ഇടക്ക് വച്ച് ഭക്ഷണം കഴിച്ചശേഷം ഡ്രൈവിംഗ് ഞാൻ ഏറ്റെടുത്തു. ഏതാണ്ട് 7 മണിക്കൂറെടുത്ത് പന്ത്രണ്ടരയോടെയാണ് ഞങ്ങൾ തലശ്ശേരിയിലെ എന്റെ വീട്ടിലേക്ക് എത്തിച്ചേർന്നത്.
ഞങ്ങളെ പ്രതീക്ഷിച്ച് എല്ലാവരും ഉറങ്ങാതെ കാത്തിരിപ്പുണ്ടായിരുന്നു. ഇടക്കുവച്ച് അഭിരാമി ഞങ്ങൾ വരുന്ന വിവരം വിളിച്ചറിയിച്ചിരുന്നു.
കേറിച്ചെന്നതും അല്ലി എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. തിരക്കുകൾക്കിടയിൽ അവളെ വിളിച്ച് അധികനേരം സംസാരിക്കാനൊന്നും പറ്റിയിരുന്നില്ല.
“” അയ്യേ… അല്ലി..! നീയെന്താ കൊച്ചുപിള്ളേരെപ്പോലെ. ശ്യേ നാണക്കേടാട്ടോ…! “”
“” നീ പോടാ…! അല്ലേലും ചേച്ചിയെ കിട്ടിയപ്പോ നിനക്ക് ഞങ്ങളെ ആരേം വേണ്ടല്ലോ…! “”
എന്നും പറഞ്ഞവളെന്നെ തള്ളിമാറ്റി.
പിന്നേ അഭിരാമിയോട് ഒട്ടിനിന്നു.
“” ഹാ…! പെണ്ണേ ഒന്നടങ്ങ്.! ഞാനിങ്ങുവന്നില്ലേ. തിരക്കായോണ്ടല്ലേ. അതിന് പ്രായശ്ചിത്തമായി നാളെ മുഴുവൻ നീ പറയുന്നപോലെ ഞാൻ അനുസരിച്ചോളാം.!””
എന്റെ വാഗ്ദാനം കേട്ടതും അവൾ ഹാപ്പി.
“”അമ്മേ..!””
ഞാൻ അമ്മേനെ ചേർത്ത് പിടിച്ചു.
“” ഇപ്പഴേലുവൊന്ന് വരാന്തോന്നിയല്ലോ മക്കൾക്ക്.! “” എന്നൊരു പുച്ഛത്തോടെ പറഞ്ഞിട്ട് മാതാശ്രീ അഭിരാമിയെ അടുത്തേക്ക് വിളിച്ചു.
അവളൊരു ചിരിയോടെ ഞങ്ങളുടെ സ്നേഹപ്രകടനം നോക്കിനിൽക്കുകയായിരുന്നു.
“”വല്ലോം കഴിച്ചിട്ടാണോ വന്നേ..? “”
അമ്മ തിരക്കിയപ്പോൾ പാവയെപ്പോലെ അവൾ തലയിളക്കി. ഇപ്പോഴുള്ള അവളുടെ ഭാവങ്കണ്ടാൽ വൈകീട്ട് അവരെ ഇടിച്ചിട്ടത് ഞാൻ കണ്ട സ്വപ്നം വല്ലോമാണെന്ന് തോന്നിപ്പോവും. അമ്മാതിരി വിനയവും കുലീനതയും.
അച്ഛൻ മാത്രം ഇതിലൊന്നും പങ്കെടുക്കാതെ മാറിനിന്നു. എന്നോട് ഒരുവാക്ക് പോലും ചോദിക്കാതെ ഈ കല്യാണം നടത്തിയതിൽ അച്ഛന് ഇപ്പോഴും ഒരു കുറ്റബോധമുണ്ട്. അത് എനിക്ക് അച്ഛന്റെ പെരുമാറ്റത്തിൽനിന്ന് മനസിലായതാണ്.
“” അച്ഛാ…! സുഖമല്ലേ. “”
ഞാൻ അച്ഛനോട് തിരക്കി.
“ഹ്മ്മ്..!””
ഒരു മൂളലിൽ മറുപടിയൊതുക്കി അച്ഛൻ റൂമിലേക്ക് പോയി.
“”കഥപറച്ചിലൊക്കെ നാളെ. പോയി കിടക്ക് പിള്ളേരെ..!””
അല്ലിയുമായി കത്തിയടിച്ചിരുന്ന അഭിരാമിയെക്കണ്ട് അമ്മ ഒച്ചയെടുത്തു.
ഞാനീസമയം എന്റെ റൂമിലേക്ക് കയറിയിരുന്നു.
അല്ലീടെ കൂടെയവളുടെ റൂമിലേക്ക് ചെല്ലാന്നിന്ന അഭിരാമിയെ അതിന് സമ്മതിക്കാതെ അമ്മ എന്റെ റൂമിലേക്ക് പറഞ്ഞയച്ചു. ഓരോന്ന് പറഞ്ഞൊഴിയാൻ നോക്കിയേലും അമ്മയവളെ പിടിച്ച പിടിയാലേ പിടിക്കുകയായിരുന്നു.