“ഇല്ലടാ. ഒപ്പം പഠിച്ച കൂട്ടുകാരന്റെ മോന്റെ കല്യാണത്തിന് പോയതാ ”
‘എപ്പോഴാ വരുക’
“കുറച്ചു കഴിഞ്ഞാ എത്തൂടാ ”
‘അച്ഛന്റെ കച്ചോടം എങ്ങനെ പോണു ‘
“കച്ചോടം കുറവാ…..എന്ത് പറയാനാ പഴയ കടയല്ലേ… ഇപ്പൊ എല്ലാവർക്കും സൂപ്പർമാർകെറ്റ് പോരെ… അത് ഒന്ന് പുതുക്കി പണിയാൻ പറഞ്ഞാൽ ചേട്ടൻ കേൾക്കത്തുമില്ല… ഏതാണ്ട് ഒരു ആത്മബന്ധം ഉള്ള പോലെ…. അല്ല ഇപ്പൊ ഫുൾ ടൈം കമ്പനി കാര്യങ്ങൾ നോക്കാണെന്ന് കേട്ടു ”
‘ആ… ഹൈദരാബാദിലെ ജോലി ഒഴിവാക്കി ‘
“ഒരു വിധത്തിൽ അതാ നല്ലത്… നാട്ടിൽ തന്നെ ഉണ്ടാകുമല്ലോ ”
അവര് തമ്മില് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് അടുത്ത വീട്ടിലെ ശാന്തേച്ചി അതു വഴി വന്നത്.. അമ്മയും ദേവൂവും അടുക്കള ഭാഗത്തേക്ക് നടന്നു. ശാന്തേച്ചിയുടെ ഏതോ ബന്ധുവിന് ആക്‌സിഡന്റ് പറ്റിയിരുന്നു…അവിടെ പോയി വരുന്ന വഴിയാണ്… എനിക്കും അവിടെ പോയി കാര്യങ്ങൾ അറിയണമെന്നുണ്ട് പക്ഷെ………ഇവനിവിടെ ഒറ്റക്കായി പോകത്തില്ലേ….
കിച്ചുവിന്റെ മുഖത്ത് ശ്രദ്ധിച്ചു നോക്കിയാൽ ഒരു വിഷാദ ഭാവം കാണാം… ഞാൻ എന്ത് ചെയ്യാനാ…
പ്ലേറ്റിലുള്ള പാൽപ്പേടയിൽ നിന്നും ഒരു കഷ്ണം പൊട്ടിച്ചു അവൻ കണ്ണന് നേരെ കൊണ്ട് പോയി..
“അത് കൊടുക്കേണ്ട ”
അത് കേട്ടപ്പോ കണ്ണന് കൊടുക്കാൻ പോയത് അവൻ തന്നെ കഴിച്ചു….എനിക്കെന്താ തരാത്തെ എന്ന ചോദ്യ ഭാവത്തോടെ കണ്ണൻ കിച്ചുവിന്റെ മുഖത്തേക്ക് നോക്കുന്നുണ്ട്… അത് കണ്ട് അവൻ കണ്ണന്റെ നെറ്റിയിൽ ഒരുമ്മ കൊടുത്തു. ഇനി നോക്കീട്ട് കാര്യമില്ലന്ന് മനസ്സിലായ കണ്ണൻ തന്റെ കുഞ്ഞി കൈകൾ കൊണ്ട് ടേബിളിൽ നിരത്തി വച്ചത് എടുക്കാൻ ഒരു പായ്ശ്രേമം നടത്തി.
കിച്ചു പ്ളേറ്റിലുള്ള അവിലോസും പൊടി സ്പൂണ് കൊണ്ട് വായെക്ക് എടുത്തിടലും മടിയിലിരിക്കുന്ന കണ്ണൻ ചായ ഗ്ലാസിനടുത്തേക്ക് കൈ കൊണ്ട് പോയതും ഒരുമിച്ചായിരുന്നു… വായിലിട്ടത് മറന്ന് കണ്ണന്റെ കൈ തടഞ് എന്തോ പറയാൻ പോയതും പൊടി തൊണ്ടയിൽ കുടുങ്ങി ചുമക്കാൻ തുടങ്ങി..
താൻ ചെയ്ത് കൊടുക്കേണ്ട ആവശ്യമില്ലാന്ന് മനസിനോട് പറഞ്ഞെങ്കിലും കൈ യാന്ത്രികമായി തന്നെ അവന്റെ മുതുകത്ത് തടവാൻ തുടങ്ങി. വായിലുള്ള പൊടി പുറത്ത് പോകേണ്ട എന്ന് വിചാരിച്ചിട്ട് കൈ കൊണ്ട് പൊത്തി പിടിച്ചതോണ്ട് നിലത്തൊന്നും ആയില്ല.. എല്ലാം അവന്റെ കയ്യിൽ തന്നെ ഉണ്ട്.. കണ്ണിൽ നിന്നൊക്കെ വെള്ളം വന്നിട്ടുണ്ട്… ഇതൊക്കെ കണ്ടിട്ട് അവന്റെ കയ്യിലുള്ള കണ്ണന്റെ മുഖം ആകെ പേടിച് വിളറി പോയി…