ആ പണം കൊണ്ട് ഞങ്ങടെ ടൗണിൽ വസ്ത്ര കടയും അതിന് പുറമെ ഏത് വസ്ത്രം എടുത്താലും അത് അതിസുന്ദരമായി ഇഷ്ടം ഉള്ളത് പോലെ ഡിസൈൻ ചെയ്തും കൊടുക്കുന്ന ഒരു ഷോപ്പ് അങ്ങ് തുറന്നു. ഇന്നത്തെ ബോട്ടിക്കിൻ്റെ ഒരു ആദിമ രൂപം. പിന്നീട് വെച്ചടി വെച്ചടി കയറ്റം ആയിരുന്നു…
കുറച്ച് കാലത്തിനു ശേഷം അവസാനമായി സോഫിയായുടെ അമ്മ കിടന്ന മണ്ണ് സോഫിയക്ക് വേണം എന്ന് പറഞ്ഞു പപ്പയുടെ കൈയിൽ നിന്നും കിഴക്കേ അതിരിലെ പൊട്ട ഭൂമി ചോദിച്ചു. അന്ന് അമ്മ കുറെ പറഞ്ഞു. അത് വേണ്ട സോഫിയ വടക്ക് നല്ല ഭൂമി തരാം കൊച്ചുങ്ങൾക്ക് ഒരു കാര്യം ആവട്ടെ എന്ന്. പക്ഷേ സോഫിയ പിന്മാറിയില്ല. പപ്പ ആണെങ്കിൽ ഏതാ കുറുക്കൻ. ആരും വാങ്ങാത്ത അതിന് ലോകത്ത് ഇല്ലാത്ത വിലയും പറഞ്ഞു. തർക്കിക്കാൻ പോലും നിൽക്കാതെ സോഫിയ പറഞ്ഞ വിലയും അങ്ങ് കൊടുത്ത് ആ കൊച്ചു തുണ്ട് ഭൂമി വാങ്ങിച്ചു.
എരണം കെട്ട സോഫിയയുടെ ഭാഗ്യക്കേട് മാറി ശുക്രൻ ഉദിച്ച് നിന്ന സമയം! തോടിന് മറുകരയിൽ ഉള്ള സർക്കാർ വക പുറമ്പോക്ക് ഭൂമിയിൽ ആദിവാസികൾക്ക് പട്ടയം അനുവദിച്ചു കിട്ടി. അതോടെ സർക്കാർ ചിലവിൽ സോഫിയയുടെ സ്ഥലം വരെ ടാറിട്ട റോഡ് പാസ് ആയി. യുദ്ധകാലാടിസ്ഥാനത്തിൽ റോഡും പണിതു. ആ റോഡ് കണ്ട് അതുവരെ ആമത്തോട് സ്കൂട്ടർ ഉരുട്ടി നടന്ന പപ്പ കാർ എടുത്തു. പക്ഷേ സോഫിയയുടെ വീടിന് മുന്നിൽ വെച്ച് റോഡ് പാലത്തിലേക്ക് തിരിയും അപ്പൊൾ കാർ കയറ്റാൻ സോഫിയയുടെ ഭൂമിയിലൂടെ വഴി വേണ്ടി വരും. പക്ഷേ റോഡും സ്ട്രീട് ലൈറ്റും ഫോൺ കേബിളും വരെയുള്ള സൗകര്യങ്ങൾ സോഫിയയുടെ വീട്ടു മുറ്റത്ത് എത്തിയതിനാൽ വഴിക്ക് പോലും, പണ്ട് സോഫിയക്ക് വിറ്റ മുഴുവൻ ഭൂമിയുടെ പത്തിരട്ടി നൽകേണ്ട അവസ്ഥ വന്നു. പണ്ട് ദാസി ആയി ഇരുന്നവൾ അല്ലേ ചുമ്മാ ഇങ്ങോട്ട് വന്നു തരുമെന്ന് പപ്പ കിനാവ് കണ്ടു. പക്ഷേ സോഫിയ അത് കണ്ട ഭാവം നടിച്ചില്ല…