ഉച്ചതിരിഞ്ഞ് എല്ലാവരും ചേർന്ന് യാത്ര പുറപ്പെട്ടു. മൂന്നു വണ്ടികളിലായി പോയവർ കാടും മലയും താണ്ടി ഫാമിന് മുന്നിലെത്തി. സിജുവിന്റെ സുഹൃത്ത് വേണ്ട സഹായങ്ങളൊക്കെ ചെയ്തുതന്നശേഷം തിരിച്ചുപോയി. ഫാമെന്ന് പറഞ്ഞാൽ ചെറുതൊന്നുമല്ല. ഒരു ഗോൾഫ് മൈതാനത്തേക്കാൾ വലതുതാണ്. വിശാലമായ താഴ്വരയും മൊട്ടക്കുന്നും കയറിച്ചെന്നാൽ കാടാണ്. അതിരിനോട്‌ചേർന്ന് കമ്പിവേലി കെട്ടിത്തിരിച്ചിരിക്കുന്നതിനാൽ മൃഗങ്ങൾ അകത്തേക്ക് വരുമെന്ന് പേടിക്കണ്ട. മൊട്ടകുന്നിന് മുകളിലായി അവിടവിടെ മൂന്ന് ടെന്റുകൾ. ഭക്ഷണം പാകംചെയ്യാനും ഇറച്ചി വൃത്തിയാക്കാനുമെല്ലാമുള്ള ഇടം വേറെയുണ്ട്. തീയൊരുക്കാനും ഗ്രിൽ ചെയ്യാനുമുള്ള സൗകര്യങ്ങളോടുകൂടിയ പ്രത്യേക സ്ഥലവുമുണ്ട്. കുടുംബവുമൊത്ത് അവധിദിനങ്ങൾ ആഘോഷിക്കാൻ വേണ്ടി സിജുവിന്റെ സുഹൃത്തിന്റെ പൂർവികർ ഉണ്ടാക്കിയെടുത്തതാണ് ഈ കാണുന്നതൊക്കെ. എല്ലാം സ്വിസ്സ് ടെന്റുകളാണ്. രണ്ടുപേർക്ക് കിടക്കാവുന്ന ബെഡും ചെറിയൊരു ബാത്റൂമും അടങ്ങിയതാണ് അവയൊക്കെ. ഫാമിലിയായി താമസിക്കാനുള്ള വീടുണ്ടെങ്കിലും അത് കാലപ്പഴക്കം ചെന്നതാണ്.
വൈകുന്നേരത്തോടുകൂടി എല്ലാവരും നായാട്ടിനിറങ്ങി. സിജുവിന്റെ നിർദേശങ്ങൾ അപ്പാടെ അനുസരിച്ചുകൊണ്ട് അവന്റെ പുറകെ ഓരോരുത്തരായി മലകയറി കാട്ടിലേക്ക് പ്രവേശിച്ചു. ഇന്ദുവിന് പുതിയൊരു അനുഭവമാണിത്. അതിന്റെ ആവേശത്താൽ അവൾ ഒട്ടും ക്ഷീണിച്ചില്ല. തക്കംപാർത്തിരുന്ന് പുൽനാമ്പുകളെ വകഞ്ഞുമാറ്റി സിജു ഉന്നം വച്ചത് മാനിനെയാണ്. ദൂരെ വെടികൊണ്ട് നിലത്തുവീണ മാനിനെ എടുക്കാനായി അവർ കുതിച്ചു. എല്ലാവരുംചേർന്ന് കിട്ടിയ മാനിനെ വലിച്ചുകൊണ്ടുവന്ന് അടുത്ത പരിപാടികളിലേക്ക് കടന്നു. ഫാമിലുള്ള തൊഴിലാളികളിൽ ഒരാൾ മാനിനെ കശാപ്പുചെയ്തത് ഇറച്ചിപരുവമാക്കികൊടുത്തു. തങ്ങൾക്ക് ആവശ്യമുള്ള ഇറച്ചി മാറ്റിവച്ച് ബാക്കിയെല്ലാം അവിടുള്ള പണിക്കാർക്ക് കൊടുത്തിവിട്ട ശേഷം സിജുതന്നെ മസാല തേച്ചുപിടിപ്പിച്ച ഇറച്ചി കനലിൽ വേകവച്ചു. ഇന്ദു ഇതെല്ലം അത്ഭുതത്തോടെ നോക്കികാണുകയാണ്. എരിയുന്ന കനലിന് മുകളിൽ മാനിറച്ചി വേവുന്നതും നോക്കി എല്ലാവരും ചുറ്റുമിരുന്നു. പാട്ടും കൂത്തുമായി നിലാവെളിച്ചത്തിൽ അവർ തിമർത്താടി. മദ്യം ആവശ്യമുള്ളവർക്കായി അതും കരുതിയിരുന്നു. അത് വേണ്ടാത്തവർക്കായി വൈനും ബീറുമുണ്ട്. കനലിൽ വേവിച്ചെടുത്ത മാനിറച്ചിയും അൽപ്പം വൈനും രുചിച്ച ഇന്ദു ആദിയെനോക്കി പുഞ്ചിരിച്ചു. ജീവിതത്തിൽ ഇതുപോലെ സന്തോഷിച്ചിട്ടില്ലെന്ന് തോന്നും ഇന്ദുവിന്റെ ആ പുഞ്ചിരി കണ്ടാൽ.
ഉറക്കം കണ്ണുകളെ അപഹരിക്കാൻ തുടങ്ങിയതോടെ എല്ലാവരും ടെന്റ് ലക്ഷ്യമാക്കി നടന്നു. കുന്നിന്റെ മുകളിൽ ഒറ്റപെട്ടു നിൽക്കുന്ന ടെന്റിലേക്കാണ് ആദി ഇന്ദുവിനെയും കൂട്ടി നടന്നത്. ആദിയുടെ പുറകിലായി നടന്നുകയറുന്ന ഇന്ദു ഒരുവേള ആദിയുടെ കൈയ്യിൽ കടന്നുപിടിച്ചു. അവന്റെ കയ്യിൽ തൂങ്ങി ടെന്റുവരെ നടന്നെത്തിയ ഇന്ദു മലമുകളിൽ നിന്നും ചന്ദ്രപ്രഭയെ നോക്കി കൈകൾ വാനിലേക്കുയർത്തി കൂവിവിളിച്ചു.