“ഉണ്ണിമോളോട് ഇവിടുത്തെ ജോലികളൊന്നും ചെയ്യണ്ടാന്ന് അമ്മ പറഞ്ഞത് മറന്നുപോയോ…?”
അപ്പോഴും അവൾ മിണ്ടാതെ തലകുനിച്ചു നിന്നു
“താൻ പ്ലസ് ടുവിന് നല്ല മാർക്ക് വാങ്ങി പാസ്സായതല്ലേ…? പിന്നെന്താ പിന്നീട് പഠിക്കാൻ പോകാഞ്ഞത്…?”
രുദ്ര് ചോദിച്ചു
“അവളോട് ഞങ്ങളെല്ലാം പറഞ്ഞതാ രുദ്രേട്ടാ… പക്ഷേ അവൾക്ക് പോകാൻ വയ്യാന്നു പറഞ്ഞു…”
ശില്പ ഇടക്ക് കയറിപ്പറഞ്ഞു
“അതെന്താ…? അല്ലെങ്കിൽ താനീ ശില്പയെ നോക്ക്… എന്ത് നന്നായി പഠിക്കുന്നു, കാണാനും മിടുക്കിയാ… പെൺപിള്ളേരായാൽ ശില്പയെപ്പോലെ വേണം…”
രുദ്ര് ശില്പയെ നോക്കി പറഞ്ഞു, അത് കേട്ടതും ശിൽപയുടെ മുഖം പ്രകാശിച്ചു,
ഭൈരവ് അമ്പരപ്പോടെ രുദ്രിനെ നോക്കിയതും രുദ്ര് ആരും കാണാതെ അവനെ കണ്ണടച്ചു കാണിച്ചു, അത് കണ്ട് അവന് കാര്യം മനസ്സിലായി
“ശരിയാ… ശില്പയ്ക്ക് പഠിപ്പും സൗന്ദര്യവും എല്ലാം കിട്ടിയിട്ടുണ്ട്…”
ഭൈരവ് പിൻതാങ്ങി, അതോടെയായപ്പോൾ ശില്പ നിലത്തൊന്നുമല്ലായിരുന്നു
“ശില്പ…. താൻ തന്നെ മുൻകയ്യെടുത്തു ഈ കുട്ടിയെ ഏതെങ്കിലും കമ്പ്യൂട്ടർ കോഴ്‌സിന് ചേർക്കണം, അതുപോലെ ഒന്ന് രണ്ട് മാസം കഴിഞ്ഞാൽ കോളേജ് തുറക്കുമ്പോൾ ഇവളെ ചേർക്കുകയും വേണം…”
രുദ്ര് ശില്പയോട് പറഞ്ഞു, അത് അവൾക്കത്ര ഇഷ്ടപ്പെട്ടില്ലങ്കിലും രുദ്രിനെ പിണക്കണ്ടായെന്ന് കരുതി അവൾ സമ്മതിച്ചു
“അല്ലെങ്കിൽ നാളെത്തന്നെ റെഡിയായി നിന്നോ, ഞങ്ങൾക്ക് നാളെ ഒരിടം വരെ പോണം, ആ വഴിക്ക് കംപ്യൂട്ടർ കോഴ്‌സിന് ചേർത്തിട്ട്, തിരികെ ഉണ്ണിമോൾക്ക് കിച്ചയുടെ കൂടെ വരാം… ഞാൻ കിച്ചയെ വിളിച്ച് പറഞ്ഞോളാം…”
ഭൈരവ് പറഞ്ഞു, രുദ്ര് അവനെയൊന്ന് ഇരുത്തി നോക്കി
‘അതിനിടയിൽക്കൂടെ…’ എന്ന ഭാവത്തിൽ, അതിന് ഭൈരവ് ഒരു വളിച്ച ചിരി ചിരിച്ചു
“മ്… പൊയ്ക്കോ… എന്നിട്ട് ഇത് ക്ലീൻ ചെയ്യാൻ ആരെങ്കിലും അയക്ക്…”
രുദ്ര് വൃന്ദയെ നോക്കിപ്പറഞ്ഞു
“എന്തിന്…? ഇത് ഞാൻ ചെയ്തോളാം…”
ശില്പ വൃന്ദയുടെ കയ്യിൽ നിന്നും മോപ് വാങ്ങിക്കൊണ്ട് പറഞ്ഞു
“How simple you are…”
രുദ്ര് ശില്പയെ നോക്കി പറഞ്ഞു
അത് കേട്ട് ശിൽപയുടെ കണ്ണുകൾ വിടർന്നു, വേണമെങ്കിൽ ഈ തറവാട് മുഴുവൻ അടിച്ചു വാരിയിടാം എന്നാ ഭാവത്തിൽ ശില്പ നിന്ന് ചിരിച്ചു, ശിൽപയുടെ മുഖഭാവം കണ്ട് ഭൈരവ് പൊട്ടിവന്ന ചിരി കടിച്ച് പിടിച്ചു