അവൾ ആലോചിച്ച് തിരിഞ്ഞും മറിഞ്ഞും കിടന്നു, പിന്നീടെന്തോ ആലോചിച്ചപോലെ, തൊട്ടടുത്ത് ഉറങ്ങികിടക്കുന്ന കണ്ണനെ ഒന്ന് നോക്കി അവൾ പതിയെ മുറിക്ക് പുറത്തേക്കിറങ്ങി…
ഓരോ അടിയും വയ്ക്കുമ്പോൾ അവൾ പേടിയോടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു, എങ്ങനെയോ കുളപ്പുരയ്ക്ക് മുന്നിലെത്തി, പരിഭ്രമത്താൽ വിയർത്ത മുഖം സാരിത്തുമ്പ് കൊണ്ട് തുടച്ചു, പതിയെ അകത്തേക്ക് നോക്കി, ആള് അവിടെ കുളത്തിലേക്ക് നോക്കിയിരിപ്പുണ്ട്, അവൾ പതിയെ അകത്തേക്ക് കയറി, രുദ്ര് അവളെ തലതിരിച്ചു നോക്കി, അവന്റെ നീല കണ്ണുകൾ വിടർന്നു അതിനൊപ്പം ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിഞ്ഞു,
പേടിച്ച് വിറച്ചു കൊച്ച് കുട്ടികളുടെ നിഷ്കളങ്കതയോടെ നിൽക്കുന്ന വൃന്ദയെ കണ്ട അവനുള്ളിൽ പ്രണയം അലയടിച്ചു,
“വാ… ഇവിടെ വന്നിരിക്ക്…”
രുദ്ര് കുളപ്പടവിൽ അവന്റെ അടുത്ത് കാണിച്ചുകൊണ്ട് പറഞ്ഞു,
വൃന്ദ പേടിയോടെ പിന്നിലേക്ക് നോക്കുന്നുണ്ടായിരുന്നു,
“വേണ്ട, എന്താ പറയാനുള്ളത്, വേം പറ…. ഞാൻ പൊയ്ക്കോട്ടേ…”
വൃന്ദ വെപ്രാളത്തോടെ പറഞ്ഞു,
“അത്ര പേടിയാണെങ്കിൽ തിരിച്ച് പൊയ്ക്കോ…”
അവളുടെ പേടിയും വെപ്രാളവും കണ്ട് അവൻ കലിപ്പോടെ തിരിഞ്ഞിരുന്നു,
അത് കണ്ട വൃന്ദ സ്നേഹത്തോടെ അവന്റെ മുഖത്തേക്ക് നോക്കി, അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു,
‘എന്ത് മാജിക്കാണ് ഈ മനുഷ്യൻ എന്നോട് കാണിക്കുന്നത്, ഈ മനുഷ്യന്റെ അടുത്ത് നിൽക്കുമ്പോൾ, അല്ലെങ്കിൽ സംസാരിക്കുമ്പോൾ, ഒരുപാട് നാള് പരിചയമുള്ള, തനിക്ക് ഏറ്റവും അടുപ്പമുള്ള, എന്തിനും സ്വാതന്ത്ര്യമുള്ള ഒരാളായാണ് അനുഭവപ്പെടുന്നത്, മറ്റാരോടും തോന്നാത്ത ഒരു വികാരം ഈ മനുഷ്യനോട് തനിക്ക് തോന്നുന്നു, ഈ മനുഷ്യന്റെ മുന്നിൽ നിൽക്കുമ്പോൾ എന്റെ ആ പഴയ കുറുമ്പുകളും, ചെറിയ വാശികളും, എല്ലാം താനറിയാതെ പുറത്തേക്ക് വന്നുപോകുന്നു, തനിക്കത്രമേൽ പ്രീയപ്പെട്ടവനാണ് ഇതെന്ന് തോന്നിപോകുന്നു, തന്റെ സങ്കടങ്ങളും, ദുഖങ്ങളുമെല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കാൻ ഈയൊരു സാമീപ്യം മാത്രം മതി, അന്ന് തന്നെ അങ്ങനൊരു സാഹചര്യത്തിൽ പോലും ആ നെഞ്ചിന്റെ സ്പന്ദനത്തിൽ, ആ താളത്തിൽ തന്റെ എല്ലാ വിഷമങ്ങളും അലിഞ്ഞില്ലാതായത് താൻ അറിഞ്ഞതാണ്… അതേ… വൃന്ദയ്ക്ക് സ്നേഹിക്കാൻ… വൃന്ദയുടെ ദോഷങ്ങളെല്ലാം മാറ്റാൻ… വൃന്ദയ്ക്ക് അലിഞ്ഞുതീരാൻ, അവൾക്ക് അവളെ തന്നെ സമർപ്പിക്കാൻ… കാവിലമ്മ കൊണ്ട് വന്നതാണ് രുദ്രിനെ, വൃന്ദയുടെ മാത്രം രാജകുമാരൻ…’