: ഞാൻ വിളിച്ചു നോക്കട്ടെ
കൃഷ്ണൻ വീട്ടിലുണ്ടെന്നറിഞ്ഞ് രേണു ആദിയേയും കൂട്ടി വീട്ടിലേക്ക് നടന്നു. കൃഷ്ണൻ ചായയിടുന്ന തിരക്കിലാണ്. ഈ സമയം ആദി ഹാളിൽ ടിവിയുടെ അടുത്തിരുന്ന് എന്തോ പണിത്തരത്തിലാണ്. വൈകാതെ അവനും അടുക്കളയിലേക്ക് ചെന്നു. രേണു കൃഷ്ണനെ പിടിച്ചിരുത്തി അവൾ അടുക്കളഭരണം ഏറ്റെടുത്തു. തെറ്റും ശരിയുമൊക്കെ ആരുടെ ഭാഗത്തും ആയിക്കോട്ടെ. എന്തൊക്കെ പറഞ്ഞാലും അച്ഛൻ അച്ഛനല്ലാതാവില്ലല്ലോ. കൃഷ്ണന് കഴിക്കാനുള്ള ഭക്ഷണവും ആക്കിവച്ചിട്ടാണ് രേണുവും ആദിയും അവിടെനിന്നും മടങ്ങിയത്. രേണു അവിടെ താമസിക്കാമെന്ന് പറഞ്ഞെങ്കിലും കൃഷ്ണൻ വേണ്ടെന്നു പറഞ്ഞു.
രാത്രി ആദി ഇന്ദുവുമായി സംസാരിച്ചപ്പോൾ ഇന്ദുവിന് ഒരേ നിർബന്ധം രേണുവിനെ ഒന്നുകിൽ ഹോസ്റ്റലിൽ ആക്കുക അല്ലെങ്കിൽ ഇന്ദുവിന്റെ വീട്ടിൽ ആക്കുക. അമ്മയുടെ വീട്ടിൽ പോകുന്നതിനേക്കാൾ നല്ലത് ഹോസ്റ്റൽ ആണെന്ന് പറഞ്ഞ രേണു അടുത്ത ദിവസം തന്നെ ഹോസ്റ്റലിലേക്ക് മാറാൻ തീരുമാനിച്ചു. പിറ്റേ ദിവസം ആദിയും ആരതിയും രേണുവിനെ ഹോസ്റ്റലിൽ കൊണ്ടുചെന്നാക്കി. വീട്ടിലുള്ള സൗകര്യങ്ങളൊന്നും ഇല്ലെങ്കിലും രേണു ഹാപ്പിയാണ്. തന്റെ കൂട്ടുകാരികളോടൊത്തുള്ള ജീവിതം അവൾക്കിഷ്ടമാണ്.
അവധി ദിവസങ്ങൾക്ക് മുന്നോടിയായി കൂട്ടുകാരൊക്കെ വീടുകളിലേക്ക് യാത്രയാവുമ്പോൾ രേണു മാത്രം ഹോസ്റ്റലിൽ തന്നെ ഒതുങ്ങിക്കൂടി. അടുപ്പിച്ച് രണ്ടുദിവസം അവധി കിട്ടിയ അവസരത്തിൽ ആദി രേണുവിനെ ഒരുപാട് നിർബന്ധിച്ചു തന്റെ വീട്ടിലേക്ക് വരാൻ.. ഇന്ദുവിന് ഇഷ്ടമാവില്ലെന്നുകരുതി അവൾ ആദിയുടെ വീട്ടിലേക്ക് വരാൻ വിസമ്മതിച്ചു.
: നീയെന്തിനാ രേണു ഒറ്റയ്ക്ക് അവിടെ നിൽക്കുന്നേ.. കാന്റീനിലെ പരിപ്പും ചോറും അത്രയ്ക്ക് പിടിച്ചോ നിനക്ക്
: അതല്ല ഏട്ടാ.. അമ്മയെങ്ങാൻ അറിഞ്ഞാൽ പിന്നെ അതുമതി.. എന്റെ വാക്കിന് ആർക്കും വിലയില്ലെന്ന് പറഞ്ഞു തുടങ്ങും ഓരോ സങ്കടങ്ങൾ പറയാൻ
: ശരി വരണ്ട… എന്നാലും എങ്ങനാടി അവിടെ ഒറ്റയ്ക്ക്..
: ഏട്ടൻ പുറത്തുപോയാൽ ഒറ്റയ്ക്കല്ലേ താമസം.. എന്തിന് അധികം അമ്മയിപ്പോ ഒറ്റയ്ക്കല്ലേ അവിടെ… പേടിക്കേണ്ടെടോ അടുത്ത റൂമിലൊക്കെ ആളുണ്ട്
: നിന്നോട് തർക്കിക്കാൻ ഞാനില്ല..
: ഞാനൊരു കാര്യം പറഞ്ഞാൽ സാധിച്ചുതരുമോ..
: നീ പറയെടി മുത്തേ…
: നമുക്ക് നാളെ ഒരു ട്രിപ്പ് പോയാലോ…2 ദിവസം അടിച്ചുപൊളിക്കാം