” വാ എഴുന്നേൽക്കാം ” അവൻ ദേഷ്യത്തോടെ അഞ്ജലിയോട് പറഞ്ഞു. അഞ്ജലി ഒന്നും മിണ്ടാതെ അവിടെ നിന്നും എഴുന്നേറ്റു കൈ കഴുകാൻ ചെന്നു.
” ഞാൻ എന്റെ ജീവിതത്തിൽ ഇന്നേവരെ ഇത്ര വൃത്തികെട്ട ഫുഡ് കഴിച്ചിട്ടില്ല ” അവൻ പറഞ്ഞു.
” പോട്ടെ സിദ്ധു ഇന്ന് ഒരു ദിവസത്തേക്ക് അല്ലേ ” അഞ്ജലി സമാധാനിപ്പിച്ചു.
സിദ്ധാർത്ഥ് മുഖം തുടച്ചശേഷം ബില്ല് അടക്കാൻ കൗണ്ടറിലേക്ക് ചെന്നു. ഹോട്ടലിന്റെ മുതലാളി ജോണാണ് അവിടെ ഇരിക്കുന്നത്, കൂടെ ചക്കരയും ഉണ്ട്. അവര് പരിചയക്കാരാണെന്ന് തോന്നുന്നു.
” എത്രയാണ് ? ” സിദ്ധു ചോദിച്ചു.
” 420 ” ജോൺ മറുപടി നൽകി.
” നാലു പൊറോട്ടക്കും ഒരു കറിക്കും കൂടി 420 ? ” സിദ്ധു ചോദിച്ചു.
” ഇതുകൂടാതെ രണ്ട് ജ്യൂസും ബില്ലിൽ കാണുന്നുണ്ടല്ലോ ? ” ജോൺ തിരിച്ചു ചോദിച്ചു.
” ജ്യൂസ് ഞങ്ങൾ കഴിച്ചിട്ടില്ല. “
സിദ്ധു പറഞ്ഞു.
ജോൺ ഉടനെ ജോലിക്കാരനെ വിളിച്ചു : ഡാ മണി ബില്ലൊക്കെ നോക്കണ്ടെടാ.. സാറ് ജൂസ് കുടിച്ചിട്ടില്ലെന്നാ പറഞ്ഞത്..
” അയാള് ഓർഡർ ചെയ്ത സാധനത്തിന്റെ ബില്ലേ അതിനുള്ളു, അയാള് ജ്യൂസ് കുടിക്കാത്തത് എന്റെ തെറ്റാണോ..? ” മണി മറുപടി നൽകി.
” ഭക്ഷണം കഴിച്ചാൽ കാശ് കൊടുക്കുന്നതല്ലേ സാറെ അതിന്റെ മരിയാത.. ” ചക്കര ഇടയ്ക്ക് കയറി പറഞ്ഞു.
” കഴിച്ചതിന്റെ അല്ലാതെ പത്ത് പൈസ ഞാൻ തരില്ല…” സിദ്ധു ദേഷ്യത്തോടെ പറഞ്ഞു.
” സാറ് ചൂടാവാതെ സാറെ.. സാറിന് ഇഷ്ടമല്ലാത്തത് ഞങ്ങടെ പ്രശ്നം അല്ലല്ലോ..? ” ജോൺ ചോദിച്ചു.