അവൾ തന്റെ കയ്യിലിരിക്കുന്ന റ്റെഡിയെ സൂക്ഷിനോക്കി പിന്നീട് അവളുടെ കണ്ണുകൾ വികസിച്ചു മുഖം സന്തോഷത്താൽ വിടർന്നു
“താങ്ക് യു കണ്ണേട്ടാ…”
കുഞ്ഞി സന്തോഷംകൊണ്ട് തുള്ളിചാടി, കണ്ണന്റെ കവിളിൽ ഒരുമ്മകൊടുത്തു, കണ്ണൻ പുഞ്ചിരിച്ചുകൊണ്ട് നിന്നു
“എന്താ കുഞ്ഞിക്ക് ഇത്രേം സന്തോഷം…??”
അവിടേക്ക് വന്ന ഭൈരവ് കുഞ്ഞിയോട് ചോദിച്ചു,
“കുഞ്ഞേട്ടാ… ദേ എന്റെ റ്റെഡ്ഢി… എനിക്ക് കണ്ണേട്ടൻ കൊണ്ട് വന്നതാ…”
“കണ്ണേ…ട്ടനോ…!!? അപ്പൊ കണ്ണനോടുള്ള പിണക്കം മാറിയോ…?”
“മ്… മാറി…”
“വേണേ ഇവനെ ഇടിച്ചു പപ്പടമാക്കാം…”
“അയ്യോ… വേണ്ട… ന്റെ കണ്ണേട്ടൻ പാവാ…”
കണ്ണന്റെ മുന്നിൽക്കേറിനിന്ന് ഒരു കൈകൊണ്ട് കണ്ണനെ പുറകിലേക്ക് നീക്കിക്കൊണ്ട് കുഞ്ഞി പറഞ്ഞു,
“ന്റെ കണ്ണേട്ടനോ…”
പെട്ടെന്ന് പുറകിൽ നിന്നും ഒരു ശബ്ദംകേട്ടു
അവർ തിരിഞ്ഞു നോക്കുമ്പോൾ വാതിലിൽ അവരെ നോക്കി ചിരിച്ചു നിൽക്കുന്ന രുദ്രും സീതാലക്ഷ്മിയും മാധവനും വിശ്വനാഥനും,
കുഞ്ഞി അവരുടെ മുന്നിൽ ചമ്മിയപോലെ കണ്ണന്റെ കയ്യിലൂടെ കൈ വട്ടം പിടിച്ച് അവനോട് ചേർന്ന് നിന്നു,
അപ്പോഴേക്കും അടുക്കളയിൽനിന്നും വൃന്ദയും അവിടേക്ക് വന്ന് അവരെ നോക്കി പുഞ്ചിരിച്ചു
“അപ്പൊ പിണക്കം മാറിയെങ്കിൽ കണ്ണേട്ടനും കുഞ്ഞിചേച്ചിയും പോയി റെഡിയാവ്…”
സീതാലക്ഷ്മി ചിരിച്ചുകൊണ്ട് പറഞ്ഞു
“എവിടെപ്പോവാനാ അമ്മേ…”
കുഞ്ഞി ചോദിച്ചു
“കുറച്ചു ഷോപ്പിംഗ്… ഉത്സവത്തിന് പുതിയ ഡ്രെസ്സുകളെടുക്കണം… പിന്നൊരു കറക്കം, ഒരു സിനിമ…”
ഭൈരവ് കുഞ്ഞിയോട് പറഞ്ഞു
“മോളും ചെല്ല്… പോയി റെഡി ആയി വാ…”
മാധവൻ വൃന്ദയോട് പറഞ്ഞു.
വൃന്ദ ഒന്നും മനസ്സിലാകാതെ അവരെ നോക്കി
“ചെല്ല് മോളേ സമയം കളയാതെ…”
സീതാലക്ഷ്മി അവളെ തലോടിക്കൊണ്ട് പറഞ്ഞു
വൃന്ദ പിന്നൊന്നും പറയാതെ തിരിഞ്ഞു നടന്നു,
••❀••
എല്ലാവരും റെഡിയായി ഉമ്മറത്തെത്തി വൃന്ദക്കുവേണ്ടി കാത്തുനിന്നു,
ശില്പ അവരോടൊപ്പം പോകാൻ ശ്രമിച്ചെങ്കിലും നളിനി വിലക്കി
വൃന്ദ പുറത്തേക്ക് വന്നു, ഒരു കടുംനീലനിറത്തിലുള്ള ഒരു പഴയ കോട്ടൺ സാരിയാണ് അവളുടുത്തിരുന്നത്, ആ നിറത്തിൽ അവൾക്ക് വല്ലാതെ ഭംഗി തോന്നിച്ചു,
ഒരലങ്കാരവുമില്ലാതെ ചന്ദ്രനുദിച്ചപോലെ നടന്നു വരുന്ന അവളെ എല്ലാവരും നോക്കി നിന്നു, ഡ്രൈവിംഗ് സീറ്റിലിരുന്ന രുദ്ര് ഒരു നിമിഷം അവളെ നോക്കിയിരുന്നു അതുകണ്ട വൃന്ദ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു, പെട്ടെന്ന് അവൻ കണ്ണുകൾ മാറ്റി, അത് കണ്ട് അവളുടെ ചുണ്ടിലെ പുഞ്ചിരിക്ക് മങ്ങലേറ്റു,