“മതി വിഴുങ്ങിയത്…”
“വിട്രാ പുല്ലേ… എനിക്കിനീം കുടിക്കണം, നീപോയൊരു കുപ്പീടെ കൊണ്ടുവാ…”
“കുപ്പിയല്ല… നിനക്ക് അൺ… (ഒന്ന് നിർത്തിയിട്ട്) എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട…”
കുറച്ചുനേരം അവർ ഒന്നും മിണ്ടാതെയിരുന്നു
“എനിക്കവളെ വേണോടാ… അവളില്ലേ ഈ രുദ്ര് പൂർണ്ണനല്ലടാ…? എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചവളാണെടാ അവൾ… എന്റെ സ്വപ്നങ്ങളെ സ്നേഹിക്കാൻ പഠിപ്പിച്ചവളാടാ അവൾ… മറക്കാൻ പറ്റുന്നില്ലെടാ… അവളെന്റെയാടാ… എന്റെ മാത്രം… ഈ രുദ്രിനായി പിറന്നവൾ…”
രുദ്ര് കുഴയുന്ന നാവോടെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.
“നീയൊരു കാര്യം ചെയ്യ്… ഇവിടുത്തെ കാവിലമ്മയോട് പറ, ഉണ്ണിമോളുടെ ഏറ്റവും അടുത്ത ആളാണ് ദേവടം കാവിലമ്മ…”
ഭൈരവ് അവനെ ചേർത്തുപിടിച്ച് പറഞ്ഞു
“ശരിയാടാ… ഇനി കാവിലമ്മയ്ക്ക് മാത്രേ എന്നെ സഹായിക്കാൻ കഴിയൂ…”
അവൻ എന്തോ ആലോചിക്കുന്നപോലിരുന്ന് പറഞ്ഞു
“എന്റെ കാവിലമ്മേ… എന്നോടല്പം കരുണ കാണിക്കൂ… അവളെ എനിക്ക് തരൂ, എന്റെ അവസാന ശ്വാസം വരെ ഞാനവളെ പൊന്ന് പോലെ നോക്കിക്കൊള്ളാം… ഞാനവളെ അത്രക്കിഷ്ടപ്പെട്ടുപോയി… അവളില്ലാതെ എനിക്കൊരു ജീവിതമില്ല…”
രുദ്ര് വിളിച്ചു പറഞ്ഞു അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു
ഭൈരവിന് അതുകണ്ട് വല്ലാത്ത വിഷമം തോന്നി
“ദേ.. നോക്കടാ… കാവിലമ്മ… എന്റെ പ്രാർത്ഥനകേട്ട് കാവിലമ്മ വന്നടാ… നോക്ക്…”
രുദ്ര് ഭൈരവിന്റെ പിറകിലേക്ക് നോക്കി ഉത്സാഹത്തോടെ വിളിച്ചു പറഞ്ഞു
ഭൈരവ് തിരിഞ്ഞു നോക്കി, കണ്ണ് നിറച്ചുകൊണ്ട് വൃന്ദ കയ്യിലൊരു മൊന്തയുമായി രുദ്രിനെതന്നെ നോക്കി നിൽക്കുന്നു, പറഞ്ഞതെല്ലാം അവൾ കെട്ടിട്ടുണ്ടെന്ന് ഉറപ്പ്
രുദ്ര് അവൾക്കരികിലേക്ക് ചെന്നു കാലിടറി വീഴാൻ പോയതും വൃന്ദ അവനെ താങ്ങിപ്പിടിച്ചു പടിയിലിരുത്തി തൊട്ടടുത്തായി അവളുമിരുന്നു,
“എന്റെ കാവിലമ്മേ… അമ്മതന്നെ എനിക്കൊരു വഴി പറഞ്ഞതാ…”
രുദ്ര് വൃന്ദയുടെ കൈ പിടിച്ച്കൊണ്ട് പറഞ്ഞു, വൃന്ദ കൈ വലിച്ചെങ്കിലും അവൻ വിട്ടില്ല, അവൾ ദയനീയമായി ഭൈരവിനെ നോക്കി, ഭൈരവ് സാരമില്ലെന്ന് കണ്ണ് കാണിച്ചു,
രുദ്ര് അവളുടെ കൈ അവന്റെ മുഖത്തേക്കടിപ്പിച്ചു,
“ഇന്ന് കാവിലമ്മയ്ക്ക് വീട്ടിൽ സാമ്പാറായിരുന്നല്ലേ… കയ്യിൽ നല്ല കായത്തിന്റെ മണം…”
അവൻ തന്റെ മൂക്ക് അവളുടെ കയ്യിൽ ചേർത്തുകൊണ്ട് ചോദിച്ചു,
അതുകേട്ട് ഭൈരവ് ഉറക്കെ ചിരിച്ചുപോയി, വൃന്ദയ്ക്കും ചുണ്ടിലൊരു ചിരി മിന്നി മാഞ്ഞുപോയി