ആദി കാസറോൾ ഓരോന്നായി തുറന്നതും ആവിപറക്കുന്ന പുട്ടിന്റെയും കടലക്കറിയുടെയും മണം ഇന്ദുവിന്റെ മൂക്കിലേക്ക് അടിച്ചു കയറി. അവൻ രണ്ടുപേരുടെ പ്ലേറ്റിലും വിളമ്പിയ ശേഷം ഇന്ദുവിനെ നോക്കി. അവൾ അതിശയത്തോടെ ആദിയെത്തന്നെ നോക്കിയിരിപ്പാണ്..
: മതി ഇങ്ങനെ നോക്കിയിരുന്നത്… ചൂടാറുംമുമ്പ് കഴിക്ക് ഇന്ദുപെണ്ണേ
: എന്നാലും എന്റെ ആദീ… നീ ആള് കൊള്ളാലോ. ഞാൻ ഒരുമാസമായി നമ്മുടെ നാടൻ ഭക്ഷണം കണ്ടിട്ട്.. മിക്കവാറും മുട്ടയും ബ്രെഡും തന്നെ. അല്ലെങ്കിൽ ഓട്സ്..
: അതൊക്കെയാണ് ഇവിടുള്ളവർ കഴിക്കുന്നത്.. നമ്മുടെ നടൻ സാധനങ്ങൾക്ക് ഭയങ്കര വിലയുമാണ്. ഇനി അമ്മായി പേടിക്കണ്ട, നമുക്കിവിടെ അടിച്ചുപൊളിച്ചു ജീവിക്കാമെന്നേ
: ഇത്രയും ജോലി ചെയ്യുമ്പോ നിനക്ക് എന്നെ വിളിച്ചൂടായിരുന്നോ. സൂപ്പറായിട്ടുണ്ട്
: ഇത് എന്റെവക ഇന്ദൂട്ടിക്കുള്ള ഗിഫ്റ്റ്… ഇന്ന് ഒരു ദിവസത്തേക്ക് മാത്രമാണ് കേട്ടോ..
: നിനക്ക് വേണ്ടത് എന്താണെന്ന് പറഞ്ഞാൽമതി..ഞാനില്ലേ ഇനി ഇവിടെ
: എന്ന വേഗം കഴിക്ക്.. നമുക്ക് ഒരു സ്ഥലംവരെ പോകാനുണ്ട്.
: ഈ തണുപ്പിന് പുറത്ത് പോണോ..
: ഇങ്ങനൊരു മടിച്ചി… എന്നും ടാക്സിയിൽ പോയാൽമതിയോ, നമുക്കൊരു കാർ വേണ്ടേ
: അതിനൊക്കെ ഒരുപാട് കാശാവില്ലേ
: ആവും.. തൽക്കാലത്തേക്ക് കമ്പനി വണ്ടി തരാമെന്ന് പറഞ്ഞിട്ടുണ്ട്. നമുക്ക് പോയി എടുത്തിട്ട് വരാം, എന്തേ വേണ്ടേ
: എന്ന പോകാം..
കഴിച്ചുകഴിഞ്ഞ് ഇരുവരും ഓഫീസിലെത്തി കാറുമെടുത്ത് ആദിയുടെ ചില കൂട്ടുകാരുടെ വീട്ടിലേക്കാണ് പോയത്. ആദി നാട്ടിൽ പോയി നിൽക്കാൻ തുടങ്ങിയിട്ട് കുറച്ചധികം കാലമായല്ലോ. അതുകൊണ്ടുതന്നെ എല്ലാവരെയും കാണാമെന്ന് വിചാരിച്ചു. അവരെയൊക്കെ കണ്ടുമടങ്ങുംവഴി ഇന്ദു അത്ഭുതത്തോടെ ഓരോന്നും നോക്കികാണുവാണ്. വാതോരാതെ ഓരോന്നിനെക്കുറിച്ചും ചോദിക്കുന്നുണ്ട് ഇന്ദു. അവസാനം ഒരു ചോദ്യത്തിൽ ആദി ഒന്ന് കുഴങ്ങി
: ആദീ… നമ്മൾ ഇപ്പൊ കണ്ട ആ കൊച്ചില്ലേ, വൃന്ദ. അവൾ നാട്ടിൽ എവിടാ
: കണ്ണൂർ തന്നാ, ശരിക്കും എവിടാണെന്ന് എനിക്കറിയില്ല.
: ഉം…എനിക്ക് ഇഷ്ടായി. ഒരു ലുക്കൊക്കെ ഉണ്ട് കാണാൻ. പോരാത്തതിന് നല്ല ജോലിയുമുണ്ട്. നല്ല കുട്ടി
: അമ്മായിക്ക് ആൺമക്കളൊന്നും ഇല്ലല്ലോ, അല്ലെങ്കിൽ നോക്കാമായിരുന്നു അല്ലെ