“നിനക്കിത് എന്ത് പറ്റി…..??
രാവിലെ ഓഫീസിലേക്ക് ഇറങ്ങാൻ നേരം എന്റെ മുഖഭാവം കണ്ടാകും അമ്മ അങ്ങനെ ചോദിച്ചത്…
“ചെറിയ തലവേദന…”
“വയ്യങ്കിൽ ഇന്ന് പോണോ…??
“അത് മാറും ഗുളിക കഴിച്ചിട്ടുണ്ട്…”
പിന്നെയൊന്നും പറയാതെ അമ്മ മുറ്റത്തേക്കിറങ്ങി പോകുന്നത് ഞാൻ നോക്കി നിന്നു….
“ഏട്ടാ പോകുമ്പോ മോളെ കൂടി കൂട്ടണെ…”
“അവളെ നേരത്തെ ബസ്സിൽ വിട്ടൂടെ സീതേ…??
“എണീക്കണ്ടേ… ഇന്നൊരു ദിവസമല്ലേ…”
“വേഗം വരാൻ പറയ്…”
സ്കൂളിലേക്കുള്ള യാത്രയിൽ മകൾ എന്തൊക്കെയോ എന്നോട് ചോദിച്ചു കൊണ്ടിരുന്നു യന്ത്രം കണക്കെ അതിനെല്ലാം മറുപടി നൽകി ഞാൻ വണ്ടി ഓടിച്ചു….. എന്റെ മനസ്സിലേക്ക് അമ്മുവിന്റെ നിഷ്‌കളങ്കമായ മുഖം തെളിഞ്ഞു… നവീനിന്റെ കല്യാണ കാര്യം വന്ന അന്ന് തന്നെ ഞാൻ അമ്മുവിനോട് പറഞ്ഞതാണ് നിനക്ക് പൂർണ്ണ സമ്മതമാണെങ്കിൽ മാത്രമേ ഞാനിത് നടത്തൂ… അല്ലാതെ എന്റെ ഇഷ്ടത്തിന് മോള് തല നീട്ടി കൊടുക്കരുത്….
“എന്റെ ഏട്ടൻ എനിക്ക് നല്ലത് വരുന്നതെ ചെയ്യൂ എന്ന് എല്ലാവരെക്കാൾ കൂടുതൽ എനിക്കറിയാം… എനിക്കൊരു ഡിമാൻഡ് മാത്രമേ ഉള്ളു… കല്യാണം കഴിഞ്ഞാലും പഠിക്കണം അതും ഏട്ടന്റെ കൂടെ ഈ വീട്ടിൽ നിന്ന്… വല്ല ലീവോ അല്ലങ്കിൽ മാസത്തിലോ അങ്ങോട്ട് പോകാം…”
എനിക്കന്ന് കിട്ടിയ മറുപടി അതായിരുന്നു… അമ്മുവിനെ കണ്ട് ഇഷ്ട്ടപ്പെട്ട നവീനും കുടുംബവും ഈ ഡിമാൻഡ് ഒന്നും ആലോചിക്കാതെ അംഗീകരിച്ചു… കല്യാണം കഴിഞ്ഞ ആദ്യ നാളുകളിലൊന്നും തോന്നാത്ത സംശയം പിന്നെയാണ് എന്നിൽ ഉടലെടുത്തത്… ആ മുഖത്തെ ചിരി മാഞ്ഞു .. എന്നെ കാണുമ്പോ വട്ട മുഖത്ത് കൃത്രിമ ചിരി വരുത്താൻ ശ്രമിക്കുന്നതും എനിക്ക് സഹിക്കാനായില്ല… അവൾക്കെന്നോട് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നാണ് ഞാൻ കരുതിയത് അല്ല അങ്ങനെ തന്നെ ആയിരുന്നു… പക്ഷേ പറയാൻ പറ്റാത്ത കാര്യങ്ങൾ കൂടി ഉണ്ടെന്ന് ഇപ്പൊ മനസ്സിലായി.. എന്തായാലും അമ്മു സീതയോട് പറയാതിരിക്കില്ല… സീത വിളിക്കുന്നതും കാത്ത് ഞാനിരുന്നു…..
“നീ വിളിച്ചില്ലെ അമ്മുവിനെ…??
വൈകീട്ട് വീട്ടിൽ ചെന്ന് കയറിയ പാടെ ഞാൻ സീതയോട് ചോദിച്ചു…
“വിളിച്ചു…”
“എന്നിട്ടെന്തേ എന്നോട് പറയാഞ്ഞത്… ഞാൻ നീ വിളിക്കുന്നതും നോക്കി കാത്തിരുന്നു…”