വൃന്ദ ഞെട്ടി ഉറക്കംവിട്ടഴുന്നേറ്റു,
കുറച്ചുനേരം ആ സ്വപ്നത്തിൽ അലിഞ്ഞു നിന്നു,
പിന്നീട് മനസ്സിൽ ഒരു ഉറച്ച തീരുമാനത്തോടെ പ്രാർത്ഥിച്ചെഴുന്നേറ്റു,
••❀••
പിറ്റേന്ന് കണ്ണൻ തറവാടിന്റെ മുറ്റത്തു നിൽക്കുമ്പോൾ കുഞ്ഞി അടുത്തുള്ള മാവിന്റെ ചുറ്റുമുള്ള കെട്ടിൽ ഇരിക്കുകയായിരുന്നു, കയ്യിൽ ഒരു പൊതി വർണകടലാസ്സിട്ട് ഗിഫ്റ്റ് പോലെ മനോഹരമായി പൊതിഞ്ഞിട്ടുണ്ട്,
കണ്ണന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു, അവൻ കുഞ്ഞി കാണാതെ മാവിന് പിറകിലായി ചെന്നു
“കുഞ്ഞിപ്പൂച്ചേ….”
അവൻ അവളെ കളിയാക്കി വിളിച്ചു, കുഞ്ഞി അത് കേട്ട് ഞെട്ടി തലയുയർത്തി ചുറ്റുംനോക്കി പിന്നീട് ഒന്നും മിണ്ടാതെ തലകുനിച്ചിരുന്നു,
കണ്ണൻ പതിയെ അവളെ നോക്കി
“കുഞ്ഞിപ്പൂച്ചേ… മ്യാവൂ… ചൊറിയൻ പൂച്ചേ… മ്യാവൂ…”
അവൻ വീണ്ടും കുറച്ചുകൂടി ഉച്ചത്തിൽ വിളിച്ചു
അപ്പോഴും കുഞ്ഞി ആ ഇരിപ്പുതുടർന്നു
കണ്ണൻ പതിയെ നെറ്റി ചുളിച്ച് സംശയത്തോടെ അവൾക്കരികിലേക്ക് വന്നു
“എന്തുപറ്റി… കുഞ്ഞിപ്പൂച്ചേടെ മിണ്ടാട്ടം മുട്ടിയോ… കുഞ്ഞിപ്പൂച്ച മിണ്ടാപ്പൂച്ചയായോ…?”
അവൻ അല്പം കുനിഞ്ഞ് അവളുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു കളിയാക്കി ചോദിച്ചു,
അവൾ പതിയെ മുഖമുയർത്തി കണ്ണനെ നോക്കി അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു, പിന്നീട് കുഞ്ഞി മുഖം പൊത്തി പൊട്ടിക്കരഞ്ഞു
അതുകണ്ട് കണ്ണൻ പരിഭ്രമത്തോടെ ചുറ്റും നോക്കി,
“അയ്യോ… കുഞ്ഞി… കരയല്ലേ… ആരേലും കണ്ടാ വല്യച്ഛന്റേന്ന് എനിക്ക് നല്ല തല്ല് കിട്ടും… സോറി കുഞ്ഞി, ഞാനിനി കുഞ്ഞിയെ കളിയാക്കൂല… സോറി…”
അവൻ പരിഭ്രമത്തോടെ പറഞ്ഞു
കുഞ്ഞി കരഞ്ഞുകൊണ്ട് പതിയെ താഴെക്കിറങ്ങി കണ്ണനെ കണ്ണുകൾ നിറച്ചുകൊണ്ട് നോക്കി, പിന്നീട് കണ്ണനെ പെട്ടെന്ന് കെട്ടിപ്പിടിച്ചു തേങ്ങികരഞ്ഞു
“സോറി കണ്ണേട്ടാ… സോറി… ഹൺഡ്രഡ് ടൈംസ് സോറി…”
കുഞ്ഞി സോറി പറഞ്ഞ് അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു.
“വിട് കുഞ്ഞി… എന്താ കാണിക്കുന്നേ…”
കണ്ണൻ അമ്പരപ്പോടെ കുതറിമാറാൻ ശ്രമിച്ചുകൊണ്ട് കണ്ണൻ പറഞ്ഞു, കുഞ്ഞി അവനെ വിട്ടു മാറാതെ ഇറുകെ പിടിച്ചു.
“ഞാൻ കാരണം കണ്ണേട്ടന് തല്ല് കിട്ടിയില്ലേ…? സോറി…”
“വിട് കുഞ്ഞി… എന്റെ ഉടുപ്പൊക്കെ ചീത്തയാ…”
അവൾ പറയുന്നതൊന്നും കാര്യമാക്കാതെ പരിഭ്രമത്തോടെ പറഞ്ഞു
“കണ്ണേട്ടൻ എന്നോട് കൂട്ടുകൂടോ…?”
കുഞ്ഞി ചോദിച്ചു
“കൂടാം… വിട് കുഞ്ഞി…”