“അത് ശരിയാ… മാളു… അതൊരു മികച്ച തീരുമാനമായിരിക്കും…”
ബാക്കിയുള്ള കൂട്ടുകാരികളും ഊറിചിരിച്ചുകൊണ്ട് പിൻതാങ്ങി..
“ശരിയാ…. മാളവിക കാണാനും മിടുക്കിയാ…”
ഭൈരവ് ചിരി കടിച്ച് പിടിച്ച് പറഞ്ഞു
അത് കേട്ടതും കിച്ച ദേഷ്യത്തോടെ ബാഗ് കൊണ്ട് ഭൈരവിനെ ഒരടി കൊടുത്തിട്ട് ചാടിത്തുള്ളി വെളിയിലേക്കിറങ്ങി പോയി, അത് കണ്ട് എല്ലാവരും പൊട്ടിച്ചിരിച്ചു
“പിറകെ വിട്ടോ ഭൈരവേട്ടാ… കുശുമ്പ് കുത്തിയ പോയേക്കുന്നെ, പല്ലും നഖോം തിരിച്ചു കിട്ടിയാ ഭാഗ്യം… ആറ്റം ബോംബാ ആ പോയ സാധനം…”
മാളവിക ചിരിച്ചുകൊണ്ട് ഭൈരവിനോട് പറഞ്ഞു, ഭൈരവ് ചിരിച്ചുകൊണ്ട് കിച്ചയ്ക്ക് പിറകെ പോയി
കിച്ച പോയി നിന്നത് ബസ് സ്റ്റോപ്പിന് പുറകിലുള്ള പുതുതായി നിർമിക്കുന്ന കടകൾക്ക് മുന്നിലാണ്, ദേഷ്യവും സങ്കടവും കൊണ്ട് അവളുടെ മുഖം വീർത്തിരുന്നു,
“ഹലോ… ഉണ്ണിയാർച്ചേ…”
ഭൈരവ് പതിയെ വിളിച്ചു
അവൾ മിണ്ടിയില്ല
“ഹ… ഇങ്ങോട്ട് നോക്ക് പെണ്ണേ…”
“എന്ത് വേണം…?”
അവൾ കലിപ്പോടെ ചോദിച്ചു
“ഒരു കാര്യം വേണമായിരുന്നു… സമയമാകട്ടെ അപ്പൊ ചോദിക്കാം…”
“പോയി അവളുമാരോട് ചോദിക്ക്…”
“അത് പറ്റില്ല… അതെന്റെ പെണ്ണിന് മാത്രേ തരാൻ പറ്റു…”
അത് കേട്ട് അവൾക്ക് ചിരി വന്നു … ചിരിയടക്കാൻ വേണ്ടി നാക്ക് കൊണ്ട് കവിളിൽ കുത്തി നെല്ലിക്ക വരുത്തി
“ഈ കവിളിലേ നെല്ലിക്ക എനിക്ക് തരോ… പ്ലീസ്…”
അവൻ കൊച്ച് കുട്ടികളെപ്പോലെ ചോദിച്ചു
“ഓ… ഒരു തമാശക്കാരൻ വന്നിരിക്കുന്നു… ഇനിയേതെങ്കിലും പെൺപിള്ളേരെ നോക്കുന്ന കണ്ടാൽ… എന്റെ തനിക്കൊണം കാണും പറഞ്ഞേക്കാം…”
“ഓ… ഉത്തരവ്… പക്ഷേ എന്നെക്കെട്ടി പത്തു പിള്ളേരെ പെറ്റ് തന്നേക്കണം…”
“ആ… ആലോചിക്കാം…”
“അത് മതി… അതുകേട്ടാ മതി…”
കുറച്ച് നേരം രണ്ടുപേരും മിണ്ടിയില്ല,
“നല്ല സുന്ദരിയായിട്ടുണ്ട്…”
അവൻ പറഞ്ഞു
“ഭൈരവേട്ടനും കിടു ലുക്ക്…”
ഭൈരവ് ഒന്ന് ഞെട്ടി
“എന്താ വിളിച്ചേ…?”
“എന്താ കൊള്ളില്ലേ…?”
“ഒന്നൂടെ വിളിച്ചേ…”
“ഭൈരവേട്ടൻ…”
അവൾ നാണത്താൽ നിന്നാടി
“എന്റെ ഭൈരവസാമി… ഉണ്ണിയാർച്ചക്ക് നാണോ…”
അവൾ മിണ്ടാതെ തലകുനിച്ച് നിന്നു
“മതി നാണിച്ചത്… വാ പോകാം…”
അവൻ ചിരിച്ചോണ്ട് പറഞ്ഞു
അവർ തിരിച്ച് കോഫീഷോപ്പിലെത്തുമ്പോൾ എല്ലാവരും കിച്ചയെ കളിയാക്കി, ആ കളിയാക്കലൊന്നും അവൾക്കേറ്റില്ല എന്ന് മാത്രമല്ല അവൾ കുറച്ചുകൂടെ ഭൈരവിനെ ചേർന്ന് നിന്നു,