക് മകന്റെ അപകടം പിടിച്ച ജോലിയും എല്ലാം അമ്മക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഞാൻ തുണിയും, മറ്റു സാധനങ്ങളും എല്ലാം ബാഗിൽ ആക്കുന്നതിനു ഇടയിൽ അമ്മയെ എങ്ങനെ എങ്കിലും പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. അവസാനം സൂക്ഷിക്കണം എനിക്ക് നീ മാത്രമേ ഒള്ളൂ എന്ന് ഓർക്കണം, ഇതും പറഞ്ഞ് അമ്മ മനസ്സ് ഇല്ലാ മനസ്സോടെ എന്നെ യാത്രയാക്കി.
ഞാൻ വണ്ടിയിൽ ഇരുന്ന് തന്നെ വർഷ അയച്ച ഫോട്ടോസ് എടുത്തു നോക്കി. അടുക്കളയിൽ ആയിരുന്നു ആദ്യത്തെ മദ്യവയസ്ക്ക മരിച്ചു കിടന്നത്, അവരുടെ തല അൽപ്പം മാറി കതകിനു അടുത്ത് കിടക്കുന്നു. വർഷ പറഞ്ഞത് സത്യം ആണെന്ന് എനിക്ക് മനസ്സിലായി, അതി ക്രൂരമായ ഒരു കൊലപാതകം. കതകു തകർത്തു അല്ല ആക്രമി വീട്ടിൽ കേറിയത് എന്ന് ഫോട്ടോയിൽ നിന്ന് തുറന്നു കിടന്ന കതക് വ്യക്തമാക്കിയിരുന്നു. രണ്ടാമത്തെ ഇര ഒരു പെൺകുട്ടി ആയിരുന്നു, അവളുടെ ശരീരം ലഭിച്ചത് ഗവണ്മെന്റ് സ്കൂളിനോട് ചേർന്നു കിടന്ന പറമ്പിൽ നിന്നും ആണ്.
ആ കൊച്ച് കുട്ടിയുടെ ദേഹത്തും എണ്ണി തീർക്കാൻ പറ്റാത്ത അത്രയും മുറിവുകൾ ഉണ്ടായിരുന്നു. രണ്ടാമത്തെ ക്രൈം സീനിൽ നിന്നുള്ള ഫോട്ടോസ് ഒന്നുടെ സൂം ചെയ്ത് നോക്കിയപ്പോൾ ആ പെൺകുട്ടിയുടെ കഴുത്തിൽ ആക്രമി ആഴത്തിൽ കടിച്ച് പറിച്ചിട്ടുണ്ടെന്നു മനസ്സിലായി, എന്റെ ശരീരം ഒന്ന് വിറച്ചു എന്ന് പറയുന്നത് ആണ് വാസ്തവം. ഞാൻ അപ്പോൾ തന്നെ വർഷയെ വിളിച്ച് ഈ കാര്യം തിരക്കി. അവൾ അത് അവർ കണ്ടെന്നും, ഫോറെൻസിക്ക് വന്ന് അവിടെ നിന്നും ഉമ്മിനീരിന്റെ ട്രേസ് കിട്ടുമോ എന്ന് അറിയാൻ സാമ്പിൾ എടുത്തു എന്നും അറിയിച്ചു.
പല്ലുകളുടെ പാട് വെച്ച് ജോ മാർക്ക് ട്രേസ് ചേയണമെന്നും ഞാൻ അവളോട് പറഞ്ഞു. ഫിംഗർ പ്രിന്റ് പോലെ തന്നെ ഓരോരുത്തർക്കും ജോ മാർക്കും വ്യത്യസ്തം ആയിരിക്കും. കുറച്ചു ദൂരം കാറിന്റെ ജനാലയിലൂടെ എല്ലാം വീക്ശിച്ചു ഇരുന്ന ഞാൻ കാറിൽ കിടന്ന് കുറേ നേരം മയങ്ങി പോയി. സാറേ ഒരു ചായ കുടിച്ചാലോ, തങ്കമണി ആയി ഇവിടം കഴിഞ്ഞാൽ പിന്നെ കട ഒന്നും കാണാൻ സാധ്യത ഇല്ലാ എന്ന് ചെറിയാൻ ചേട്ടൻ പറഞ്ഞു .