എന്നാൽ അതിന്റെ യാതൊരു സങ്കോചവും അഭിരാമിയുടെ മുഖത്ത് ഇല്ലായിരുന്നു. അവൾ കാർ സ്റ്റാർട്ട് ചെയ്ത് ആക്‌സിലേറ്റർ ഞെരിച്ചുകൊണ്ടിരിക്കുവാണ്.
യെവൾടെ ഷോ കഴിഞ്ഞാലിറങ്ങി ഓടായിരുന്നു എന്നഭാവത്തോടെ ഞാൻ അവളെ നോക്കി.
വലിച്ചിട്ടിരുന്ന ഹാൻഡ് ബ്രേക്ക് റിലീസ് ആക്കി താടക വണ്ടിയൊന്ന് റെയ്സ് ചെയ്ത് വിട്ടു. വണ്ടി നിന്നിടത് നിന്ന് രണ്ട് വട്ടം കറങ്ങി.!
എന്റെ ഉള്ളൊന്ന് കാളി. ഞാൻ പൊന്ന് പോലെ നോക്കുന്ന വണ്ടിയെടുത്താണവളുടെ പട്ടി ഷോ. നേരത്തേ പറഞ്ഞത് തിരുത്തേണ്ടിയിരിക്കുന്നു…! ഇവളേതോ തെലുങ്ക് പടത്തീന്ന് ഇറങ്ങിവന്നതാണ്..!.
അവളുടെയാ സ്റ്റണ്ട് കാരണം അവിടെ പൊടി ഉയർന്നു. കാറ് നിന്നത് നേരത്തേ ഉണ്ടായിരുന്നതിൽ നിന്ന് വിഭിന്നമായി ആ വഴിക്ക് കുറുകെയാണ്. അതായത് നല്ല ഉയരത്തിൽ വളർന്ന പുല്ലുകൾക്ക് നേരെ.
ഒന്നിരപ്പിച്ചശേഷം അവള് കാറ് ആ പുല്ലിനകത്തേക്ക് ഓടിച്ചുകയറ്റി. പുൽക്കൂട്ടത്തെ വകഞ്ഞുമാറ്റി കാർ മുന്നോട്ട് ചീറി. മുഴുവൻ പാറ പോലുള്ള ഇടമാണ് അത്. അവിടെ ഒരാൾപൊക്കത്തിൽ പുല്ല് വളർന്നിരിക്കുന്നു. അതിനിടയിലൂടെയാണ് താടകേടെ കസർത്ത്. മുന്നിലേക്ക് ഒന്നും കാണാനില്ല. എന്തേലും തടസം മുന്നിലുണ്ടെൽ അതിൽ ഇടിച്ചേ വണ്ടിനിൽക്കൂ.
ആദ്യം ഉള്ളൊന്ന് കാളിയെങ്കിലും അവിടന്ന് രക്ഷപ്പെടാൻ പറ്റിയല്ലോ എന്ന ആശ്വാസത്തിലേക്ക് ഞാനെത്തിപ്പെട്ടു.
പക്ഷേ പൂർണമായും ആശ്വസിക്കാൻ ആയിട്ടില്ല. കാരണം രണ്ട് വണ്ടികൾ ഞങ്ങളെ ഇപ്പൊ പിന്തുടരുന്നുണ്ട്. ഒന്ന് ആ കറുത്ത താറും പിന്നേ കുറച്ച് മുന്നേ ഞങ്ങളുടെ വഴിതടസപ്പെടുത്തിയ കാറും.
കുറച്ച് നേരം പുല്ലിലൂടെ അങ്ങോട്ടും ഇങ്ങോട്ടുമലഞ്ഞ് അവസാനം അഭിരാമി കാർ റോഡിലേക്ക് ഇറക്കി. ഇടുങ്ങിയ ആ റോഡിലൂടെ അവൾ അക്ഷരാർത്ഥത്തിൽ കാർ പറപ്പിക്കുകയായിരുന്നു.
യെവളാണോ ഞാൻ കുറച്ചുമുന്നേ താറിനെ ഫോളോ ചെയ്തപ്പോ പതുക്കെപ്പോവാൻ പറഞ്ഞതെന്ന് ഞാനാ നിമിഷമോർത്തുപോയി.
കുറച്ച് നേരമോടി കാർ പ്രധാനപാതയിലേക്ക് കയറി. ആ തിരക്ക് പിടിച്ച റോഡിൽ അവൾ suv വച്ച് F1 റേസിംഗ് നടത്തുകയായിരുന്നു. പലപ്പോഴും മുന്നിലെ വാഹനത്തിന് തൊട്ടു തൊട്ടില്ലായെന്ന മട്ടിലാണ് അവളുടെ ഓവർടേക്കിങ്. സത്യത്തിൽ സൂചികുത്താൻ ഇടംകൊടുത്താൽ ശൂലം കുത്തുന്ന അവസ്ഥ. അങ്ങനെ ആയിരുന്നു അവളാ തിരക്കിൽ ഞങ്ങളുടെ കാറ് മുന്നോട്ട് നീക്കിയത്. മിക്കവാറും അവളുടച്ഛനിപ്പോ കുരച്ച് ചത്തുകാണും. ഞാനാണെൽ അക്ഷരാർത്ഥത്തിൽ ഉയിരും കയ്യിൽപിടിച്ചാണിരുന്നതെന്ന് പറയാം.!