ആദ്യമൊക്കെ ഇന്ദു കണ്ണടച്ചെങ്കിലും രേണു വളരാൻ തുടങ്ങിയതോടെ ഇന്ദുവിന്റെ സ്വരം അല്പം കടുത്തിരിക്കാം. ഈയിടെയായി ഇരുവർക്കുമിടയിൽ വഴക്കും പിണക്കവും പതിവാണെന്ന് ലളിത ആരതിയോട് പറയുന്നത് ആദിയും കേൾക്കാൻ ഇടയായിട്ടുണ്ട്. ആദിയെ സംബന്ധിച്ചിടത്തോളം ഇന്ദു വെറുമൊരു അമ്മായിയല്ല. അവൻ അതിശയത്തോടെയും, ആദരവോടെയും നോക്കിനിന്നിട്ടുണ്ട് അവളെ പലപ്പോഴും. ആദിയുടെ കുട്ടികാലത്ത് അവന്റെ കുഞ്ഞുമനസിൽ മാലാഖയുടെ പരിവേഷമായിരുന്നു ഇന്ദുവിന്.
അന്നുവരെ അവന്റെ കണ്ണുകളിൽ ഇതുപോലൊരു സൗന്ദര്യം അവൻ കണ്ടിരുന്നില്ല. ആ കുഞ്ഞു പ്രായത്തിൽ കളങ്കമില്ലാത്ത കുഞ്ഞുമനസിൽ അവൻ ഇന്ദുവിനെ സൗന്ദര്യത്തിന്റെ പര്യായമായി പ്രതിഷ്ഠിച്ചിരുന്നു. വളരുംതോറും അമ്മായിയുടെ സൗന്ദര്യവും വളരുന്നതായി പലപ്പോഴും അവന് തോന്നിയെങ്കിലും അരുതാത്ത ഒരു ആഗ്രഹവും അവന്റെ മനസിൽ ഉടലെടുത്തില്ല. ഇന്നും ഇന്ദുവിനെ കാണുമ്പോൾ അവനേതോ സ്വപ്നലോകത്തിലാണെന്ന് തെറ്റിദ്ധരിച്ചിരിക്കും. ഇന്ദുവിനെ മുറിച്ചുവച്ചതുപോലുള്ള രേണുവിനെ പൊൻകിരണങ്ങൾക്കിടയിൽ കണ്ടപ്പോഴും ആദിക്ക് സംഭവിച്ചത് ഇതാണ്.
: രേണു… സത്യത്തിൽ എന്താ അവർക്കിടയിലുള്ള പ്രശ്നം
: എന്താണെന്ന് എനിക്കും കൃത്യമായി അറിയില്ല.. പക്ഷെ അമ്മയുടെ മനസ്സിൽ എന്തൊക്കെയോ കിടന്ന് തിളയ്ക്കുന്നുണ്ട്. പാവം ഇതുവരെ ആരോടും അച്ഛനെക്കുറിച്ച് മോശം പറഞ്ഞിട്ടില്ല. എല്ലാം ഉള്ളിലൊതുക്കി ജീവിക്കുകയാണ്
: വെള്ളമടി പണ്ടേ ഉണ്ടായിരുന്നു മാമന്…. പക്ഷെ ഈയടുത്തായി ഇത്തിരി കൂടുതലാണ്.. ഇനി വല്ല പെണ്ണ് കേസും ആയിരിക്കുമോ
: ഏട്ടനെന്താ പറഞ്ഞത്…
: നിനക്ക് ദേഷ്യം വന്നോ.. ഞാൻ ഒരു സംശയം പറഞ്ഞതാടോ
: ദേഷ്യമല്ല.. എനിക്കും ഉണ്ടായിരുന്നു ഇതേ സംശയം.. ഈയിടെ രണ്ടുപേരും വഴക്ക് കൂടുമ്പോ അമ്മയുടെ വായിൽ നിന്നും അറിയാതെ ഒരു ആയിഷയുടെ പേര് പുറത്തുവന്നു.. ഞാൻ കുറേ കുത്തിനോക്കി.. പക്ഷെ ഒന്നും വിട്ടു പറഞ്ഞില്ല
: ആയിഷ… ഇത് തന്നെയാ ഞാനും കേട്ടത്…. എന്തായാലും ഞാനൊന്ന് അന്വേഷിക്കട്ടെ.. നമുക്ക് നോക്കാം
: വന്നുവന്ന് അമ്മയ്ക്കിപ്പോ ആരെയും ഇഷ്ടമല്ലാതെയായി.. ഈ കുടുംബത്തിലേക്കാണല്ലോ കയറി വന്നതെന്നൊക്കെ പറയുന്നുണ്ടായിരുന്നു..അമ്മതന്നെ കണ്ടെത്തിയ ചെറുക്കനായതുകൊണ്ട് തിരിച്ച് വീട്ടിലേക്ക് ചെന്നാലും വലിയ സ്വീകരണമൊന്നും ഉണ്ടാവില്ലെന്ന് പറയുന്നുണ്ടായിരുന്നു..
: നീ കാടുകയറി ചിന്തിക്കല്ലേ പെണ്ണേ.. അതിനുള്ളിൽ രണ്ടാളും വീടുവിട്ട് ഇറങ്ങുന്നതൊക്കെ ചിന്തിച്ചു കൂട്ടിയോ.
: ഏട്ടന് ശരിക്കും അറിയാഞ്ഞിട്ടാണ്… ഇച്ചിരി സീരിയസ് ആണ്.