സ്കൂളിൽ പോയി കൊച്ചിനെ കൂട്ടാമെന്ന് ചേച്ചി പറഞ്ഞെങ്കിലും അവർ പറഞ്ഞു കൊച്ചിനെ നോക്കി കൊള്ളാം എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ നാളെ ചെറുതോണിക്ക് വന്നു കൊള്ളാമെന്ന് .ചേച്ചി പെട്ടെന്ന് കുറെ ഡ്രസ്സും ആയി വന്നു. ഞാൻ ചേച്ചിയുടെ ഭർത്താവിനെ ഒന്നുകൂടി വിളിച്ചു നോക്കി.പക്ഷേ കിട്ടുന്നില്ല.ഞങ്ങൾ 10 50 ന് അവിടെനിന്ന് യാത്ര തിരിച്ചു
സാമാന്യം നല്ല വേഗതയിലാണ് ഞാൻ വണ്ടി ഓടിച്ചത്.ചേച്ചി പുറകെ സീറ്റിൽ ടതുവശം ചേര്‍ന്നാണ് ഇരിക്കുന്നത്.ഞാൻ റിയർവ്യൂ മിററിലൂടെ ഇടയ്ക്ക് ചേച്ചിയെ നോക്കിയതല്ലാതെ ഞങ്ങൾക്കിടയിൽ നിശബ്ദത തളംകെട്ടി തന്നെ ഇരുന്നു.
ദൂരയാത്രകളിൽ ഇടയ്ക്ക് ഒരു ചായ കുടിക്കുക എന്നത് എന്റെ ശീലമാണ്.സ്ഥിരം പോകാറുള്ള റൂട്ടുകളിൽ എനിക്ക് ചില കടകൾ സ്ഥിരവുമാണ്.ഞങ്ങൾ കോതമംഗലം കഴിഞ്ഞ് നേര്യമംഗലം റൂട്ടിലാണ് ഇപ്പോൾ യാത്ര .ഞാൻ സ്ഥിരമായി ചായ കുടിക്കാനുള്ള കടയുടെ മുൻപിൽ രണ്ടുമൂന്നു വണ്ടികൾ നിർത്തിയിട്ടിരിക്കുന്നു.ഞാൻ അതിനെ മറികടന്ന് വണ്ടി പാർക്ക് ചെയ്തു.ചേച്ചി എന്നെ എന്തേ എന്ന ഭാവത്തിൽ നോക്കി.
മുഖത്ത് ആ പഴയ ഭാവം തന്നെ.ഞാൻ പറഞ്ഞു നമുക്ക് ഒരു ചായ കുടിച്ചിട്ട് യാത്ര തുടരാം .ചേച്ചിയുടെ കരഞ്ഞ ഭാവമുള്ള മുഖത്ത് ഒരു ചെറുപുഞ്ചിരി പോലും വരുന്നില്ല.സാരമില്ലെന്നേ …ഒന്നും പറ്റി കാണില്ല ഇത്രയ്ക്ക് ടെൻഷന്റെ ആവശ്യമില്ല ഞാൻ ആശ്വസിപ്പിച്ചു.കടയിൽ പോയി രണ്ട് ചായ പറഞ്ഞു ഒരെണ്ണം വാങ്ങി ഒരു പഴംപൊരിയും ആയി വണ്ടിയുടെ അടുത്തേക്ക് വന്നു.അത് ഞാൻ ചേച്ചിക്ക് കൊടുത്തു.ഞാൻ തിരികെ കടയിൽ പോയി ചായയും പഴംപൊരിയും കഴിച്ച് ഇരുന്നപ്പോഴേക്കും മറ്റു വണ്ടിക്കാർ ചായകുടിച്ച് വണ്ടിയുമായി പോയി.പിന്നെ അവശേഷിച്ചിരുന്നത് ആ കടയുടെ ഓണറുടെ ഒരു ജീപ്പ് മാത്രമായിരുന്നു.
അത് സ്ഥിരമായി അവിടെ ഉണ്ടാകാറുള്ളതാണ്.ഞാൻ വണ്ടിയുടെ അടുത്ത് വന്ന് ഗ്ലാസ് വാങ്ങി തിരിഞ്ഞു നടക്കുമ്പോൾ ചേച്ചിയുടെ ഫോൺ റിങ് ചെയ്യുന്നത് കേട്ടു.കടയിൽ വന്ന് പണവും കൊടുത്തു അല്പം വർത്തമാനവും പറഞ്ഞു ഞാൻ തിരിച്ചു വണ്ടിയുടെ അടുത്ത് വന്നപ്പോൾ ചേച്ചി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.പഴയ വിഷാദഭാവം പോയി ഒരു ചെറുപുഞ്ചിരി മുഖത്ത് ദൃശ്യമായി.ഞാൻ ഡോറിനോട് ചേർന്നുനിന്നു .
ഡോർ അടച്ചിട്ടുണ്ടായിരുന്നില്ല.ചേച്ചി ഒക്കെ പറഞ്ഞു ഫോൺ കട്ട് ചെയ്തു.ഞാൻ ആരാണ് എന്ന ഭാവത്തിൽ ചേച്ചിയെ നോക്കി . ആങ്ങള ആയിരുന്നു അവൻ ആശുപത്രിയിൽ എത്തി.അച്ഛന് കുഴപ്പമൊന്നുമില്ല.കാലിന് ചെറിയ ഒരു ഫ്രാക്ചർ ഉണ്ട് .ഉരഞ്ഞ് കുറച്ച് തൊലിയും പോയിട്ടുണ്ട്.ഫോണിൽ അച്ഛനും സംസാരിച്ചു സമാധാനമായി എന്ന് ചേച്ചി പറഞ്ഞു.