: മോൾക്ക് അച്ഛനോട് ദേഷ്യമുണ്ടോ..
: എന്താ അച്ഛാ ഇങ്ങനെ.. ദേഷ്യമുണ്ടെങ്കിൽ ഞാൻ അച്ഛന്റെ കൂടെ നിൽക്കുമോ
: അച്ഛനൊരു തിരുത്താൻപറ്റാത്ത തെറ്റുചെയ്തു.. പക്ഷെ അത് മോളും അമ്മയൊക്കെ ഉണ്ടാവുന്നതിന് മുൻപ് പറ്റിപോയതാണ്. അതിനൊരു പരിഹാരവും ഇല്ല..
: അച്ഛനെന്തൊക്കെയാ പറയുന്നേ.. കഴിഞ്ഞതൊക്കെ കഴിഞ്ഞു. ഈ കുടിയൊക്കെ നിർത്തി നന്നായി ജീവിച്ചൂടെ ഇനിയെങ്കിലും
: ആരുടെ കൂടെയാ ജീവിക്കേണ്ടത്…മോളൊന്നും അറിയണ്ട. എന്റെ പൊന്നൂട്ടി അച്ഛനെ വെറുക്കരുത് കേട്ടോ..
: ഇല്ല… ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്കറിയാം എന്റെ അച്ഛനെ.
: ജീവിതത്തിൽ ഉറച്ച തീരുമാനമെടുക്കേണ്ട ചില അവസരങ്ങൾ വരും. അപ്പൊ ശ്രദ്ദിച്ചു ഉചിതമായ തീരുമാനമെടുക്കണം. അല്ലെങ്കിൽ അച്ഛനെപ്പോലെ ഒന്നും ചെയ്യാൻ പറ്റാതെ എല്ലാം ഉണ്ടായിട്ടും ഒന്നുമില്ലാത്തവനെപ്പോലെ ജീവിക്കേണ്ടിവരും.
: ഉം.. എന്താ എന്റെ അച്ഛന് പറ്റിയേ..
: ഒന്നുമില്ലെടി… മോൾക്ക് അച്ഛൻ ഒരു ഉമ്മ തന്നോട്ടെ..
ഇതുപറഞ്ഞു കൃഷ്ണൻ രേണുവിനെ കെട്ടിപിടിച്ച് കരഞ്ഞു. അവളുടെ നെറ്റിയിൽ വാത്സല്യത്തോടെ ചുംബിച്ചശേഷം അയാൾ എഴുന്നേറ്റു.
: മോള് പോയി കിടന്നോ.. ഞാനും ഉറങ്ങട്ടെ. അച്ഛനെ കാലത്ത് വിളിക്കണ്ട കേട്ടോ.. രാവിലെ ഒന്നും ഉണ്ടാക്കി സമയംകളയാതെ വേഗം കോളേജിൽ പോണം കേട്ടോ
: ഉം… ഞാനിന്ന് അച്ഛന്റെ കൂടെ കിടക്കട്ടെ..
: മോള് പോയി ഉറങ്ങ്… എന്തെങ്കിലും വേണേൽ അച്ഛൻ വിളിക്കാം
കൃഷ്ണൻ മുറിയിലേക്ക് പോയതും രേണുവിന്റെ കൈകാലുകൾ കിടന്ന് വിറയ്ക്കാൻ തുടങ്ങി. ഉടനെയവൾ ഫോണെടുത്ത് ആദിയെ വിളിച്ചു. എല്ലാം ക്യാമറയിലൂടെ കണ്ടുകൊണ്ടിരുന്ന ആദി അവളെ സമാധാനിപ്പിച്ചു, ഉടനെയവൻ വീട്ടിലെത്തി ഇന്ദുവിനെയും വലിച്ചുകൊണ്ട് റൂമിലേക്കോടി. കമ്പ്യൂട്ടർ തുറന്ന് ഇന്ദുവിനെ കാണിച്ചതും അവൾ നെഞ്ചത്ത് കൈവച്ച് സ്തബ്ദയായി നിന്നു…ഫാനിന് മുകളിൽ ലുങ്കികൊണ്ട് കുരുക്കിട്ട് അതിനു താഴെയിരുന്ന് മദ്യപിക്കുന്ന കൃഷ്ണൻ അല്പനേരത്തിന് ശേഷം ഈ ലോകത്തോട് വിടപറയാൻ പോകുന്നുവെന്നറിഞ്ഞ ഇന്ദുവിന്റെ ഹൃദയം നുറുങ്ങി.
: ആദീ… കൃഷ്ണേട്ടൻ… നേരത്തെ എന്നെ ഫോണിൽ വിളിക്കുന്നുണ്ടായിരുന്നു..ഞാൻ എടുത്തില്ല..വേഗം എന്തെങ്കിലും ചെയ്യ് ആദീ….
: അമ്മായി തിരിച്ചു വിളിക്ക്… വേഗം നോക്ക്
ഇന്ദു തന്റെ ഫോണിൽ നിന്നും കൃഷ്ണനെ ഡയൽ ചെയ്‌തെങ്കിലും ഫോൺ ഓഫായിരുന്നു. ഇന്ദുവിന്റെ തൊണ്ടയിടറി.. അവൾ ഒന്നും ചെയ്യാനാകാതെ കണ്ണുനീർ പൊഴിച്ചു.