കുഞ്ഞി അവനോട് ചേർന്ന് അവനെ ചുട്ടിപ്പിടിച്ചു അവരോട് പറഞ്ഞു
കുട്ടൂസന് തറവാട്ട് മുറ്റത്ത് പ്രവേശനം അനുവദിച്ചു, മറ്റുള്ളവർക്ക് അതൊരു മുറുമുറുപ്പ് ആയിരുന്നുവെങ്കിലും, കുഞ്ഞിയെയും കണ്ണനെയും രക്ഷിക്കാൻ കുട്ടൂസൻ കാണിച്ച പരിശ്രമവും സ്നേഹവും… രുദ്രും വിശ്വനാഥനും ഭൈരവും മാധവനുമൊക്കെ കട്ടക്ക് പറഞ്ഞത് കൊണ്ട് മുറുമുറുപ്പ് ഇല്ലാതായി, അങ്ങനെ കണ്ണനും കുഞ്ഞിയും എവിടേക്ക് പോയാലും കുട്ടൂസൻ കൂടെ നടക്കും, അതുകൊണ്ട് ഭൈരവ് അവരെ ബോബനും മോളിയുമെന്നാണ് വിളിക്കുന്നത്,
ഒരു ദിവസം രാത്രി അത്താഴം കഴിഞ്ഞ് കൈ കഴുകാൻ ചെന്ന രുദ്രിന്റെ മുന്നിൽ വൃന്ദ ചെന്നുപെട്ടു, കൈ കഴുകി തിരിഞ്ഞ രുദ്ര് കൈ തുടക്കാൻ ടവൽ നോക്കിയിട്ടും കാണാത്തത് കണ്ട് വൃന്ദ ചുറ്റും ആരുമില്ലെന്ന് ഉറപ്പിച്ചിട്ട്, തന്റെ സാരിയുടെ തുമ്പ് അവന് നേരെ നീട്ടി, അവനൊരു പുഞ്ചിരിയോടെ അതുകൊണ്ട് മുഖം തുടച്ചു, അവളുടെ മുഖത്തേക്ക് പ്രേമത്തോടെ നോക്കി, അത് കണ്ട് അതുകണ്ട വൃന്ദയുടെ മുഖം നാണം കൊണ്ട് ചുവന്ന് താണു, രുദ്ര് പതിയെ വിരലുകൊണ്ട് അതുയർത്തി,
“ഉണ്ണിക്കുട്ടാ… ഇന്നെല്ലാവരും ഉറങ്ങിയിട്ട് കുളക്കടവിലേക്ക് വരോ…?”
രുദ്ര് പതിയെ ചോദിച്ചു
അവൾ ഞെട്ടി അവന്റെ മുഖത്ത് നോക്കി
“പൊയ്ക്കോ അവിടുന്ന്… ഞാൻ വരില്ല… ആരെങ്കിലും കണ്ടാ… എന്റെ കാവിലമ്മേ…”
അവൾ നെഞ്ചത്ത് കൈ വച്ചുകൊണ്ട് പറഞ്ഞു
“ഏയ്… ആരും കാണില്ലന്നെ… എനിക്ക് ഒരുപാട് സംസാരിക്കാനുണ്ട്…”
അവൻ പതിയെ പറഞ്ഞു
“ഞാൻ വരില്ല…”
“അതൊക്കെ ഉണ്ണിക്കുട്ടന്റെ ഇഷ്ടം… ഞാനെന്തായാലും കാത്തിരിക്കും…”
അവൻ പുഞ്ചിരിയോടെ പറഞ്ഞുകൊണ്ട് അവളെക്കടന്ന് പോയി
“സത്യായിട്ടും ഞാൻ വരില്ല…”
അവൾ പിറകിൽ നിന്നും പതിയെ വിളിച്ച് പറഞ്ഞുകൊണ്ടിരുന്നു
“വരണ്ടന്നേ… അത് ഉണ്ണിക്കുട്ടന്റെ ഇഷ്ടം…”
അവൻ നടന്ന് മറഞ്ഞു
വൃന്ദ തന്റെ വിരലുകടിച്ച് ആലോചനയോടെ നിന്നു
“ഇല്ല.. ഞാൻ പോവില്ല…”
അവൾ കുറുമ്പോടെ ആത്മഗതിച്ചു,
രാത്രി ഏറെ നേരമായിട്ടും വൃന്ദയ്ക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല, എന്തോ ഒരു വേവലാതി അവളുടെ ഉള്ളിൽ മുളപൊട്ടിയിരുന്നു,
“ന്റെ കാവിലമ്മേ, ആളിപ്പോ വന്നിട്ടുണ്ടാവോ…? എന്താ ഇപ്പൊ ചെയ്യാ… ആളിനെ പേടിയുണ്ടായിട്ടല്ല, ആരെങ്കിലും കണ്ടാ, പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല… ഒന്ന് പോയി നോക്കാം, എന്തോ പറയാനുണ്ടന്നല്ലേ പറഞ്ഞത്, അതെന്താണെന്ന് കേട്ടിട്ട് ഓടിയിങ്ങ് പോരാം… ശ്ശോ… കയ്യും കാലും വിറച്ചിട്ട് വയ്യ…”