“അമ്മൂസേ ക്ലാസിന്റെ സമയം എപ്പോഴ പഴയ പോലെയാണോ…??
“അതേ .. മുന്നേ പോയിരുന്ന പോലെ ഏട്ടന്റെ കൂടെ വരാം… അല്ലാതെ ബസ്സിൽ തിക്കി തിരക്കി പോകാൻ എനിക്ക് വയ്യ…”
“അങ്ങനെ പോകാൻ ആരെങ്കിലും പറഞ്ഞ… നിന്റെ കോളേജ് കഴിഞ്ഞല്ലേ എന്റെ ഓഫീസ്… ഞാൻ എടുക്കാം…”
“മഹ്… ”
വീണ്ടും പുറത്തെ കാഴ്ചകൾ കണ്ട് അമ്മു മിണ്ടാതെ ആയപ്പോൾ ഞാൻ രണ്ടും കല്പിച്ച് ചോദിച്ചു…
“നവീൻ വിളിച്ചോടി…??
“ഏഹ്..??
“കെട്ടിയൊൻ വിളിച്ച എന്ന്…??
“രാത്രിയിലെ വിളിക്കു….”
“അവിടുന്ന് വന്ന സങ്കടമാണോ മുഖത്ത്….??
“ഹേയ്.. അല്ലെ.. അല്ല…”
“പിന്നെന്ത് പറ്റി ഞാൻ കുറെയായി കാണുന്നു.. മുഖമെല്ലാം വീർപ്പിച്ച് ”
“ഒന്നുല്ല ഏട്ടാ….”
“അമ്മൂസേ നിന്നെ പ്രസവിച്ചു എന്റെ കയ്യിലേക്ക് തരുമ്പോ എനിക്കന്ന് ഇരുപത് വയസ്സാണ്… അറിയോ… നമ്മുടെ അച്ഛനേക്കാൾ എനിക്ക് നിന്നെ മനസ്സിലാവും .. ആ നിന്റെ മുഖം വാടിയാൽ എനിക്കറിയാൻ പറ്റില്ലെന്ന് മോൾക്ക് തോന്നിയ….??
ആ വലിയ കണ്ണുകൾ കലങ്ങുന്നത് ഞാൻ കണ്ടു….
“ചേട്ടന് തോന്നുന്നതാ ”
“നിങ്ങൾ തമ്മിൽ വല്ല പ്രശ്നവും ഉണ്ടോ…??
“ഇല്ലാ… ”
‘അവന്റെ വീട്ടിൽ…??
“നല്ല സ്നേഹമാ….”
“പിന്നെ എന്താ മോളെ ഇങ്ങനെ ഇരിക്കുന്നത്…??
അകലേക്ക് നോക്കിയിരുന്നതല്ലാതെ അവളൊന്നും പറഞ്ഞില്ല… പക്ഷേ അവൾക്കെന്തോ അല്ലങ്കിൽ അവളെന്നോടെല്ലാം പറയുമെന്ന് ആ മുഖഭാവം കണ്ടപ്പോ എനിക്ക് തോന്നി…. കല്യാണത്തിന് മുൻപ് ലീവ് ദിവസങ്ങളിൽ എങ്ങോട്ടെങ്കിലും പോകാമെന്ന് പറഞ്ഞാൽ അവളാദ്യം പറയുന്നത് അടുത്തുള്ള ബീച്ച് ആണ്… അത് വഴി കടന്നു പോകെ ഞാനവളോട് ചോദിച്ചു…
“ഒന്ന് ഇറങ്ങിയിട്ട് പോയാലോ…??
തലയാട്ടി സമ്മതം അറിയിച്ചപ്പോ അടുത്ത് കണ്ട പാർക്കിങ്ങിലേക്ക് കാർ ഒതുക്കി നിർത്തി ഞങ്ങൾ ഇറങ്ങി…. അവൾക്കിഷ്ടപ്പെട്ട ചോക്കോബാറും വാങ്ങി പാർക്കിൽ തയ്യാറാക്കിയ കോണ്ഗ്രീറ്റ് സീറ്റിൽ ഞങ്ങളിരുന്നു….. തിരകൾ നോക്കിയിരുന്ന അമ്മുവിനോട് ഞാൻ വീണ്ടും ചോദിച്ചു…
“മോളെ അമ്മക്കും എന്തെല്ലാമോ സംശയമുണ്ട്…. എന്നോട് മോൾക്ക് പറയാൻ പറ്റാത്തതായി ഒന്നുമില്ല എന്നായിരുന്നു എന്റെ വിശ്വാസം… നിനക്ക് നല്ലത് വരുത്തണെ എന്ന് പ്രാർത്ഥിച്ചല്ലാതെ ഞാനൊന്നും ഇതുവരെ ചെയ്തിട്ടില്ല… ”
“അങ്ങനെ ആരെങ്കിലും പറഞ്ഞ… ആരെങ്കിലും പറയോ…. അച്ഛന്റെ മുഖം ഓർക്കുമ്പോ അതിന് മുന്നേ തെളിയുന്ന മുഖമാ ഇത്…. എന്തിനാ ചേട്ടനിങ്ങനെ വിഷമിക്കുന്നത്…. എനിക്കൊരു കുഴപ്പവുമില്ല….”