: പൊട്ടൻ… എടാ അവൾക്ക് നിന്നോട് എന്തോ ഉള്ളതുപോലെ ഒരു തോന്നൽ. നിന്നെ കണ്ടപ്പോ പെണ്ണിന്റെ മുഖമൊന്ന് കാണണം. ഒളിഞ്ഞും തെളിഞ്ഞും നിന്നെത്തന്നെ നോക്കുന്നുണ്ട്. സത്യം പറ മോനേ, ഇതല്ലേ നീ മുന്നേ പറഞ്ഞ നിന്റെ മനസിലെ പെണ്ണ്
: തേങ്ങ… ഒന്ന് പോയെ
: നീ പറയണ്ട, ഞാൻ കണ്ടുപിടിച്ചോളാം
: ആയിക്കോട്ടെ.. എന്റെ മനസിലെ ദേവിയെ കണ്ടാൽ മതിയല്ലോ, നോക്കിയിരുന്നുപോവും, ധാ ഇതുപോലെ
: അത്രയ്ക്ക് പറക്കുന്ന അവളെയൊന്ന് കാണണമല്ലോ..
: സമയം വരട്ടെ ഞാൻ കാണിച്ചുതരാം
…………………………..
ആദിയും ഇന്ദുവും പുതിയൊരു ജീവിതം ആസ്വദിച്ചങ്ങനെ കഴിയുമ്പോൾ നാട്ടിൽ കൃഷ്ണൻ ആയിഷയുടെ കാര്യങ്ങളിൽ മുഴുകി. ആയിഷ കൂടെക്കൂടെ കൃഷ്ണന്റെ വീട്ടിലേക്ക് വന്നുതുടങ്ങി. അവിടേക്ക് വരുന്നത് കാണാൻ അയൽവക്കമൊന്നും ഇല്ലെങ്കിലും എല്ലാം കാണുന്ന രണ്ടു കണ്ണുകൾ അവിടെയൊളിഞ്ഞിരിക്കുന്നത് കൃഷ്‌ണൻ അറിഞ്ഞില്ല. ആയിഷയുമായി കൃഷ്ണൻ അപ്രതീക്ഷിതമായൊരു നീക്കം നടത്തി. മറ്റാരും അറിയാതെ കൃഷ്‍ണന്റെ സ്വത്തിന്റെ ഭൂരിഭാഗവും രേണുവിന്റെ പേരിലേക്ക് അയാൾ മാറ്റിയെഴുതി. അതിന്റെ രേഖകൾ രേണുവിനെ ഏല്പിച്ച കൃഷ്ണൻ തന്റെ ബാക്കിയുള്ള സ്വത്തുവകകൾ എന്തുചെയ്‌തെന്ന് അവളോട് പറഞ്ഞില്ല. തൽക്കാലം ഈ വിവരം ഇന്ദുവിനെ അറിയിക്കേണ്ടെന്ന് കൃഷ്ണൻ പറഞ്ഞത് രേണു അനുസരിച്ചു. പക്ഷെ അവളുടെ ഹൃദയം കീഴടക്കിയ ആദിയോട് ഈ കാര്യം പറയാതിരിക്കാൻ അവൾക്കായില്ല.
ഓഫീസിലേക്ക് പോയിത്തുടങ്ങിയ ആദിക്കുവേണ്ടി ഇന്ദു രാവിലെയെഴുന്നേറ്റ് ഭക്ഷണമൊക്കെ റെഡിയാക്കി വച്ചിരിക്കും. ആദി ഓഫീസിലേക്ക് പോകുമ്പോൾ ഇന്ദുവിനെ ഷാരോണിന്റെ വീട്ടിൽ ഇറക്കുന്നതാണ് പതിവ്. ഒഴിവുദിവസങ്ങളിൽ രണ്ടുപേരും കറങ്ങാൻ പോകും. ശൈത്യകാലം മാറിത്തുടങ്ങിയതോടെ ഇന്ദുവിനാണ് കറങ്ങാൻ പോകാൻ കൂടുതൽ താല്പര്യം. ഇന്ദുവിന്റെ ഇഷ്ടങ്ങൾക്ക് എതിരുനിൽക്കാതെ ആദി അവളുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഘടകമായി മാറി. ഒരർത്ഥത്തിൽ പറഞ്ഞാൽ ആദിയില്ലാതെ ഇന്ദുവിന് ജീവിക്കാൻ പറ്റുമോ എന്നുവരെ തോന്നാം. ഇത്രയും നല്ല സാഹചര്യമുണ്ടായിട്ടും ആദി ഒരിക്കൽപോലും അവളോട് മോശമായി പെരുമാറിയില്ല. അവൻ ഇന്ദുവിന്റെ അഴക് നോക്കി നിന്നുപോകാറുണ്ടെങ്കിലും തെറ്റായ ചിന്തയുമായി ഒരിക്കലും അവൾക്കുമുന്നിലേക്ക് വന്നില്ല. അങ്ങനെ ഒരു കണ്ണുകൊണ്ട് നോക്കിയാൽ ഇന്ദു ചിലപ്പോൾ തകർന്നുപോകും. ചിലപ്പോൾ ഇപ്പോകിട്ടുന്ന സ്നേഹവും സ്വാതന്ത്ര്യവും എന്നെന്നേക്കുമായി നഷ്ടപെട്ടാലോ എന്നൊരു തോന്നലും ആദിയുടെ മനസിലുണ്ട്. ഇന്ദുവുമൊത്തുള്ള ജീവിതത്തിൽ എത്രപെട്ടെന്നാണ് ദിവസങ്ങളും മാസങ്ങളും കടന്നുപോകുന്നത്.