ഓഫീസിൽ മറ്റ് ആണുങ്ങൾ എല്ലാവരും ഒറ്റകെട്ടായി നിൽക്കുന്നവർ ആയിരുന്നു കേട്ടോ. കൂട്ടുകൂടിയുള്ള വെള്ളമടിയും മറ്റുമൊക്കെ ഉണ്ടായിരുന്നത് കൊണ്ട് അവർ കട്ട കമ്പനിയായി നിന്നു. വ്യക്തമല്ലാത്ത പല കാരണങ്ങൾ കൊണ്ടും അവരുടെയൊപ്പം ഹായ് ഭായ് റിലേഷനിൽ മാത്രം ഞാൻ ഒതുങ്ങി. പലരുമെന്നോട് എന്താണ് ഞാൻ ഒരു ബിയർ പോലുമടിക്കാത്തത് എന്ന് ചോദിക്കാറുണ്ട്. അവനവന്റെ ജീവിതം തന്നെയാണല്ലോ ഏറ്റവും വലുത്, ആയതിനാൽ ഞാൻ ആരോടുമത് പറഞ്ഞില്ല. അത്രയും പ്രൈവറ്റ് ആയ കാര്യവുമായിരുന്നു അത്. എങ്കിലും നിങ്ങളോടു പറയാം…..
എന്റെയമ്മയെ എനിക്ക് നഷ്ടമായത് അച്ഛന്റെ നശിച്ച വെള്ളമടി കാരണമാണ്, അച്ഛനും അമ്മയും ഒരു ബന്ധുവിന്റെ വിവാഹത്തിന് രാത്രിയിൽ പോയിവരുമ്പോൾ അച്ഛൻ അത്യാവശ്യം മദ്യപിച്ചിരുന്നു, വണ്ടിയോടിക്കുമ്പോൾ അച്ഛന്റെ നിയന്ത്രണം നഷ്ട്പെട്ടപ്പോൾ സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെടുകയും, അമ്മ തല്ക്ഷണം മരണപ്പെടുകയും ചെയ്തു. എനിക്കന്നു 7 വയസാണ്. അതിൽപിന്നെ ഞാൻ അച്ഛനോട് അധികം സംസാരിക്കാറും ഇല്ല, ആളിപ്പോൾ ദുബായിലാണ്. കഥ തുടങ്ങുമ്പോഴേ സെന്റി അടിക്കയാണ് എന്ന് വിചാരിക്കല്ലേ, നമുക്ക് ഹാപ്പിനെസ്സ് മതി!
ഓരോ വർഷവും എനിക്ക് ഏതേലുമൊരു ഫോറിൻ രാജ്യത്തൊക്കെ കറങ്ങാൻ പോകുന്ന പതിവൊക്കെയുണ്ട്, അതും തനിച്ചു മാത്രം. കഴിഞ്ഞ വർഷം പോയത് തുർക്കിയിലേക്കായിരുന്നു, ആ സ്‌ഥലവും അവിടത്തെ സുന്ദരിമാരും എന്നെ ഒത്തിരി ആകർഷിച്ചു എന്ന് പറയുന്നതാവും കൂടുതൽ ശെരി. ബാംഗ്ലൂരിലെ സുന്ദരിമാരുടെ കൂടെ ജോലി ചെയ്യുമ്പോഴും പതറാത്ത എന്റെ മനസ് ഋതുവിനെ ആദ്യം കണ്ടപ്പോഴേ അത് ഞാൻ അറിഞ്ഞിരുന്നു, നമ്മടെ മനസിലെ സ്ത്രീരൂപം എന്നൊക്കെ പറയില്ലേ, അത് ഋതു തന്നെയാണ് എന്ന സത്യം!.
എന്നോട് ഇങ്ങോട്ടു അവസാനം ഇഷ്ടമാണെന്നു പറഞ്ഞ ശ്യാമിലി, അവൾ ബ്രില്യന്റ് ആയിരുന്നു, അതിലും ബ്രില്യന്റ് ആയ സുന്ദരി തന്നെ, പക്ഷെ ഋതുവിന്റെ ഏഴയലത്തു വരില്ല എന്ന സത്യം ഞാൻ മനസിലാക്കിയപ്പോഴേക്കും ഞാൻ ആ സൗന്ദര്യത്തിനു മുന്നിൽ വീണു പോയിരുന്നു.
കൊച്ചിയിലും ഒന്നുരണ്ടു പേര് അടുത്തിടപഴകാൻ ശ്രമിച്ചിരുന്നു. അതും പ്രേമരോഗികൾ തന്നെ, ഭാഗ്യത്തിന് രക്ഷപെട്ടന്നു പറഞ്ഞാൽ മതിയല്ലോ. ആയതിനാൽ മനഃപൂർവം തന്നെ ഞാൻ ഓഫിസിലെ അധികമാരുമായും അങ്ങനെ കൂട്ടിനു നിന്നില്ല, അതിപ്പോൾ ആൺകുട്ടികളായാലും പെൺകുട്ടികളയാലും, മുൻപ് പറഞ്ഞ കക്ഷിയില്ലേ…, ശ്യാമിലി! ബാംഗ്ലൂരിലെ ഉറ്റ സുഹൃത്തായിരുന്നു, അവൾക്ക് വീട്ടിൽ കല്യാണാലോചന മുറുകിയപ്പോൾ എന്നോട് വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്തു, പക്ഷെ എനിക്ക് അങ്ങനെ ഒരിഷ്ടം ആ കൊച്ചിനോട് തോന്നിയിരുന്നില്ല. ഒരു പക്ഷെ അതുമൊരു ചെറിയ കാരണമാണ് ബാംഗ്ലൂരിൽ നിന്നും ഇങ്ങോട്ടേക്കു വരാൻ.